Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉപമുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അടക്കമുള്ളവർ രാത്രി മുഴുവൻ സ്റ്റാലിനൊപ്പം വസതിയിൽ; ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ വീടിന് ചുറ്റു തടിച്ചു കൂടി നിൽക്കുന്നു; കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ചു എങ്ങും അഭ്യൂഹങ്ങൾ; 49 കൊല്ലം ഡിഎംകെയെ നയിച്ച തമിഴ്‌നാട്ടിലെ ഏറ്റവും ജനകീയനായ നേതാവിന് വിട പറയാൻ ഒരുങ്ങി തമിഴ് മക്കൾ

ഉപമുഖ്യമന്ത്രിയും പാർട്ടി നേതാക്കളും അടക്കമുള്ളവർ രാത്രി മുഴുവൻ സ്റ്റാലിനൊപ്പം വസതിയിൽ; ആയിരക്കണക്കിന് പാർട്ടി പ്രവർത്തകർ വീടിന് ചുറ്റു തടിച്ചു കൂടി നിൽക്കുന്നു; കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ചു എങ്ങും അഭ്യൂഹങ്ങൾ; 49 കൊല്ലം ഡിഎംകെയെ നയിച്ച തമിഴ്‌നാട്ടിലെ ഏറ്റവും ജനകീയനായ നേതാവിന് വിട പറയാൻ ഒരുങ്ങി തമിഴ് മക്കൾ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ചെന്നൈയിലെ ഗോപാലപുരത്തെ വസതിയിൽ ഡോക്ടർമാരുടെ പ്രത്യേക സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. അതീവ ഗുരുതവസ്ഥയിലായ നേതാവിന്റെ വീട് സന്ദർശിക്കാൻ രാഷ്ട്രീയം മറന്ന് നേതാക്കൾ വീട്ടിലേക്ക് ഒഴുകി എത്തുകയാണ്. കാവേരി ആശുപത്രിയിലെ ഡോക്ടർമാരുടെ ഒരു സംഘം തന്നെ ചികിത്സയ്ക്കായി ഇവിടെയുണ്ട്.

ഇന്നലെ രാത്രി വൈകി അദ്ദേഹത്തെ തേടി സന്ദർശന പ്രവാഹമായിരുന്നു. രാത്രി പത്തു മണിയോടെ ഉപമുഖ്യമന്ത്രി ഒ.പനീർ ശെൽവത്തിന്റെ നേതൃത്വത്തിൽ മന്ത്രിമാരുടെ സംഘം കരുണാനിധിയുടെ വസതി സന്ദർശിച്ച് മകനും ഡിഎംകെ നേതാവുമായ എം.കെ.സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യനില മോശമായ വാർത്തയറിഞ്ഞ് വസതിക്ക് മുന്നിലേക്ക് ഡിഎംകെ പ്രവർത്തകർ കൂട്ടമായി എത്തിക്കൊണ്ടിരിക്കുകയാണ്. മക്കൾ നീതി മയ്യം നേതാവ് കമൽഹാസനും വ്യാഴാഴ്ച രാത്രി കരുണാനിധിയെ വീട്ടിൽ കാണാനെത്തി.

അതേ സമയം കരുണാനിധിയുടെ ആരോഗ്യത്തിൽ ആശങ്കയില്ലെന്നും ആരോഗ്യം വീണ്ടെടുക്കുമെന്നും സന്ദർശനത്തിന് ശേഷം ഒ.പനീർശെൽവം വ്യക്തമാക്കി. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് കരുണാനിധിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധയെ തുടർന്ന് പനിയുണ്ട്. ഇതിനുള്ള ചികിത്സയിലാണ് അദ്ദേഹമെന്നും കാവേരി ആശുപത്രിയുടെ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിരുന്നു.

ഡി.എം.കെ.യുടെ അമരത്ത് വെള്ളിയാഴ്ച കരുണാനിധി 49 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നത്. കരുണാനിധി പാർട്ടി തലവനായുള്ള അൻപതാം വാർഷികം 27ന് ആഘോഷിക്കാനിരിക്കെയാണു ഡിഎംകെ അണികളെ ആശങ്കയിലാക്കി വാർത്ത പുറത്തെത്തുന്നത്. ഡിഎംകെ എംഎൽഎമാരോടും നിർവാഹകസമിതി അംഗങ്ങളോടും അടിയന്തരമായി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.

'വാർധക്യസഹജമായ ചില ബുദ്ധിമുട്ടുകളിൽ കരുണാനിധിയുടെ ആരോഗ്യത്തിൽ നേരിയ പ്രശ്‌നങ്ങളുണ്ട്. മൂത്രാശയത്തിലെ അണുബാധ കാരണമുണ്ടായ പനിക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. നഴ്‌സുമാരുടെയും മെഡിക്കൽ വിദഗ്ധരുടെയും ഒരു സംഘം കരുണാനിധിയുടെ ഗോപാലപുരത്തെ വീട്ടിൽ ആശുപത്രിക്കു സമാനമായ ചികിത്സാസൗകര്യങ്ങൾ നൽകി വരുന്നു' കാവേരി ഹോസ്പിറ്റൽ എക്‌സിക്യൂട്ടിവ് ഡയറക്ടർ ഡോ.അരവിന്ദൻ സെൽവരാജ് അറിയിപ്പിൽ വ്യക്തമാക്കി. കരുണാനിധിയെ കാണുന്നതിന് സന്ദർശകർക്കും വിലക്ക് ഏർപ്പെടുത്തി.

കരുണാനിധിയുടെ വീടിനു മുന്നിൽ വൻസുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ പേർ ഇവിടേക്ക് എത്തുന്നുണ്ട്. ചെന്നൈ നഗരത്തിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. ഡിഎംകെ സ്ഥാപക നേതാവ് സി.എൻ.അണ്ണാദുരൈയുടെ മരണത്തെത്തുടർന്ന് 1969 ജൂലൈ 27നാണ് കരുണാനിധി പാർട്ടി തലപ്പത്തെത്തുന്നത്. ഇതിന്റെ അൻപതാം വാർഷികം ആഘോഷിക്കുന്നതിന് അണികളോട് കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിനും ആഹ്വാനം ചെയ്തിരുന്നു. പിതാവിന്റെ മോശം ആരോഗ്യനില മുൻനിർത്തി സ്റ്റാലിൻ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിരിക്കുകയാണ്.

പാർട്ടി നേതൃത്വത്തിലേക്ക് വി.ആർ. നെടുഞ്ചെഴിയനും കരുണാനിധിക്കും ഇടയിൽ വടംവലിയുണ്ടായതോടെ കരുണാനിധി പ്രസിഡന്റും നെടുഞ്ചെഴിയൻ ജനറൽ സെക്രട്ടറിയുമാവുകയായിരുന്നു. പിന്നീട് നെടുഞ്ചെഴിയൻ സ്വന്തം പാർട്ടിയുണ്ടാക്കുകയും എം.ജി.ആറിനൊപ്പം ചേരുകയും ചെയ്തതതടക്കം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഏറെ മാറ്റങ്ങളുണ്ടായെങ്കിലും ഡി.എം.കെ.യുടെ കടിഞ്ഞാൺ കരുണാനിധിയുടെ കൈകളിൽനിന്ന് മാറിയില്ല.

ആരോഗ്യപ്രശ്‌നങ്ങൾമൂലം പാർട്ടിയുടെ നിയന്ത്രണം മകനും തമിഴ്‌നാട് പ്രതിപക്ഷനേതാവുമായ സ്റ്റാലിനെ ഏൽപ്പിച്ച് വീട്ടിൽ വിശ്രമിക്കുകയാണെങ്കിലും സാങ്കേതികമായി കരുണാനിധി തന്നെയാണ് ഇപ്പോഴും ഡി.എം.കെ.യുടെ അധ്യക്ഷൻ. ഒന്നരവർഷമായി പൊതുരംഗത്തുനിന്ന് വിട്ടുനിൽക്കുന്ന കരുണാനിധിയുടെ ആരോഗ്യനിലയെക്കുറിച്ച് ഏറെ അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സമയത്താണ് പാർട്ടി പരമോന്നത പദവിയിൽ അദ്ദേഹം 49 വർഷം പൂർത്തിയാക്കി അരനൂറ്റാണ്ടിലേക്ക് ചുവടുവെക്കുന്നത്.

1971-ലെ തിരഞ്ഞെടുപ്പിലാണ് കരുണാനിധിയുടെ നേതൃത്വത്തിൽ വൻനേട്ടം ഡി.എം.കെ. കരസ്ഥമാക്കിയത്. 184 സീറ്റുകൾ അന്ന് പാർട്ടി നേടി. ഈ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം അധികം വൈകാതെ പാർട്ടി പിളർത്തി എം.ജി.ആർ. എ.ഐ.എ.ഡി.എം.കെ. രൂപവത്കരിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന തിരഞ്ഞെടുപ്പ് വിജയിച്ച് (1977) എം.ജി.ആറിന്റെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ. സർക്കാർ അധികാരത്തിലേറി.

എം.ജി.ആറിന്റെ തേരോട്ടം തുടങ്ങിയതോടെ 12 വർഷം അധികാരമില്ലാതിരുന്ന ഡി.എം.കെ.യെ കരുണാനിധി തകർന്നുപോകാതെ പിടിച്ചുനിർത്തി. 1996 മുതൽ കേന്ദ്രത്തിലും നിർണായക ശക്തിയായിരുന്നെങ്കിലും 2014 ലോക്സഭ തിരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും നേടാനായില്ല. 2016-ൽ ജയലളിത ഭരണത്തുടർച്ച നേടുകയും ചെയ്തു. ഇപ്പോൾ ജയയുടെ മരണം എല്ലാം മാറ്റിമറിച്ചിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെ. ദുർബലമായതോടെ ഡി.എം.കെ.യുടെ നല്ലകാലം തിരിച്ചെത്തുന്നുവെന്ന പ്രതീക്ഷയിലാണ് പാർട്ടി പ്രവർത്തകർ. ഇതിനിടെയാണ് പാർട്ടിയുടെ എല്ലാമെല്ലാമായ നേതാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP