Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയഗാനത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തെ പുകഴ്‌ത്തുന്ന വരികളുണ്ടോ? ദേശീയഗാനം തിരുത്തണം എന്ന ആവശ്യവുമായി പ്രധാനമന്ത്രിക്കു സുബ്രഹ്മണ്യം സ്വാമിയുടെ കത്ത്

ദേശീയഗാനത്തിൽ ബ്രിട്ടീഷ് രാജകുടുംബത്തെ പുകഴ്‌ത്തുന്ന വരികളുണ്ടോ? ദേശീയഗാനം തിരുത്തണം എന്ന ആവശ്യവുമായി പ്രധാനമന്ത്രിക്കു സുബ്രഹ്മണ്യം സ്വാമിയുടെ കത്ത്

ന്യൂഡൽഹി: ബ്രിട്ടീഷ് രാജകുടുംബത്തെ പുകഴ്‌ത്തുന്ന വരികളാണോ നമ്മുടെ ദേശീയഗാനത്തിൽ ഉള്ളത്. ദേശീയഗാനത്തിലെ വരികൾ തിരുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തി.

ജനഗണമനയിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സുബ്രഹ്മണ്യൻ സ്വാമി പ്രധാനമന്ത്രിക്കു കത്തെഴുതുകയും ചെയ്തു. ജനഗണമനയുടെ ഈണം നിലനിർത്തുന്നതിനൊപ്പം ദേശീയഗാനത്തിലെ വരികളിൽ ചില വ്യത്യാസങ്ങൾ വരുത്തണമെന്നാണു സ്വാമിയുടെ ആവശ്യം.

നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യൻ നാഷണൽ ആർമിയുടെ ഔദ്യോഗിക ഗാനത്തിൽ വരുത്തിയതിനു സമാനമായ മാറ്റങ്ങൾ ദേശീയ ഗാനത്തിലും വരുത്തണം. ഇക്കാര്യത്തിൽ മോദി പാർലമെന്റിൽ സമ്മർദ്ദം ചെലുത്തണമെന്നു സ്വാമി കത്തിൽ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് രാജാവിനെ പ്രത്യക്ഷമായോ പരോക്ഷമായോ സൂചിപ്പിക്കുന്ന തരത്തിലുള്ള വാക്കുകൾ ദേശീയ ഗാനത്തിൽ നിന്ന് ഒഴിവാക്കി പകരം സംസ്‌കൃത വാക്കുകൾ ഉൾപ്പെടുത്തണമെന്നായിരുന്നു നേതാജി ആവശ്യപ്പെട്ടത്. 1912ൽ കോൺഗ്രസിന്റെ കൊൽക്കത്ത സമ്മളനത്തിൽ ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്യുന്നതിനായാണു ദേശീയഗാനം ആദ്യമായി ആലപിച്ചതെന്നും സ്വാമി ആരോപിക്കുന്നു.

വന്ദേമാതരമാണോ ജനഗണമനയാണോ ദേശീയഗാനമാക്കേണ്ടത് എന്ന് അഭിപ്രായവ്യത്യാസം നേതാക്കൾക്കിടയിൽ ഉണ്ടായിരുന്നതായും 1949 നവംബർ 26ാം തിയതി ഇക്കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊള്ളാൻ തീരുമാനിക്കുകയാുമായിരുന്നുവെന്നും സ്വാമി പറയുന്നു. എന്നാൽ, ദേശീയ ഗാനത്തിന്റെ കാര്യത്തിൽ വോട്ടെടുപ്പിന് പോകുന്നതിന് പകരം ജനഗണമന ദേശീയ ഗാനമായി സ്വീകരിക്കാമെന്ന് അന്നത്തെ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് തീരുമാനിക്കുകയായിരുന്നു. ആവശ്യമെങ്കിൽ ഭാവിയിൽ ദേശീയ ഗാനത്തിന്റെ വരികളിൽ വ്യത്യാസം വരുത്താമെന്ന് നിശ്ചയിക്കുകയും ചെയ്തതായി സ്വാമി കത്തിൽ പറയുന്നു. ബ്രിട്ടീഷ് രാജാവിനെ സ്വാഗതം ചെയ്തുകൊണ്ട് എഴുതിയതാണെന്ന് ചർച്ചയ്ക്കിടെ പല അംഗങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാരണത്താലാണ് ആവശ്യമെങ്കിൽ ദേശീയ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളിൽ വ്യത്യാസം വരുത്താമെന്ന് രാജേന്ദ്ര പ്രസാദ് പറഞ്ഞതെന്നും സ്വാമി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദേശീയഗാനത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്വാമി മോദിക്കു കത്തു നൽകിയത് കഴിഞ്ഞമാസമാണ്. നേതാജി വരുത്തിയ മാറ്റങ്ങളോടു കൂടിയ ദേശീയ ഗാനം പാർലമെന്റിൽ ഔദ്യോഗികമായി അംഗീകരിക്കുന്നത് സുഭാഷ് ചന്ദ്രബോസിനോടും സ്വാതന്ത്ര സമര സേനാനികൾക്കുമുള്ള ഉചിതമായ ആദരവായിരിക്കുമെന്നും കത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP