Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പോളോ ആശുപത്രി പരിസരത്ത് സംഘർഷം തുടരുന്നു; സർവ്വ പൊലീസുകാരോടും ഏഴ് മണിക്ക് ഡ്യൂട്ടിയ്‌ക്കെത്താൻ ഡിജിപി; ഗവർണ്ണറും മന്ത്രിമാരും ചെന്നൈയിലെത്തി; തിയേറ്ററുകൾ അടച്ചു പൂട്ടി; നിലവിളിച്ച് തമിഴ്‌നാട്; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജയലളിത അന്തരിച്ചതായും ചില റിപ്പർട്ടുകൾ

അപ്പോളോ ആശുപത്രി പരിസരത്ത് സംഘർഷം തുടരുന്നു; സർവ്വ പൊലീസുകാരോടും ഏഴ് മണിക്ക് ഡ്യൂട്ടിയ്‌ക്കെത്താൻ ഡിജിപി; ഗവർണ്ണറും മന്ത്രിമാരും ചെന്നൈയിലെത്തി; തിയേറ്ററുകൾ അടച്ചു പൂട്ടി; നിലവിളിച്ച് തമിഴ്‌നാട്; ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ജയലളിത അന്തരിച്ചതായും ചില റിപ്പർട്ടുകൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഹൃദയസ്തംഭനത്തെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമം തുടരുന്നു. അതിനിടെ ജയലളിത മരിച്ചതായും ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജയലളിതയുടെ ഹൃദയം പ്രവർത്തിക്കുന്നതെന്നും എല്ലാവരും പ്രാർത്ഥിക്കണമെന്നും അപ്പോളോ ആശുപത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജയലളിത ആശുപത്രിയിലായ ശേഷം അതീവ ഗുരതരമാണ് സ്ഥിതിയെന്ന് അപ്പോളോ ആശുപത്രി സൂചിച്ചിക്കുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെയാണ് ആശങ്ക ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ അണ്ണാ ഡിഎംകെ അണികൾ അപ്പോളോ ആശുപത്രിയിലേക്ക് പ്രാർത്ഥനയുമായി എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി പ്രണബ് മുഖർജി, കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു.

ഹൃദയാഘാതംമൂലം ആരോഗ്യ നില വീണ്ടും ഗുരുതരമായ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാൻ തീവ്രശ്രമം തുടരുന്നുവെന്ന് തന്നെയാണ് അണ്ണാ ഡിഎംകെയും നൽകുന്ന വിവരം. അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ജയയെ പരിശോധിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിൽ എത്തിയിട്ടുണ്ട്. മുൻപ്, ജയയെ പരിശോധിച്ച ലോകപ്രശസ്ത തീവ്രപരിചരണ വിദഗ്ധൻ ഡോ. റിച്ചാർഡ് ബെയ്‌ലിയുമയി ആശുപത്രി അധികൃതർ ബന്ധപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് ഇപ്പോൾ ചികിൽസ നടത്തുന്നതെന്നാണ് വിവരം.

അപ്പോളോ ആശുപത്രിക്ക് പുറത്ത് അണ്ണാ ഡിഎംകെ നേതാക്കളും പ്രവർത്തകരുമടക്കം ആയിരക്കണക്കിനു പേർ കണ്ണീരും പ്രാർത്ഥനയുമായി തടിച്ചു കൂടുകയാണ്. ഇവരെ നിയന്ത്രിക്കാൻ പൊലീസിനും കഴിയുന്നില്ല. ഇതിനൊപ്പം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ ചെന്നൈയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തുണ്ട്.

പൊലീസിന് അതീവ ജാഗ്രതാ നിർദ്ദേശം; കേന്ദ്ര സേനയും എത്തും

ജയയുടെ ആരോഗ്യനില സംബന്ധിച്ച വാർത്തകളെ തമിഴ് ജനത വൈകാരികമായി സമീപിക്കുകയാണ്. അതിനിടെയാണ് സോഷ്യൽ മീഡിയയിൽ പലവിധ പ്രചരണങ്ങൾ. ഈ സാഹചര്യത്തിൽ മോശമായതെന്തെങ്കിലും സംഭവിക്കുന്നപക്ഷം സ്ഥിതിഗതികൾ കൈവിട്ടുപോകുമെന്ന് പൊലീസും വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ കലാപം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. തമിഴ്‌നാട് സർക്കാരിന്റെ ആവശ്യപ്രകാരം ഡൽഹിയിൽ നിന്നും ഹൈദരാബാദിൽ നിന്നുമായി ഒൻപത് കമ്പനി കേന്ദ്രസേനയെ ചെന്നൈയിലേക്ക് അയച്ചിട്ടുണ്ട്.

അപ്പോളോ ആശുപത്രി സ്ഥിതിചെയ്യുന്ന ഗ്രീംസ് റോഡിനടുത്തുള്ള റസ്റ്ററന്റുകളിൽ ഭക്ഷണം കഴിക്കാനെത്തിയവരെയും പൊലീസ് ഒഴിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ യൂണിഫോണിൽ ഡ്യൂട്ടിക്ക് ഹാജരാകാൻ എല്ലാ പൊലീസുകാർക്കും തമിഴ്‌നാട് ഡിജിപി നിർദ്ദേശം നൽകി. അണ്ണാ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും റദ്ദാക്കി. സംസ്ഥാനത്തെ സിനിമാശാലകൾ നാളെ അടച്ചിടാനും സർക്കാർ ആവശ്യപ്പെട്ടതായാണ് വിവരം. അണ്ണാ ഡിഎംകെ എംപിമാരോട് ഡൽഹി യാത്ര ഒഴിവാക്കി സംസ്ഥാനത്ത് തങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളോടും ഔദ്യോഗിക പരിപാടികൾ റദ്ദാക്കി ചെന്നൈയിലെത്താൻ ആവശ്യപ്പെട്ടു. തൂത്തുക്കുടിയിലായിരുന്ന സ്റ്റാലിൻ ചെന്നൈയിലേക്ക് തിരിച്ചു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ഡിഎംകെ നേതാവ് എം.കരുണാനിധിയുടെ വസതിയിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.

ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ജയലളിതയുടെ ആരോഗ്യ നില അതീവ ഗുരതരമെന്ന് അറിഞ്ഞ് ചെന്നൈയിലുള്ള എ.ഡി.എം.കെ. പാർട്ടി ഓഫീസിന് മുന്നിൽ ഒരാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയലളിതയുടെ ആരോഗ്യാവസ്ഥയിൽ മനം നൊന്താണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്ര ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ തമിഴ്‌നാട്ടിലെ കോളേജുകൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മദ്രാസ് ,അണ്ണാ സർവകലാശകൾക്ക് കീഴിലുള്ള കോളേജുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് അവധിയെന്ന് തമിഴ്‌നാട് വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിരിക്കുന്നത്. 

തിയേറ്ററുകൾ അടച്ചിടും... തമിഴ്‌നാട് ഇന്ന് നിശ്ചലമാകും

വികാരഭരിതരായി അപ്പോളോ ആശുപത്രിയിലെത്തുന്ന പ്രവർത്തകരെ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ചെറിയ തോതിലുള്ള സംഘർഷങ്ങളും ചിലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ചെന്നൈയിൽ കടകമ്പോളങ്ങൾ തുറക്കില്ലെന്നാണ് സൂചന. ഹർത്താലിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങും. സ്ഥിതി ഗതികൾ വഷളാകുമെന്ന കരുതി സ്‌കൂളുകൾക്കും കോളേജുകൾക്കും അവധി നൽകി. തിയേറ്ററുകളും അടച്ചിടും. പരീക്ഷകളെല്ലാം മാറ്റി വച്ചു. തമിഴ്‌നാട് ഉടനീളം നിശ്ചലമാകുമെന്നാണ് സൂചന.

സുരക്ഷയെക്കരുതി ആശുപത്രിയിലേക്കുള്ള വഴികൾ എല്ലാം പൊലീസ് അടച്ചു. അടിയന്തിര സാഹചര്യത്തിൽ സുരക്ഷക്കായി 9 കമ്പനി കേന്ദ്രസേന തമിഴ്‌നാട്ടിലേക്കു തിരിച്ചു. സിആർപിഎഫ്, സിഐഎസ്.എഫ്. ഡയറക്ടർമാരും ചൈന്നെയിലേക്കു തിരിച്ചിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളായ കേരളം, കർണാടക, ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.

കാര്യങ്ങൾ വഷളായത് സുഖംപ്രാപിച്ചെന്ന വാർത്താ സമ്മേളനത്തിന് പിന്നാലെ

എ.ഐ.എ.ഡി.എം.കെ. വക്താവ് സി.പൊന്നയ്യൻ, ജയലളിത സുഖം പ്രാപിച്ചുവെന്നും ഉടൻ വീട്ടിലേക്കു മടങ്ങുമെന്നും മാദ്ധ്യമപ്രവർത്തകരെ അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ജയലളിതയുടെ ആരോഗ്യനില വീണ്ടും അവതാളത്തിലായെന്ന വാർത്ത പരന്നെങ്കിലും ആർക്കും കാര്യം വ്യക്തമായിരുന്നില്ല. അപ്പോളോ ആശുപത്രി ചെയർമാൻ പ്രതാപ് റെഡ്ഡി എത്തിയതിനുശേഷം പത്രക്കുറിപ്പു പുറത്തുവിട്ടപ്പോഴാണ് ഹൃദയാഘാതമാണെന്നവിവരം പുറം ലോകമറിയുന്നത്. വിവരം കാട്ടു തീ പോലെ പടർന്നതോടെ മന്ത്രിമാരും എംഎ‍ൽഎമാരും പാർട്ടി അണികളും പൊതുജനങ്ങളും ആശുപത്രിയിൽ ഇരമ്പിയെത്തി. അപ്പോഴേക്കും പൊലീസ് സന്നാഹവും ശക്തമായി.

മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവു വിവരമറിഞ്ഞ് പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തി. ആശുപത്രി അധികൃതരുമായി 10 മിനിറ്റോളം ചർച്ച നടത്തിയ അദ്ദേഹം രാജ്ഭവനിലേക്ക് മടങ്ങി. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഗവർണർ പത്രക്കുറിപ്പ് ഇറക്കുമെന്നാണ് വിവരം. അതിനിടെ, അപ്പോളോ ആശുപത്രിയിൽ വച്ച് തമിഴ്‌നാട് മന്ത്രിസഭയുടെ അടിയന്തര യോഗം ചേർന്നു. അതേസമയം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. നിലവിൽ ഹൃദ്രോഗവിദഗ്ധരുടെ നിരീക്ഷണത്തിലാണ് ജയലളിതയുള്ളത്.

ഐസിയുവിൽ പ്രവേശിപ്പിച്ച ജയയ്ക്ക് ലണ്ടനിലുള്ള ഡോ. റിച്ചാർഡ് ബീലിന്റെ നിർദ്ദേശമനുസരിച്ചുള്ള ചികിൽസയാണ് നൽകുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും ജയലളിത പൂർണമായും അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്.

തമിഴ്‌നാടിന് കറുത്ത ഞായർ

ഞായറാഴ്ച വൈകിട്ട് നാലരയ്ക്കും അഞ്ചിനുമിടയിലാണ് അവർക്ക് ഹൃദയാഘാതമുണ്ടായത്. രാത്രി ഒമ്പതരയോടെയാണ് ആശുപത്രി അധികൃതർ ഇക്കാര്യം പുറത്ത് വിട്ടത്. കഴിഞ്ഞ രണ്ട് മാസമായി ആശുപത്രിയിൽ തുടരുന്ന ജയലളിത ആരോഗ്യനില വീണ്ടെടുക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് അവർക്ക് ഹൃദയാഘാതം ഉണ്ടായത്. അതുകെണ്ട് തന്നെ സ്ഥിതി ഗുരുതരമെന്നാണ് സൂചന. എല്ലാ മന്ത്രിമാരും അപ്പോളോ ആശുപത്രിയിൽ എത്തിയിട്ടുണ്ട്.

സെപ്റ്റംബർ 22ന് ആണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയയുടെ ആരോഗ്യം മെച്ചപ്പെട്ടുവെന്നും ഉടൻ തന്നെ വീട്ടിലേക്ക് മടങ്ങുമെന്നുമായിരുന്നു ഞായറാഴ്ച വൈകിട്ട് അണ്ണാ ഡിഎംകെ അറിയിച്ചത്. എയിംസിലെ വിദഗ്ധ ഡോക്ടർമാർ ജയലളിതയെ പരിശോധിച്ചുവെന്നും പൂർണമായും ജയലളിത അസുഖത്തിൽ നിന്നും മോചിതയായെന്നുമായിരുന്നു പാർട്ടി അറിയിച്ചത്. ജയലളിതയുടെ ചില പത്രക്കുറിപ്പുകളും പുറത്തിറങ്ങി. ഉടൻ ആശുപത്രി വിടുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനിടെയാണ് ഏവരേയും ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ അപ്പോളോ ആശുപത്രയിൽ നിന്ന് പുറത്തുവരുന്നത്. ജയലളിതയ്ക്ക് കുറച്ചെങ്കിലും സംസാരിക്കാൻ കഴിയുന്നുണ്ടെന്നും അവർ ഉടൻ ആശുപത്രി വിട്ടേക്കുമെന്നുമായിരുന്നു കഴിഞ്ഞയാഴ്ചവരെ വന്ന റിപ്പോർട്ടുകൾ.

ഇക്കഴിഞ്ഞ നവംബർ 19ന് ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് പ്രത്യേക മുറിയിലേക്ക് മാറ്റിയിരുന്നു. ഇതോടെ ജയലളിതയുടെ ആരോഗ്യ നില സാധാരണ നിലയിലായെന്നായിരുന്നു വിലയിരുത്തൽ. ഇതിനിടെയാണ് ഹൃദയാഘാതമെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP