Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതം; ഹോട്ടൽ മുറിയിൽ നിന്നു കിട്ടിയ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് സംഘത്തിനു കൈമാറി

സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഊർജിതം; ഹോട്ടൽ മുറിയിൽ നിന്നു കിട്ടിയ ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറൻസിക് സംഘത്തിനു കൈമാറി

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് പ്രധാന സാക്ഷികളെ കൂടുതൽ ചോദ്യം ചെയ്തു. സുനന്ദ പുഷ്‌കർ ഉപയോഗിച്ചിരുന്ന ലാപ്‌ടോപ്പും മൊബൈൽ ഫോണും ഫോറിൻസിക് ഉദ്യോഗസ്ഥർക്ക് വിദഗ്ധ പരിശോധനയ്ക്കായി കൈമാറി.

കഴിഞ്ഞ ദിവസം സുനന്ദ താമസിച്ചിരുന്ന ഡൽഹിയിലെ ഹോ്ട്ടൽ മുറി വിദഗ്ധ സംഘം പരിശോധിച്ചിരുന്നു. പൊലീസും ഫോറൻസിക് സംഘവും സംയുക്തമായാണ് ലീല ഹോട്ടലിലെ 345-ാം മുറി വീണ്ടും പരിശോധിച്ചത്. മുറിയിലെ കിടക്കയിലും കാർപെറ്റിലും ദ്രാവകരൂപത്തിലുള്ള വസ്തു പറ്റിപ്പിടിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. കാർപ്പെറ്റിലും കിടക്കയിലും കണ്ണാടിച്ചില്ലുകൾ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.

ഇതെല്ലാമാണ് വിദഗ്ധ പരിശോധനയ്ക്കായി അയച്ചത്. എയിംസ് ആശുപത്രിയിലെ ഫോറൻസിക് വിദഗ്ദ്ധരും ഡൽഹിയിലെ ഹോട്ടൽ മുറി പരിശോധിക്കാൻ പൊലീസിനൊപ്പം ഉണ്ടായിരുന്നു.

ജനുവരി 17നാണ് സുനന്ദ പുഷ്‌കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഇതിനുശേഷം അടച്ചിട്ടിരുന്ന മുറി വിദഗ്ധ പരിശോധനയ്ക്കായാണ് കഴിഞ്ഞ ദിവസം തുറന്നത്. സംഭവത്തിനുശേഷം അടച്ച മുറി പിന്നീട് തുറക്കുന്നത് കഴിഞ്ഞ ദിവസമാണ്. ഇവിടെ നിന്നു ലഭിച്ച മൂന്നു മൊബൈൽ ഫോൺ, ലാപ്‌ടോപ് എന്നിവയിൽ നിന്ന് മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

സുനന്ദ പുഷ്‌കറിന്റെ ഗൂഗിൾ, യാഹൂ ഇ-മെയിൽ അക്കൗണ്ടുകളും പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. അവസാന ദിവസങ്ങളിൽ സുനന്ദ ആരെയൊക്കെ ബന്ധപ്പെട്ടിരുന്നു എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിച്ചു. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിൽ വിഷം ഉള്ളിൽച്ചെന്നാണ് സുനന്ദ മരിച്ചതെന്ന് വ്യക്തമായതോടെയാണ് കൂടുതൽ അന്വേഷണത്തിന് പൊലീസ് നടപടി സ്വീകരിച്ചത്. വിഷം ഉള്ളിലെത്തിയതാണ് മരണകാരണമെന്ന് എയിംസിലെ ഡോക്ടർമാർ അന്തിമ റിപ്പോർട്ടിൽ ആവർത്തിച്ചിരുന്നു. ഇതെതുടർന്നാണ് വീണ്ടും മുറി തുറന്ന് പരിശോധിച്ചത്. സുനന്ദയുടെ ആന്തരികാവയവങ്ങളിൽ വിഷാംശം ഉണ്ടായിരുന്നെന്നും അമിതമായ മരുന്ന് ഉപയോഗമല്ല മരണ കാരണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

നേരത്തെ, ദുരൂഹ മരണത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ സിബിഐയുടെയും റോയുടെയും ഐബിയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സ്വാമി നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിബിഐ പ്രത്യേകാന്വേഷണ സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തുമയച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP