Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

താജ്മഹൽ ഗേറ്റിന് നേരെ സംഘപരിവാർ ആക്രമണം; ചുറ്റികകളും കമ്പിപ്പാരകളുമായി എത്തിയ വിഎച്ച്പി പ്രവർത്തകർ പടിഞ്ഞാറേ ഗേറ്റ് തകർത്തു; ആക്രമണം 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്; 30 പേർക്കെതിരെ കേസെടുത്തു

താജ്മഹൽ ഗേറ്റിന് നേരെ സംഘപരിവാർ ആക്രമണം; ചുറ്റികകളും കമ്പിപ്പാരകളുമായി എത്തിയ വിഎച്ച്പി പ്രവർത്തകർ പടിഞ്ഞാറേ ഗേറ്റ് തകർത്തു;  ആക്രമണം 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നു എന്ന് ആരോപിച്ച്; 30 പേർക്കെതിരെ കേസെടുത്തു

ആഗ്ര: രാജ്യത്തിന്റെ അഭിമാനമായി അഗ്രയിലെ താജ്മഹലിനെതിരെ സംഘപരിവാർ സംഘടനകൾ കുറച്ചുകാലമായി രംഗത്തെത്തിയിട്ടുണ്ട്. താജ്മഹൽ ക്ഷേത്രമായിരുന്നു എന്ന ആരോപണം ഉന്നയിച്ചു കൊണ്ടാണ് പരിവാർ സംഘടനകൾ രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ലോകത്തിന് മുമ്പിൽ അത്ഭുതമായ സ്മാരകത്തിന് എതിരെ സംഘപരിവാർ പരസ്യമായ ആക്രമണവുമായി രംഗത്തെത്തി. വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ ഗേറ്റ് തകർത്തു. ചുറ്റികകളും കമ്പിപ്പാരകളുമായി വന്നായിരുന്നു വിഎച്ച്പി പ്രവർത്തകരുടെ അഴിഞ്ഞാട്ടം. സംഭവത്തെ ന്യായീകരിച്ച് വിഎച്ച്പി രംഗത്തെത്തിയിട്ടുണ്ട്.

ബസായ് ഘട്ടിലുള്ള സിദ്ധേശ്വർ മഹാദേവ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് താജ്മഹലിന്റെ പടിഞ്ഞാറേ കവാടം നിൽക്കുന്നത്. 400 വർഷം പഴക്കമുള്ള ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. നേരത്തെ താജ്മഹലിന്റെ പേര് റാം മഹൽ എന്നോ കൃഷ്ണ മഹൽ എന്നോ മാറ്റണമെന്നാവശ്യപ്പെട്ട് ബിജെപി എംഎൽഎ സുരേന്ദ്ര സിങ് വന്നിരുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ സംഭവത്തിൽ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സംഭവത്തെ ന്യായീകരിച്ചു കൊണ്ട് വി.എച്ച്.പി നേതാവ് രവി ദുബെ പറഞ്ഞത് ഇങ്ങനെയാണ്: 'ഗേറ്റ് താജ് മഹലിന് സമീപത്തുള്ള സിദ്ധാർത്ഥേശ്വര മഹാദേവ ക്ഷേത്രത്തിലേക്കുള്ള വഴി തടസപ്പെടുന്നു. താജ് മഹലിനേക്കാൾ മുൻപ് നിലവിലുള്ളതും 400 വർഷം പഴക്കമുള്ളതുമാണ് ക്ഷേത്രം. അതുകൊണ്ട് ക്ഷേത്രത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടസപ്പെടുത്താൻ സാധിക്കില്ല.' ഹാമറുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് അക്രമാസക്തരായി ഗേറ്റ് തകർക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അടുത്തിടെ താജ്മഹൽ ശിവക്ഷേത്രമാണെന്ന ആരോപണം ഉയർത്തി സംഘപരിവാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഈ വാദം തെറ്റാണെന്ന് മുഗൾ ചക്രവർത്തി ഷാജഹാന്റേയും അദ്ദേഹത്തിന്റെ ഭാര്യ മുംതാസിന്റേയും ശവകുടീരമാണെന്നും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. നിലവിൽ താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നും ഹിന്ദുക്കൾക്ക് താജ്മഹലിൽ ആരാധന നടത്താൻ അവകാശമുണ്ടെന്നും കാണിച്ച് ആഗ്ര കോടതിയിൽ കേസ് നിലവിലുണ്ട്. ഇതിന് മറുപടിയായാണ് താജ്മഹൽ ശിവ ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഇല്ലെന്ന് കാട്ടി ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സത്യവാങ്മൂലം നൽകിയത്. താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതിന് തെളിവുകൾ ഇല്ലെന്ന് കേന്ദ്രസർക്കാരും മുമ്പ് വ്യക്തമാക്കിയിരുന്നു.

ആഗ്രയിലെ സൗധം താജ്മഹലല്ല ശിവക്ഷേത്രമായ തേജോ മഹാലയ ആണന്നും ഷാജഹാനല്ല രജപുത്ര രാജാവായ രാജാമാൻ സിങ് ആണ് ഈ സൗധം പണികഴിപ്പിച്ചത് എന്നുമാണ് ഒരു വിഭാഗം അവകാശപ്പെട്ടത്. താജ്മഹൽ പണികഴിപ്പിച്ചത് ഷാജഹാനല്ലെന്നും അത് തേജോ മഹാലയ എന്ന ശിവക്ഷേത്രമാണെന്നും അവകാശപ്പെട്ടുകൊണ്ട് 'താജ്മഹൽ, ദി ട്രൂ സ്റ്റോറി' എന്ന പേരിൽ പിഎൻ ഓക്ക് പുസ്തകം രചിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP