Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്‌ത്തി പത്മശ്രീ വിശുദ്ധാനന്ദ; കോൺഗ്രസ് സർക്കാരുകൾ പരിഗണിച്ചില്ലെന്നും ഋഷി സംസ്‌കാരത്തെയും ഈശ്വര്യതയെയും അംഗീകരിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും സ്വാമി; പ്രസംഗം വോട്ടാക്കി മാറ്റാനുറച്ച് സംഘപരിവാർ

കേന്ദ്ര സർക്കാരിനെ വാനോളം പുകഴ്‌ത്തി പത്മശ്രീ വിശുദ്ധാനന്ദ; കോൺഗ്രസ് സർക്കാരുകൾ പരിഗണിച്ചില്ലെന്നും ഋഷി സംസ്‌കാരത്തെയും ഈശ്വര്യതയെയും അംഗീകരിക്കുന്ന സർക്കാരാണ് ഇപ്പോഴുള്ളതെന്നും സ്വാമി; പ്രസംഗം വോട്ടാക്കി മാറ്റാനുറച്ച് സംഘപരിവാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശിവഗിരി മഠാധിപന്റെ പ്രസംഗം വോട്ടാക്കി മാറ്റാൻ സംഘപരിവാർ ശ്രമം. ജയ്പൂരിൽ നടക്കുന്ന ' കോൺഫിഡറേഷൻ ഓഫ് ശ്രീ നാരായണ ഗുരു ഗവേർണിങ് ബോഡി മീറ്റിംഗി'ന്റെ ഉദ്ഘാടനം നിർവഹിച്ച് പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ നടത്തിയ പ്രസംഗമാണ് സംഘപരിവാർ അനുകൂലികൾ കേരളത്തിൽ പിന്നോക്ക വിഭാഗങ്ങളുടെ വോട്ട് ലക്ഷ്യം വെച്ച് പ്രചരിപ്പിക്കുന്നത്. ചടങ്ങിൽ വെച്ച് അയ്യപ്പ സേവാസംഘം ഉൾപ്പെടെയുള്ള സംഘടനകളും ജയ്പൂരിൽ വിശുദ്ധാനന്ദ സ്വാമികൾക്ക് സ്വീകരണം നൽകിയിരുന്നു.

സ്വാതന്ത്ര്യം നേടി 70 വർഷം ഭരിച്ചവർ നൽകാത്ത പരിഗണനയാണ് ശിവഗിരി മഠത്തിന് ലഭിക്കുന്നത് എന്നതായിരുന്നു ഉദാഹരണങ്ങൾ സഹിതം സ്വാമി പ്രസംഗിച്ചത്. വിശുദ്ധാനന്ദ സ്വാമിക്ക് പത്മശ്രീ ലഭിച്ചതും ശിവഗിരിക്ക് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി 70 കോടി രൂപ നൽകിയതുമായിരുന്നു സ്വാമിയുടെ പ്രസംഗത്തിന്റെ കാതൽ.

സ്വാമി വിശുദ്ധാനന്ദയുടെ പ്രസംഗത്തിന്റെ പൂർണരൂപം..
സ്വാതന്ത്ര്യത്തിനു ശേഷം 70 വർഷം കഴിഞ്ഞപ്പോൾ നമ്മൾ ഒന്നു മനസ്സിലാക്കണം. രാജ്യത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന ഒരു പിന്നോക്കക്കാരൻ. അതോടൊപ്പം ഇന്ത്യയുടെ രാഷട്രപതിയായിരിക്കുന്നത് ഒരു പിന്നോക്കക്കാരൻ. കേരളത്തിന്റെ പുത്രനായിരുന്ന ഒരു അധ:കൃതൻ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നപ്പോൾ പോലും ഈ പുണ്യകർമ്മം നിർവഹിക്കുവാൻ കഴിഞ്ഞിരുന്നില്ല.

മതേതരം എന്നൊക്കെ ഇവിടെ ഉദ്‌ഗോഷിക്കുന്നുണ്ട്. ഈ മതേതരക്കാരനായിരുന്നില്ലേ ശ്രീ നാരായണഗുരു? അവരുടെ ഭാഷയിൽ പറഞ്ഞാൽ. ഒരു മനുഷ്യസ്‌നേഹി ആയിരുന്നില്ലേ ഗുരു? എന്തുകൊണ്ട് മറന്നുപോയി? അവിടെയാണ് നാം, നമ്മുടെ രാജ്യം ഗുരുവിന്റെ ആധ്യാത്മക ശിഷ്യപരമ്പരയുടെ അധ്യക്ഷനായ വിശുദ്ധാനന്ദ സ്വാമികൾക്ക് പത്മശ്രീ അവാർഡ് നൽകിയതിന്റെ മഹത്വം കാണാൻ കഴിയുന്നത്. ഇത് നമ്മെയൊക്കെ ചിന്തിപ്പിക്കേണ്ട കാര്യമാണെന്നു കൂടി ഓർമ്മിപ്പിക്കുകയാണ്.

അതോടൊപ്പം തന്നെ ശിവഗിരിക്ക് 70 കോടി രൂപയുടെ സ്വദേശി ദർശൻ എന്ന പദ്ധതിയിലുൾപ്പെടുത്തി കേന്ദ്രസർക്കാർ. ധനവിനിയോഗം നടത്തുന്നതിന് തീരുമാനം എടുക്കുകയും മഹാസമാധിയുടെ നൂറാം വർഷത്തോടനുബന്ധിച്ച് നാം നടത്തിയ 41 ദിവസം നീണ്ടു നിൽക്കുന്ന മണ്ഡലകാല പൂജയുടെ സമാപന സമ്മേളനങ്ങളിൽ വച്ച് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം 70 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിക്കുകയും കഴിഞ്ഞ ശിവഗിരി തീർത്ഥാടനത്തിന് ശേഷം അതിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും ശിവഗിരിയിൽ ഈ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര ഏജൻസി കൂടിയായ ഐടിഡിസിയുടെ ഓഫീസ് അടക്കം തുറന്നു.

ഇതെല്ലാം നാം കാണുമ്പോൾ മുൻ കാലങ്ങളിൽ എന്തുകൊണ്ട് ഇതെല്ലാം മറന്നുപോയി? എന്തായാലും ഒരു കാര്യം ഉറപ്പിക്കുകയാണ്. ഗുരുദേവന്റെ പരമ്പരയെ പ്രത്യേകിച്ച് കേരളത്തിലെ ജാതിക്കും മതത്തിനും ദേശത്തിനും അപ്പുറം ചിന്തിക്കുന്ന മനുഷ്യ സമൂഹത്തെ ഇന്ത്യാ മഹാരാജ്യത്തിന് മറക്കാൻ കഴിയില്ല എന്നതിന്റെ തെളിവായി മാറിയിരിക്കുകയാണ്. ഈ കർത്തവ്യം നിർവഹിച്ച കേന്ദ്രസർക്കാരിനെ നാം നന്ദിപൂർവം ഓർക്കുകയാണ്. നന്ദി രേഖപ്പെടുത്തുകയാണ്. ശ്രീനാരയണീയ സമൂഹത്തിന് വേണ്ടി, പ്രത്യേകിച്ച് കേരളീയർക്കു വേണ്ടി ആ നന്ദി രേഖപ്പെടുത്തുകയാണ്.

പത്മശ്രീ അവാർഡ് ഏറ്റുവാങ്ങുവാൻ രാഷ്ട്രപതി ഭവന്റെ അകത്തളത്തിലേക്ക് ആ ചുവന്ന പരവാതിനിയിലൂടെ നടന്നു ചെന്ന് അദ്ദേഹം ഹൃദയത്തിനോട് ചേർന്ന് ആ പത്മശ്രീ അവാർഡ് കുത്തിതന്നപ്പോഴും അവാർഡിന്റെ സർട്ടിഫിക്കറ്റ് കയ്യിലേക്ക് തന്നപ്പോഴും ഉണ്ടായ ആ സന്തോഷത്തിന്റെ അലകൾ ഓർക്കുകയാണ്. ആ അവസരത്തിൽ ഏതാണ്ട് അമ്പതിലേറെ പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ അവാർഡികൾ അവിടെയുണ്ടായിരുന്നു.

ഈ അവസരത്തിൽ ഒന്നുകൂടി ഓർത്തുപോകുകയാണ്. ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യ പരമ്പരയിലെ ഗോപാൽ തന്ത്രികളുടെ മകൻ ജയനും വിജയനും അവാർഡ് കിട്ടാൻ അവസരം ഉണ്ടായതും ഈ വർഷമാണ്. ജയവിജയന്മാർ ഇവിടെ പാടി കേരളത്തിലും ഭാരതത്തിലും ഭാരതത്തിന് വെളിയിലും നടന്നപ്പോഴൊന്നും ഇതു കാണുവാനും കേൾക്കുവാനും ഒരു വരേണ്യ വർഗവും ഇവിടെയുണ്ടായിരുന്നില്ല എന്ന് കൂടി നാം ശിവഗിരിക്ക് കിട്ടിയ ഈ ആദരവിനോട് വെച്ച് ചേർക്കേണ്ടതാണ്.

ഗുരുവിന്റെ ഗൃഹസ്ഥ ശിഷ്യപരമ്പരക്കും ഗുരുവിന്റെ ആധ്യാത്മിക ശിഷ്യ പരമ്പരക്കും ഒരേ രാഷ്ട്രപതിയിൽ നിന്നും അവാർഡ് വാങ്ങിയ ആനന്ദം എടുത്തുപറയാതിരിക്കാൻ വയ്യ. ഒന്നുകൂടി ഓർക്കുകയാണ്. നടൻ മോഹൻലാൽ അടക്കമുള്ളവർ അവിടെയുണ്ടായിരുന്നു. അവാർഡികളിൽ ഒരു ആത്മീയ പരിവേഷം സ്വീകരിക്കാൻ ഗുരുവിന്റെ ശിഷ്യപരമ്പരയിലെ പ്രതിനിധിക്ക് മാത്രമാണ് അവിടെ കഴിഞ്ഞത് എന്നുകൂടി ഓർക്കുകയാണ്. പ്രത്യേകിച്ചും ദക്ഷിണഭാരത്തിൽ നിന്നും ആദ്യമായി ഒരു സന്ന്യാസിക്ക് കിട്ടുന്ന അവാർഡാണ്. അത് ശ്രീനാരായണ ഗുരു ശിഷ്യ പരമ്പരക്ക് കിട്ടുന്ന അവാർഡായി കണ്ണുതുറന്നു കാണണം.

ഇവിടെയാണ് ഋഷി സംസ്‌കാരത്തിന്റെ, ഈശ്വര്യതയുടെ അംഗീകാരം നാം കാണേണ്ടത് എന്നുകൂടി ഈ അവസരത്തിൽ ഓർക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP