Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുപ്രീംകോടതി നിരോധനത്തെ മറികടന്ന് ജെല്ലിക്കെട്ട് നടത്താൻ ഓർഡിനൻസുമായി തമിഴ്‌നാട് സർക്കാർ; കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ച ഓർഡിനൻസ് രാഷ്ട്രപതിക്കു സമർപ്പിക്കും; കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പുറത്തിറക്കുന്ന ഓർഡിനൻസിന് സാധുതയുണ്ടാവില്ലെന്ന് നിയമവിദഗ്ദരും

സുപ്രീംകോടതി നിരോധനത്തെ മറികടന്ന് ജെല്ലിക്കെട്ട് നടത്താൻ ഓർഡിനൻസുമായി തമിഴ്‌നാട് സർക്കാർ; കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ച ഓർഡിനൻസ് രാഷ്ട്രപതിക്കു സമർപ്പിക്കും; കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പുറത്തിറക്കുന്ന ഓർഡിനൻസിന് സാധുതയുണ്ടാവില്ലെന്ന് നിയമവിദഗ്ദരും

ചെന്നൈ: സുപ്രീംകോടതിയുടെ നിരോധനം മറികടക്കാനായി ജെല്ലിക്കെട്ടിന് നിയമ പ്രാബല്യം നൽകാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ട് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംരക്ഷിക്കണമെന്നും നിഷ്‌കർഷിക്കുന്ന ഓർഡിനൻസിന് കേന്ദ്രനിയമ മന്ത്രാലയം അംഗീകാരം നൽകി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കേന്ദ്ര സർക്കാർ ഓർഡിനൻസ് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിക്കും.

ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ജെല്ലിക്കെട്ടിന് നിയമ പ്രാബല്യം നൽകാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി തമിഴ്‌നാട് സർക്കാർ കൈമാറിയ ഓർഡിനൻസിനാണ് കേന്ദ്ര നിയമമന്ത്രാലയം അംഗീകാരം നൽകിയത്. കേന്ദ്ര സാംസ്‌കാരിക, പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ഓർഡിനൻസിന് ലഭിച്ചു.

ഓർഡിനൻസ് ഇനി കേന്ദ്രമന്ത്രിസഭയുടെ അംഗീകാരത്തിനായി കൈമാറും. തുടർന്ന് അംഗീകാരത്തിനായി രാഷ്ട്രപതിക്ക് അയയ്ക്കും. പരമ്പരാഗത കായിക ഇനമാണ് ജെല്ലിക്കെട്ട് എന്നാണ് തമിഴ്‌നാട് സർക്കാരിന്റെ വാദം. ഈ വാദമാണ് കേന്ദ്ര സർക്കാരും അംഗീകരിച്ചിരിക്കുന്നത്. രാഷ്ട്രപതി ഒപ്പുവയ്ക്കുന്നതോടെ ഓർഡിനൻസ് നിയമമായി മാറും.

ചില ഭേദഗതികളോടെയാണ് നിമയവകുപ്പ് ഓർഡിനൻസിന് അംഗീകാരം നൽകിയത്. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വ്യവസ്ഥകൾ ഓർഡിനൻസിൽ നിലനിർത്തിയിട്ടുണ്ട്. രാഷ്ട്രപതിയുടെ അംഗീകാരം ഓർഡിനൻസിനു ലഭിച്ചശേഷം നിയമവിധേയമായി ജെല്ലിക്കെട്ട് നടത്താനാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം.

അതേസമയം, തമിഴ്‌നാടിന്റെ നിയമ നിർമ്മാണം നിലനിൽക്കുന്നതല്ലെന്നാണ് നിയമ വിദഗ്ധരുടെ നിലപാട്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൊണ്ടുവരുന്ന ഓർഡിനൻസ് നിയമപരമായി നിലനിൽക്കില്ല. തമിഴ്‌നാട്ടിൽ തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുകയാണ് വേണ്ടത്. ജെല്ലിക്കെട്ട് നിർത്തിയതുകൊണ്ട് സ്വർഗ്ഗം ഇടിഞ്ഞുവീഴില്ലെന്നും മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി പ്രതികരിച്ചു.

ഓർഡിനൻസിനെ സുപ്രിംകോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് മൃഗസംരക്ഷണ സംഘടനയായ പെറ്റയുടെ നിലപാട്. കേന്ദ്ര മൃഗസംരക്ഷണ ബോർഡും ഓർഡിനൻസിനെതിരെ നിലപാടെടുക്കും. ഓർഡിനൻസിന്റെ ഭരണഘടനാപരമായ നിലനിൽപ്പിന് അനുസരിച്ചാവും ജെല്ലിക്കെട്ടിന്റെയും നിയമ സാധുത.

ജെല്ലിക്കെട്ടിന് അനുമതി നൽകാനാവില്ലെന്ന സുപ്രീം കോടതിയുടെ വിധിയെത്തുടർന്ന് വൻ പ്രതിഷേധമാണ് തമിഴ്‌നാട്ടിൽ നടക്കുന്നത്. സുപ്രീം കോടതി വിധിക്കെതിരെ ഒരു സംസ്ഥാനമൊന്നടങ്കം പ്രക്ഷോഭനത്തിനിറങ്ങുന്നത് ഇന്ത്യയിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ, ക്ലാസ്സുകൾ ബഹിഷ്‌കരിച്ച് വിദ്യാർത്ഥികളും ജോലി സ്ഥലങ്ങളിൽനിന്ന് യുവതീ യുവാക്കളും തെരുവിലേക്കിറങ്ങുന്നത് ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുകയാണ്. കാമ്പസ്സുകളിലെ അരാഷ്ട്രീയ പ്രവണതകളും ജനങ്ങളെ നിയന്ത്രിക്കാൻ ശേഷിയുള്ള നേതാക്കളുടെ അപര്യാപ്തതയുമാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് വിലയിരുത്തപ്പെടുന്നു.

നാലുവർഷം മുൻപു യുപിഎ സർക്കാരാണ് ജെല്ലിക്കെട്ട് നിരോധിച്ചത്. അന്ന് ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയും കോടതിയുടെ മാർഗനിർദ്ദേശ പ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെ ജെല്ലിക്കെട്ട് നടത്തുകയുമായിരുന്നു. പിന്നീട് 2014ൽ പെറ്റയുടെ ഹർജി പരിഗണിച്ച സുപ്രീം കോടതി സ്ഥിരമായി നിരോധനം ഏർപ്പെടുത്തുകയായിരുന്നു.

ജെല്ലി, കെട്ട് എന്നീ വാക്കുകളിൽനിന്നുള്ള പേര്. കാളയുടെ കൊമ്പിൽ കെട്ടിവച്ച സവ്രണം വെള്ളി നാണയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. തമിഴ് ക്ലാസിക്കുകളിൽ യോദ്ധാക്കളുടെ കായികവിനോദം ആണിത്. ബിസി 400-100 മുതൽ പ്രചാരത്തിൽ. പൊങ്കലിനോടനുബന്ധിച്ചു കൊണ്ടാടുന്നു. ചെറിയ ഇടവഴിയിലൂടെ മൈതാനത്തേക്കു കുതിച്ചെത്തുന്ന കാളയെ മുതുകിൽ പിടിച്ചു കീഴ്‌പ്പെടുത്തുകയോ ഫിനിഷിങ് ലൈൻ കടക്കുന്നതുവരെ കാളയുടെ മുതുകിൽപിടിച്ചു തൂങ്ങി നിൽക്കുകയോ ചെയ്യുന്നവർ ജേതാക്കൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP