Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലു കൊല്ലം മുമ്പ് 8000 രൂപ ശമ്പളം; ഇപ്പോൾ ഒന്നരലക്ഷവും ആഡംബരജീവിതവും; രേഖകൾ ചോർത്തി കോടീശ്വരനായ ഇന്ത്യൻ ചാരന്റെ കഥ

നാലു കൊല്ലം മുമ്പ് 8000 രൂപ ശമ്പളം; ഇപ്പോൾ ഒന്നരലക്ഷവും ആഡംബരജീവിതവും; രേഖകൾ ചോർത്തി കോടീശ്വരനായ ഇന്ത്യൻ ചാരന്റെ കഥ

നസ്സാക്ഷിയെയും മൂല്യങ്ങളെയും മറന്നാൽ എത്രമാത്രം കോടീശ്വരനാകാമെന്ന് തന്റെ ജീവിതത്തിലൂടെ തെളിയിച്ച തട്ടിപ്പുകാരനാണ് സുഭാഷ് ചന്ദ്രയെന്ന ഇന്ത്യൻ ചാരൻ. രാജ്യം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നാണ് കോർപറേറ്റ് അഴിമതിക്കേസിൽ അറസ്റ്റിലായ ജൂബിലിയന്റ് എനർജിയുടെ സീനിയർ എക്‌സിക്യൂട്ടീവായ സുഭാഷ് ചന്ദ്രയുടെ തട്ടിപ്പുകളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്.

പെട്രോളിയം മന്ത്രാലയത്തിൽ നിന്നും സുപ്രധാനമായ രേഖകൾ ചോർത്തി ചുരുങ്ങിയ കാലത്തിനുള്ളിൽ ഇയാൾ കോടികളാണ് കീശയിലാക്കിയത്. പ്രസ്തുത മന്ത്രാലയത്തിലെ മുൻ ഉദ്യോഗസ്ഥനായ സുഭാഷ് ആ ബന്ധങ്ങളെ ദുരുപയോഗം ചെയ്ത് രേഖകൾ ചോർത്തി കോടികൾ സമ്പാദിച്ച് കൂട്ടുകയായിരുന്നു. തന്റെ സ്വാർത്ഥലക്ഷ്യങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഇയാൾ തന്ത്രപ്രധാനമായ രേഖകൾ വരെ ചോർത്തിക്കൊടുക്കുകയായിരുന്നു.

നാല് കൊല്ലം മുമ്പ് വെറും 8000 രൂപ മാത്രം ശമ്പളമുണ്ടായിരുന്ന ഇയാളുടെ ഇപ്പോഴത്തെ ശമ്പളം ഒന്നരലക്ഷം രൂപയാണ്. കൂടാതെ സ്വപ്നസമാനമായ ആഡംബരജീവിതമാണിയാൾ ഇപ്പോൾ നയിച്ചിരുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.

കുതന്ത്രങ്ങളുടെയും അവിശുദ്ധബന്ധങ്ങളുടെയും അപ്പോസ്തലനായിരുന്നു സുഭാഷ് ചന്ദ്രയെന്ന് കാണാം. തന്റെ ലക്ഷ്യം സാധിക്കാൻ ബന്ധങ്ങളെ മനഃപൂർവം ഉണ്ടാക്കിയെടുക്കുന്ന ഇയാൾ അവരെ തരം പോലെ ദുരുപയോഗം ചെയ്യുന്നതിലും അതിസാമർത്ഥ്യമാണ് പ്രകടിപ്പിച്ചത്. 2008ൽ പെട്രോളിയം മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുടെ പിഎയുടെ ടൈപ്പിസ്റ്റായിട്ടായിരുന്നു സുഭാഷ് ചന്ദ്ര പ്രസ്തുത മന്ത്രാലയത്തിൽ കാലു കുത്തിയത്. 2011ൽ അവിടെ നിന്ന് പടിയിറങ്ങുമ്പോൾ വെറും 8000 രൂപ മാത്രമായിരുന്നുവത്രെ ഇയാളുടെ ശമ്പളം. എന്നാൽ അത്രയും ചുരുങ്ങിയ കാലത്തിനിടെ കോടികൾ കൊയ്യാനുള്ള ബന്ധങ്ങൾ അയാൾ പെട്രോളിയം മന്ത്രാലയത്തിലുണ്ടാക്കിയെടുത്തിരുന്നു. പെട്രോളിയം മന്ത്രാലയത്തിലെ തലവന്മാരുമായി ഇക്കാലത്തിനിടെ സുഭാഷ് ചന്ദ്ര ദൃഢമായ ബന്ധമാണ് കെട്ടിപ്പടുത്തിരുന്നത്. ഇക്കാലത്ത് ഒരു പരീക്ഷണമെന്നോണം അയാൾ ചില രേഖകൾ ചോർത്തി സ്വകാര്യ കമ്പനികൾക്ക് നൽകിയതായും റിപ്പോർട്ടുണ്ട്. ആ പരിചയവും ബന്ധങ്ങളും മുതലാക്കിയാണ് സുഭാഷ് പിൽക്കാലത്ത് രേഖകൾ ചോർത്തി അനാസായം കോടികൾ കൊയ്‌തെടുത്തിരുന്നത്.

ജൂബിലിയന്റെ എനർജിയിലേക്കുള്ള സുഭാഷിന്റെ വഴിതെളിഞ്ഞതും ഈ അവിശുദ്ധ ബന്ധത്തിലൂടെയായിരുന്നു. ഇക്കാലത്ത് അയാൾ കൃത്രിമമായ മാർഗത്തിലൂടെ എംബിഎയും കരസ്ഥമാക്കി. ജൂബിലിയന്റിൽ ജോയിന്റ് ചെയ്തതോടെ പ്രസ്തുത കമ്പനിക്കും പെട്രോളിയം മന്ത്രാലയത്തിനുമിടയിലുള്ള ഒരു മധ്യവർത്തിയായി പ്രവർത്തിക്കുകയായിരുന്നു സുഭാഷ് ചന്ദ്രയുടെ ദൗത്യമെന്ന് തെളിഞ്ഞിട്ടുണ്ട്. പെട്രോളിയം മന്ത്രാലയത്തിലെ തന്റെ ആൾക്കാരുടെ സഹായത്തോടെ അവിടെ നിന്ന് സുപ്രധാനമായ രേഖകൾ ചോർത്തിയെടുത്ത് ജൂബിലിയന്റിന് നൽകുകയായിരുന്നു അയാൾ. കോർപറേറ്റ് കുംഭകോണത്തിൽ പിടിയിലായ രാകേഷ് കുമാർ, ലാൽത പ്രസാദ് എന്നിവരും പെട്രോളിയം മന്ത്രാലയത്തിൽ 2012 വരെ താൽക്കാലിക ജീവനക്കാരായിരുന്നു. എന്നാൽ ഇവരെ പിടികൂടുകയെന്നത് എളുപ്പമല്ലായിരുന്നു. മാസങ്ങൾ നീണ്ടു നിന്ന അന്വേഷണനീരീക്ഷണങ്ങൾക്ക് ശേഷമാണിവർ അറസ്റ്റിലായിരിക്കുന്നത്.

കോടികൾ അഴിമതിക്കൂലി കൈപ്പറ്റി സുഖിച്ച് ജീവിക്കുമ്പോൾ തങ്ങളെക്കാത്തിരിക്കുന്ന കെണിയെപ്പറ്റി സുഭാഷ് ചന്ദ്രയടക്കമുള്ള പ്രതികൾ അറിഞ്ഞിരുന്നില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ദോവൽ തയ്യാറാക്കിയ കെണിയിലാണിവർ കുടുങ്ങിയതെന്ന് പറയാം. 2014 ഒക്‌ടോബർ 13 ന് അജിത് ദോവൽ കേന്ദ്ര സർക്കാരിനു ഇത് സംബന്ധിച്ച് കത്ത് കൈമാറിയിരുന്നു. ഈ മുന്നറിയിപ്പിനെ തുടർന്ന് മന്ത്രാലയങ്ങളിൽ സി.സി.ടിവികൾ സ്ഥാപിക്കാൻ ഗവൺമെന്റ് തീരുമാനമെടുത്തത്. ഊർജം, പരിസ്ഥിതി, ഖനി, ടെലികോം, ആഭ്യന്തര വകുപ്പുകളുടെ ഓഫീസുകളിലാണു ദോവലിന്റെ കത്തിനെ തുടർന്നു സുരക്ഷ ശക്തപ്പെടുത്തിയിരുന്നത്. എന്നാൽ പെട്രോളിയം മന്ത്രാലയത്തിലെ സി.സി.ടിവികൾ പിന്നീട് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നിൽ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലുണ്ടെന്നാണു അന്വേഷസംഘം ഊഹിക്കുന്നത്. ചാരന്മാരെ വഴിതെറ്റിക്കാൻ ദേവലിന്റെ നേതൃത്വത്തിൽ തെറ്റായ രേഖകൾ സ്ഥാപിച്ചെന്നും ഇവയും ചോർത്തപ്പെട്ടെന്നും തെളിഞ്ഞിട്ടുണ്ട്. ചാരന്മാരെ തെറ്റിദ്ധരിപ്പിക്കാൻ അടിസ്ഥാനമില്ലാത്ത കത്തുകളും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. തെളിവുകൾ ശക്തമാക്കിയശേഷമായിരുന്നു അറസ്റ്റുകൾ. കൂടുതൽപ്പേർ ഉടൻ വലയിലാകുമെന്നും റിപ്പോർട്ടുണ്ട്.

പുതിയ ബിജെപി ഗവൺമെന്റ് അധികാരമേറ്റപാടെ കോർപറേറ്റ് അഴിമതിയെക്കുറിച്ച് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് സൂചനകൾ ലഭിച്ചിരുന്നു. പെട്രോളിയം മന്ത്രാലയവുമായി ബന്ധപ്പെട്ട് ലോബിയിസ്റ്റുകളുടെയും കോർപറേറ്റ് ചാരന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട് നിലനിൽക്കുന്നതായി ഇതിന് മുമ്പ് തന്നെ വിവരം ലഭിച്ചിരുന്നുവെന്നാണ് സൂചന. ചാരപ്രവർത്തനത്തിനായി വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടുത്തെ കോക്കസ് നടത്തിയിരുന്നതെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി സ്‌പെഷ്യൽ സെക്രട്ടറി, രണ്ട് ജോയിന്റ് സെക്രട്ടറിമാർ, തുടങ്ങിയവരുടെ റൂമുകളുടെ താക്കാൽ വ്യാജമായി ഉണ്ടാക്കിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ആഷാ റാം(58) ഇയാളുടെ സഹായി ഈശ്വർ സിങ്(56) എന്നിവരാണു വ്യാജ താക്കോലുകൾ ഉണ്ടാക്കിയതെന്നു വ്യക്തമായിട്ടുണ്ട്. തട്ടിപ്പ് വെളിച്ചത്ത് വന്നതിനെത്തുടർന്ന് ഈ റൂമുകളുടെയെല്ലാം ലോക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. സുഭാഷ് ചന്ദ്രയെന്ന വമ്പൻ സ്രാവ് അകത്തായതോടെ അയാളുടെ ഇടപാടുകളിൽ ഭാഗഭാക്കായ മറ്റുള്ള ചിലർ കൂടി അകത്തായേക്കാം. അതിലൂടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയുടെ അരമനരഹസ്യങ്ങളും അങ്ങാടിപ്പാട്ടാകാനുള്ള വഴിയുമൊരുങ്ങിയേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP