Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓർഡിനൻസുകൊണ്ട് ദീർഘകാല നിയമപരിരക്ഷ ലഭിക്കില്ല; ഇനി കോടതിവിധി ഉണ്ടാകാത്തവിധം ശക്തമായ നിയമം ഉണ്ടാകണം; ജെല്ലിക്കെട്ടിന് താൽക്കാലികമായി കളമൊരുക്കിയ തമിഴ്‌നാട് സർക്കാരിന് തിരിച്ചടിയായി വീണ്ടും പ്രക്ഷോഭം ശക്തമായി; മധുരയിലെ കാളപ്പോര് ഉപേക്ഷിക്കാൻ ആലോചിച്ച് അധികൃതർ

ഓർഡിനൻസുകൊണ്ട് ദീർഘകാല നിയമപരിരക്ഷ ലഭിക്കില്ല; ഇനി കോടതിവിധി ഉണ്ടാകാത്തവിധം ശക്തമായ നിയമം ഉണ്ടാകണം; ജെല്ലിക്കെട്ടിന് താൽക്കാലികമായി കളമൊരുക്കിയ തമിഴ്‌നാട് സർക്കാരിന് തിരിച്ചടിയായി വീണ്ടും പ്രക്ഷോഭം ശക്തമായി; മധുരയിലെ കാളപ്പോര് ഉപേക്ഷിക്കാൻ ആലോചിച്ച് അധികൃതർ

മധുര: തമിഴ്‌നാട്ടിൽ ദശാബ്ദങ്ങൾക്കുമുമ്പ് ഉണ്ടായ ഹിന്ദിവിരുദ്ധ പ്രക്ഷോഭത്തിനെ കവച്ചുവയ്ക്കുംവിധം ദ്രാവിഡപ്പഴമയ്ക്കുമേൽ കോടതിവിധി വേണ്ടെന്ന മുദ്രാവാക്യമുയർത്തി നടന്ന ജെല്ലിക്കെട്ട് പ്രക്ഷോഭം പുതിയ വഴിത്തിരിവിൽ. ജെല്ലിക്കെട്ടിനെതിരായ കോടതിവിധി മറികടക്കാൻ ഓർഡിനൻസ് ഇറക്കി ഗവർണറെ കൊണ്ട് ഒപ്പുവയ്പിച്ച് തമിഴ്‌നാട് സർക്കാർ ജനരോഷം ശമിപ്പിക്കാൻ ഇന്നലെ താൽക്കാലിക പ്രശ്‌നപരിഹാരം സൃഷ്ടിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് മധുരയിൽ ജെല്ലിക്കെട്ട് നടത്താനും ഒരുക്കങ്ങൾ തുടങ്ങി. പക്ഷേ, വലിയൊരു വിഭാഗം ഇപ്പോഴും എതിർപ്പ് തുടരുന്നത് പ്രക്ഷോഭം അടുത്തൊന്നും തീരില്ലെന്നതിന്റെ സൂചനകളാണ് നൽകുന്നത്. അതേസമയം, പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ മധുരയിൽ ഇന്ന് നടത്താനിരുന്ന ജെല്ലിക്കെട്ട് ഉപേക്ഷിക്കാനും ആലോചിക്കുകയാണ് സർക്കാർ.

ഓർഡിൻസ് പോരാ, നിയമ നിർമ്മാണം വേണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയതോടെയാണ് സമരം ഇനിയും തുടരുമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തുന്നത്. സ്ഥിരമായി ജെല്ലിക്കെട്ട് നടത്താൻ അവസരമുണ്ടാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.

അതേസമയം, ജെല്ലിക്കെട്ടിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയതോടെ ഇന്നു രാവിലെ പത്തിനു മധുരയിലെ അളകാനെല്ലൂരിൽ മുഖ്യമന്ത്രി ഒ.പനീർസെൽവം ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യും. മറ്റു സ്ഥലങ്ങളിൽ 11 മണിക്കു ജെല്ലിക്കെട്ട് ആരംഭിക്കുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്. എന്നാൽ ഒരുവിഭാഗം പ്രതിഷേധക്കാർ ഇത് അനുവദിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്. ജെല്ലിക്കെട്ട് നടത്താൻ ഉദ്ദേശിച്ചിരുന്ന പ്രദേശത്താണ് പ്രതിഷേധം. നൂറുകണക്കിന് ആളുകളാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്. അളങ്കനെല്ലൂരിലേക്കുള്ള റോഡുകളെല്ലാം പ്രതിഷേധക്കാർ ഉപരോധിച്ചു. പ്രതിഷേധക്കാർ റെയിൽവേ ട്രാക്കുകൾ ഉപരോധിച്ചതോടെ മധുര വഴിയുള്ള ട്രെയിൻ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. പ്രതിഷേധക്കാരുമായി അധികൃതർ നടത്തിയ ചർച്ച പരാജയപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പനീർശെൽവം മധുരയിൽ ഉന്നതതലയോഗം വിളിച്ചു.

മൂന്നു വർഷം നീണ്ട നിരോധനത്തിനൊടുവിലാണ് ഇന്ന് തമിഴ്‌നാട്ടിൽ വീണ്ടും ജെല്ലിക്കെട്ടിന് കളമൊരുങ്ങിയത്. ദ്രാവിഡ സംസ്‌കാരപ്പെരുമയാണ് ജെല്ലിക്കെട്ടെന്നും നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ആചാരം കോടതിവിധിയിലൂടെ തടയപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴകം ഒറ്റക്കെട്ടായി പ്രക്ഷോഭത്തിന് തെരുവിലിറങ്ങുകയായിരുന്നു. ആറുമാസത്തെ കാലാവധി മാത്രമുള്ള ഓർഡിനൻസിനു പകരം ഒരു കോടതിക്കും ചോദ്യം ചെയ്യാൻ കഴിയാത്തത്ര ശക്തമായ നിയമനിർമ്മാണം നടത്തണമെന്നാണ് ആവശ്യം. താൽക്കാലിക പരിഹാരത്തിൽ തൃപ്തരല്ലെന്നും എല്ലാ വർഷവും ജെല്ലിക്കെട്ടിന് അനുമതി വേണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെടുന്നു. അളകാനെല്ലൂരിലെ സ്ഥിരം ജെല്ലിക്കെട്ടു വേദിക്കു സമീപം പ്രതിഷേധക്കാർ തടിച്ചുകൂടിയിരിക്കുകയാണ്. ഇവിടെ ജെല്ലിക്കെട്ടു നടത്താനുള്ള ഒരുക്കങ്ങൾ പൂർത്തിയായിട്ടുമില്ല. അഴകാനല്ലൂരിലേക്കുള്ള റോഡ് ഗതാഗതം പലയിടത്തും പ്രക്ഷോഭകർ തടയുന്നുണ്ട്. ജെല്ലിക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീർശെൽവത്തിനെയും വഴിയിൽ തടയുമെന്നാണു സൂചന. മധുരയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം ഉപരോധം തുടരുകയാണ്.

ആളങ്കനല്ലൂരിൽ രാവിലെ പത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി പനീർശെൽവമാണ് ജെല്ലിക്കെട്ടിന്റെ ഉത്ഘാടകൻ. ജെല്ലിക്കെട്ടിൻെ പശ്ചാത്തലത്തിൽ അളങ്കനല്ലൂരിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 2500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ മേഖലയിൽ വിന്യസിച്ചിരുന്നു. ജെല്ലിക്കെട്ട് നടത്തുന്നതിനുള്ള സംസ്ഥാന സർക്കാർ ഓർഡിൻസിൽ ഇന്നലെ ഗവർണർ വിദ്യാസാഗർ റാവു ഒപ്പുവച്ചതോടെ ജെല്ലിക്കെട്ടിന് കളമൊരുങ്ങുകയായിരുന്നു. ചെന്നൈ മറീന ബീച്ചിൽ വിദ്യാർത്ഥിയുവജന സംഘടനകൾ നടത്തുന്ന പ്രക്ഷോഭം അഞ്ചാം ദിവസത്തിലെത്തിയതോടെയാണ് പ്രക്ഷോഭം അവസാനിപ്പിക്കാൻ ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസിന് കേന്ദ്ര നിയമ, പരിസ്ഥിതി മന്ത്രാലയം വെള്ളിയാഴ്ച അംഗീകാരം നൽകിയിരുന്നു.

ജെല്ലിക്കെട്ടിന് വേണ്ടി തമിഴ്‌നാട്ടിലെ വിദ്യാർത്ഥികളും യുവജനങ്ങളും നയിച്ച പ്രക്ഷോഭങ്ങളിൽ സംസ്ഥാനമൊട്ടാകെ ലക്ഷങ്ങളാണ് പങ്കെടുത്തത്. ചെന്നൈ മറീന ബീച്ചായിരുന്നു പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രം. അഞ്ച് ലക്ഷത്തോളം പേർ മറീനയിലേക്ക് ഒഴുകിയെത്തി. നഗരങ്ങളിലെ സമരം ഗ്രാമങ്ങളിലേക്കും വ്യാപിച്ചു.

ജെല്ലിക്കെട്ട് പ്രക്ഷോഭത്തിന് പിന്തുണയുമായി നിരവധി തമിഴ് സിനിമാ താരങ്ങളും രംഗത്തുവന്നിരുന്നു. കമൽ ഹാസൻ, രജനികാന്ത്, ഹൻസിക, ശരത് കുമാർ തുടങ്ങിയവരാണ് പുതിയതായി സമരരംഗത്ത് എത്തിയത്. നേരത്തെ പ്രശസ്ത ഗായകൻ എ.ആർ. റഹ്മാൻ ഉൾപ്പെടെ ഉള്ളവർ ജെല്ലിക്കെട്ടിന് പിന്തുണ നൽകിയിരുന്നു.

കേന്ദ്രസർക്കാരിന്റെ അഭ്യർത്ഥന പ്രകാരം ജെല്ലിക്കെട്ട് കേസിൽ വിധി പറയുന്നത് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ജെല്ലിക്കെട്ടുമായുള്ള മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും കൂടി പരിഗണിക്കേണ്ടതുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരും സംസ്ഥാനവുമായി ചർച്ചകൾ നടക്കുകയാണ്. ക്രമസമാധാന പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. അതുകൊണ്ട് വിധി പറയുന്നത് നീട്ടിവെക്കണമെന്നാണ് സുപ്രീംകോടതിയിൽ അറ്റോർണി ജനറൽ അറിയിച്ചത്. ഇതിനെ തുടർന്നാണ് വരുന്ന ഒരാഴ്ചത്തേക്ക് ജെല്ലിക്കെട്ടുമായി ബന്ധപ്പെട്ട് ഒരു ഉത്തരവും ഇറക്കുകയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP