Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുരൂഹതകൾ അവസാനിക്കുന്നില്ല; 1964 വരെ നേതാജി ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹം എവിടെ ആയിരുന്നു? മരിച്ചത് എങ്ങനെ? രേഖകൾ പുറത്തുവിടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ? തിരോധാനം ബാക്കിവയ്ക്കുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ

ദുരൂഹതകൾ അവസാനിക്കുന്നില്ല; 1964 വരെ നേതാജി ജീവിച്ചിരുന്നു എങ്കിൽ അദ്ദേഹം എവിടെ ആയിരുന്നു? മരിച്ചത് എങ്ങനെ? രേഖകൾ പുറത്തുവിടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോ? തിരോധാനം ബാക്കിവയ്ക്കുന്നത് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ

കൊൽക്കത്ത: സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുമ്പോഴും ഇക്കാര്യവുമായി ബന്ധപ്പെട്ടു നിരവധി സംശയങ്ങൾ ശക്തമായിത്തന്നെ നിലനിൽക്കുകയാണ്. നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചത് 1964ന് ശേഷമാണ് എന്ന ഊഹോപോഹങ്ങളാണ് ശക്തമായി നിലനിൽക്കുന്നത്.

1945ൽ അദ്ദേഹം വിമാനാപകടത്തിൽ കൊല്ലപ്പെട്ടു എന്ന വാദം സ്ഥിരീകരിക്കാൻ തക്കവണ്ണമുള്ള രേഖകളൊന്നും ഇന്നു പുറത്തുവിട്ടവയിൽ ഇല്ല. നേതാജിയുടെ വിവരങ്ങൾ ബംഗാൾ സർക്കാർ പുറത്തുവിട്ടതു പോലെ കേന്ദ്രസർക്കാരും പുറത്തുവിടണമെന്നു ബന്ധുക്കൾ ആവശ്യപ്പെട്ടിരിക്കുകയാണ്.

1964 ഫെബ്രുവരിയിൽ എപ്പോഴോ നേതാജി ഇന്ത്യയിലേക്ക് വന്നിരുന്നു എന്ന് അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കൂടുതൽ സന്ദേഹങ്ങൾ ഉയരുന്നത്. തായ്‌വാനിലെ വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടതായി കരുതപ്പെടുന്ന 1945 ന് ശേഷം 19 വർഷങ്ങൾ കഴിഞ്ഞാണ് ഇത്. 1964 ഫെബ്രുവരിയിൽ ഇന്ത്യയിലെത്തുമ്പോൾ നേതാജിക്ക് 67 വയസ്സുണ്ടായിരുന്നു എന്നും 1960കളിൽ തയ്യാറാക്കിയ അമേരിക്കൻ ഇന്റലിജന്റ്‌സ് റിപ്പോർട്ടിൽ പറയുന്നു. 1945 ൽ നടന്ന ഒരു വിമാനാപകടത്തിൽ നേതാജി കൊല്ലപ്പെട്ടു എന്നും രണ്ടാം ലോകമഹായുദ്ധത്തിനിടെ ജപ്പാൻ സൈനികരുടെ പിടിയിലായി എന്നും മറ്റുമുള്ള കഥകളാണ് നേതാജിയുടെ തിരോധാനത്തെപ്പറ്റി പരന്നിരുന്നത്.

അതിനിടെ, പാരിസിൽ വച്ച് നേതാജിയെ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. പാരിസിൽ 1969ൽ എടുത്ത ഒരു ഗ്രൂപ്പ് ഫോട്ടോയിൽ നേതാജിയുടെ സാദൃശ്യമുള്ള ഒരാളുണ്ട്. ഗുംനാമി ബാബയുടെ ശേഖരത്തിൽനിന്നാണ് ഈ ചിത്രം കണ്ടെത്തിയത്. അതിനിടെ, 1985ൽ മരിച്ച ഗുംനാമി ബാബ എന്ന സന്ന്യാസിവര്യൻ നേതാജി തന്നെയാണെന്നും പലരും വിശ്വസിച്ചിരുന്നു. 1950കളിൽ ഉത്തർപ്രദേശിലെ ഫൈസാബാദിലെത്തിയ ഇദ്ദേഹം 1985 സെപ്റ്റംബർ 16നാണ് അന്തരിച്ചത്. നേതാജിയുമായുള്ള രൂപസാദൃശ്യമാണ് ഇദ്ദേഹം തന്നെയാണോ നേതാജി എന്ന സംശയം ഉയർത്തിയത്. എന്നാൽ, ഇത് നേതാജിയല്ലെന്ന്, നേതാജിയുടെ മരണം അന്വേഷിച്ച ജസ്റ്റിസ് എം.കെ. മുഖർജി കമ്മിഷൻ വിധിച്ചിരുന്നു. ഗുംനാമി ബാബയുടെ പല്ലിന്റെ ഡിഎൻഎ ഘടനയും നേതാജിയുടെ പിന്മുറക്കാരുടെ ഡിഎൻഎ സാംപിളും തമ്മിൽ പൊരുത്തമില്ലെന്നു കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗുംനാമി ബാബയെ ഒഴിവാക്കിയത്.


സോവിയറ്റ് തടവറയിൽ അന്ത്യം?

തിനിടെ, സോവിയറ്റ് തടവറയിൽ വച്ചാണ് അദ്ദേഹം മരിച്ചതെന്നു നയതന്ത്രജ്ഞനും മുൻ കോൺഗ്രസ് എംപിയുമായ സത്യനാരായൺ സിൻഹ വെളിപ്പെടുത്തിയിരുന്നതും വാർത്തയായി. സൈബീരിയയിലെ യാകുത്സുക് ജയിലിൽ വച്ചാണ് നേതാജി മരിച്ചതെന്ന് 69 വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകൾ പറയുന്നുതായാണ് വാർത്തകൾ വന്നത്. ലോകത്തെ ഏറ്റവും തണുപ്പേറിയ ജയിലാണ് യാകുത്സുക്. സ്റ്റാലിന്റെ കാലത്ത് അഞ്ച് ലക്ഷത്തിലേറെ പേർ ഇവിടെ മരിച്ചുവീണതായാണ് പറയപ്പെടുന്നത്.

അന്തരിച്ച കോൺഗ്രസ് എംപിയും നയതന്ത്രജ്ഞനുമായിരുന്ന ഡോ. സത്യനാരായൺ സിൻഹ 1952ൽ ഉന്നയിച്ച ചോദ്യങ്ങളാണ് സർക്കാരിന്റെ രഹസ്യ രേഖകളിലുള്ളതെന്നാണ് റിപ്പോർട്ട്. നേതാജിയുടെ തിരോധാനം അന്വേഷിക്കാൻ വിവിധ കാലങ്ങളിലായി മൂന്ന് സമിതികളെ സർക്കാർ നിയോഗിച്ചിരുന്നു. 1956ൽ ഷാനവാസ് കമ്മിറ്റിയും 1970ൽ ജി ഡി കോസാല എന്ന ഏകാംഗ സമിതിയുമാണ് ആദ്യത്തെ രണ്ടെണ്ണം. നേതാജി തായ്‌വാനിലെ തായ്‌ഹോകുവിലുണ്ടായ വിമാനാപകടത്തിൽ മരിച്ചുവെന്നാണ് ഇവർ കണ്ടെത്തിയത്. എന്നാൽ 1999ലെ മുഖർജി കമ്മീഷൻ ഈ റിപ്പോർട്ടുകളെ തള്ളിയിരുന്നു. സിൻഹയുടെ വാദങ്ങൾ മുൻകാല കമ്മീഷനുകൾ പരിശോധിക്കാത്തതിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ നേതാജിക്ക് എന്ത് സംഭവിച്ചുവെന്ന് ആ റിപ്പോർട്ടും വെളിപ്പെടുത്തിയില്ല. എന്നാൽ അടുത്തിടെ പുറത്തുവന്ന സ്വാതന്ത്ര്യാനന്തര കാലത്തെ രഹസ്യ രേഖകളും സർക്കാർ റിക്കാർഡുകളും ഈ റിപ്പോർട്ടുകളുടെ ആധികാരികത ചോദ്യം ചെയ്യുന്നവയാണ്.

സോവിയറ്റ് തടവറയായ സൈബീരിയയിലെ യാകുത്സുകിൽ സെൽനമ്പർ 45ലെ തടവുകാരനായിരുന്ന നേതാജി അവിടെ വച്ച് മരിക്കുകയായിരുന്നെന്നാണ് സത്യനാരായൺ സിൻഹ ജി ഡി ഖോസാല സമിതിക്ക് മുമ്പാകെ മൊഴി നൽകിയതെന്നാണ് സൂചന. എന്നാൽ സമിതി ഇത് അവഗണിച്ചു. സോവിയറ്റ് രഹസ്യ പൊലീസായ എൻകെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവ് ആണ് നേതാജിയെ സൈബീരിയയിൽവച്ച് കണ്ടതായി സിൻഹയോട് പറഞ്ഞത്. 1932കളിൽ റഷ്യൻ സൈന്യത്തിന്റെ ദ്വിഭാഷിയായി സത്യനാരായൺ സിൻഹ സേവനമനുഷ്ടിച്ചിരുന്നു. ഇങ്ങനെയാണ് കുസ്ലോവുമായി ബന്ധം സ്ഥാപിച്ചത്. 1970ലെ ഖോസാലാ സമിതിക്ക് സിൻഹ നൽകിയ നൂറോളം പേജ് വരുന്ന മൊഴികളിൽ നേതാജിയെ കുറിച്ചുള്ള വലിയ വെളിപ്പെടുത്തലുകൾ തന്നെയുണ്ട്. വിമാനാപകടത്തിലല്ല നേതാജി മരിച്ചതെന്ന് കമ്മീഷനോട് സിൻഹ തീർത്തു പറയുന്നുമുണ്ട്.

''1934 വരെ ഇന്ത്യക്കാർക്ക് സൈനിക പരിശീലനം നൽകിയിരുന്നയാളാണ് കുസ്ലോവ്. എന്നാൽ സ്റ്റാലിൻ ഇദ്ദേഹത്തെ ട്രോട്‌സ്‌കിയുടെ ആളാണെന്ന് പറഞ്ഞ് പിന്നീട് യാകുത്സുക് ജയിലിലടച്ചു. ജയിൽ മോചിതനായ കുസ്ലോവിനെ മോസ്‌കോയിൽ വച്ച് ഞാൻ കണ്ടിരുന്നു. യാകുത്സുകിലെ 45ാം നമ്പർ സെല്ലിൽ സുഭാഷ് ചന്ദ്രബോസിനെ കണ്ടതായി അദ്ദേഹമാണ് പറഞ്ഞത്. മുപ്പതുകളിൽ ഇന്ത്യയിലെ സോവിയറ്റ് ഏജന്റായി പ്രവർത്തിച്ചയാളാണ് കുസ്ലോവ്. കൽക്കത്തയിൽവച്ച് അദ്ദേഹം നേതാജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നേതാജിയുടെ വീടും അദ്ദേഹത്തിനറിയാം. 1940കളിൽ സമാധാനപരമായ സമരത്തിനുള്ള ഗാന്ധിജിയുടെ ആഹ്വാനം തള്ളിയ സുഭാഷ് ചന്ദ്ര ബോസ് വീട്ടുതടങ്കലിലാക്കുമെന്ന് ഭയന്ന് ഇന്ത്യ വിടുകയായിരുന്നു. ജർമൻ ചാരന്മാരുടെ സഹായത്തോടെ ഇന്നത്തെ പാക്കിസ്ഥാനിലെ പെഷവാർ വഴി റഷ്യയിലേക്ക് കടന്നു.'' സിൻഹ കമ്മീഷനു നൽകിയ മൊഴിയിൽ പറയുന്നു.

നെഹ്‌റുവിന്റെ താൽപര്യമില്ലായ്മ

ന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് മുന്നിൽ നേതാജിയുടെ വിഷയം സിൻഹ അവതരിപ്പിച്ചെങ്കിലും അദ്ദേഹം വേണ്ടത്ര താൽപര്യം പ്രകടിപ്പിച്ചില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമേരിക്കൻ കുപ്രചാരണമാണെന്ന് പറഞ്ഞ് നെഹ്‌റു ഇത് തള്ളുകയായിരുന്നു. യുഎസ്എസ്ആറുമായുള്ള ബന്ധമായിരുന്നു ഇതിന് കാരണമെന്നാണ് വിലയിരുത്തൽ. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണമാവശ്യപ്പെട്ട് അന്ന് റഷ്യയിലെ നയതന്ത്ര പ്രതിനിധിയായിരുന്ന മുൻ രാഷ്ട്രപതി സി രാധാകൃഷ്ണനെ സമീപിച്ചെങ്കിലും ഇനിയും ഇതുമായി വന്നാൽ ജോലിയിൽ നിന്നും പിരിച്ചുവിടുമെന്ന് സിൻഹയെ താക്കീത് ചെയ്യുകയായിരുന്നു.

നേതാജി ജീവിച്ചിരിപ്പുണ്ടെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നോ?

സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. രക്തസാക്ഷിത്വം വരിക്കുന്നതിന് മുമ്പ് നേതാജി ഒളിവിൽ കഴിയുകയാണെന്ന് താൻ വിശ്വസിക്കുന്നതായി ഗാന്ധിജി പറഞ്ഞിരുന്നു. താൻ റഷ്യയിലാണെന്നും ഇന്ത്യയിലേക്ക് കടക്കാൻ സഹായിക്കണമെന്നുമാവശ്യപ്പെട്ട് നേതാജി അയച്ച കത്ത് നെഹ്‌റുവിന് ലഭിച്ചതായും പറയുന്നു. എന്നാൽ ഇതൊന്നും അന്ന് ഷാനവാസ് കമ്മീഷൻ പരിഗണിച്ചില്ല. 1945 ഒക്ടോബർ 20ന് ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തരമന്ത്രാലയം ഇന്ത്യയിലെ സെക്രട്ടറി ഓഫ് സ്റ്റേറ്റിന് അയച്ച ടെലഗ്രാം പ്രകാരം നേതാജിയടക്കമുള്ള 12 പേരെ രാജ്യദ്രോഹത്തിന് വിചാരണ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. 1946ൽ ബെർലിനിൽ നിന്നും ജനറൽ സ്റ്റുവാർട്ട്, മേജർ വാരൺ എന്നിവർ മുഖേനെ ബ്രിട്ടീഷ് മിലിട്ടറി മിഷനിൽ നിന്നും ലഭിച്ച കുറിപ്പ് നേതാജി മരിച്ചിട്ടില്ലെന്നും റഷ്യയുടെ തടവറയിലാണെന്നും പറയുന്നു. റഷ്യ അദ്ദേഹത്തെ ശിക്ഷിച്ചതിൽ ഈ ജനറൽമാർ സന്തോഷം പ്രകടിപ്പിച്ചതായും സിൻഹ പറയുന്നു. നേതാജിയെ അവർ രാജ്യദ്രോഹി എന്നാണത്രെ വിശേഷിപ്പിച്ചിരുന്നത്.

കുടുംബവാഴ്ചയ്ക്ക് ഭീഷണി ആയേക്കാമായിരുന്ന നേതാജിയെ നെഹ്‌റു മനഃപൂർവം ഒഴിവാക്കിയതോ?

സ്വാതന്ത്ര്യം തീരുമാനിച്ച ശേഷം ദുരൂഹമായി നേതാജി അപ്രത്യക്ഷനായതിനു പിന്നിൽ വലിയൊരു ഗൂഢാലോചനയില്ലേ എന്ന സംശയം ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ നേർക്കും ഉയർന്നിരുന്നു. വീണ്ടും നേതാജിയെക്കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ ഇന്ത്യയുടെ ഭാഗധേയം തന്നെ മാറ്റി മറിച്ചേക്കാമായിരുന്ന ആ തിരോധാനത്തിന് പിന്നിൽ നെഹ്‌റു തന്നെയെന്ന നിഗമനത്തിലും പലരും എത്തിച്ചേർന്നിരുന്നു. നേതാജി കുടുംബത്തെ മരിക്കുന്നത് വരെ നെഹ്‌റു നിരീക്ഷിച്ചു എന്ന വെളിപ്പെടുത്തലിന് പുറമെ ബ്രിട്ടീഷ് രഹസ്യ ഏജൻസിയുമായി നിരന്തരമായി വിവരങ്ങൾ പങ്കുവച്ചു എന്ന് കൂടി തെളിയുമ്പോഴാണ് നെഹ്‌റു സംശയത്തിന്റെ മുനയിൽ ആകുന്നത്. നേതാജിയുടെ കുടുംബത്തെ 20 വർഷത്തോളം നിരീക്ഷിച്ചിരുന്നുവെന്നാണ് രേഖകൾ വെളിപ്പെടുത്തുന്നത്. രഹസ്യരേഖകളുടെ പട്ടികയിൽനിന്ന് അടുത്തിടെ കേന്ദ്രസർക്കാർ ഒഴിവാക്കിയ രണ്ടുരേഖകളിലാണ് നെഹ്രുസർക്കാറിന്റെ 'ചാരവൃത്തി'യുടെ വിവരങ്ങളുള്ളത്. രഹസ്യാന്വേഷണ വിഭാഗത്തിന്റേതാണ് (ഐ.ബി.) ഈ രേഖകൾ.

ഇതിന് പുറമെയാണ് നേതാജിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ബ്രീട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ5ഉമായി നെഹ്‌റു സർക്കാർ കൈമാറിയിരുന്നുവെന്ന കാര്യം പുറത്തുവന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയാണ് ബ്രിട്ടീഷ് ഏജൻസിയുമായി വിവരങ്ങൾ കൈമാറിയിരുന്നത്. അക്കാലത്ത് രഹസ്യാന്വേഷണ ഏജൻസി നെഹ്‌റുവിന്റെ ചുമതലയിലായിരുന്നു.

ഇപ്പോൾ പുറത്തുവിടുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ?

നേതാജിയുടെ തിരോധാനം സംബന്ധിച്ച് ഇപ്പോൾ രേഖകൾ പുറത്തുവിടുന്നതിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ബിജെപി സർക്കാർ അധികാരമേറ്റതുമുതൽ ചരിത്രം വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം കേൾക്കാൻ തുടങ്ങിയതാണ്. ജവഹർലാൽ നെഹ്രുവിനെതിരെയും മറ്റും സംശയത്തിന്റെ മുന നീട്ടുന്ന തരത്തിലുള്ള രേഖകൾ പുറത്തുവിടുന്നത് ഗൂഢലക്ഷ്യം വച്ചാണെന്നും ചരിത്രം വളച്ചൊടിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP