Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചുരുട്ടിവച്ച മീശ മാത്രമല്ല, ആർക്കു മുന്നിലും വളയാത്ത നട്ടെല്ലു കൂടിയുള്ള ഇരട്ട ചങ്കൻ; ഏറ്റെടുത്ത ജോലികൾ ഉശിരോടെ ചെയ്ത് തീർക്കുന്ന കർക്കശക്കാരൻ; പൊൻ മാണിക്കവേലെന്ന ഐപിഎസുകാരന് വിരമിക്കുന്ന ദിവസം കോടതി ഇടപെട്ടു കാലാവധി നീട്ടി നൽകിയത് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച് നാട്ടുകാർ

ചുരുട്ടിവച്ച മീശ മാത്രമല്ല, ആർക്കു മുന്നിലും വളയാത്ത നട്ടെല്ലു കൂടിയുള്ള ഇരട്ട ചങ്കൻ; ഏറ്റെടുത്ത ജോലികൾ ഉശിരോടെ ചെയ്ത് തീർക്കുന്ന കർക്കശക്കാരൻ; പൊൻ മാണിക്കവേലെന്ന ഐപിഎസുകാരന് വിരമിക്കുന്ന ദിവസം കോടതി ഇടപെട്ടു കാലാവധി നീട്ടി നൽകിയത് പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷിച്ച് നാട്ടുകാർ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ചുരുട്ടിവച്ച മീശ മാത്രമല്ല, ആർക്കു മുന്നിലും വളയാത്ത നട്ടെല്ലു കൂടി സ്വന്തമായുണ്ടെന്നു പൊൻ മാണിക്കവേലെന്ന ഐപിഎസുകാരൻ പല തവണ തെളിയിച്ചിട്ടുണ്ട്. ഇരട്ടച്ചങ്കോടെ ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കുന്നതാണു ശൈലി. ഇതുകൊണ്ടൊക്കെ തന്നെയാണ് വിരമിക്കുന്ന ദിവസം ഒരു പൊലീസ് ഉദ്യോഗസ്ഥനു കോടതി ഇടപെട്ടു കാലാവധി നീട്ടി നൽകുമ്പോൾ മറ്റേതൊരു ഗുഡ് സർവീസ് എൻട്രിക്കും മുകളിൽ വലിയയൊരു മധുരം നാട്ടുകാർ നൽകിയത്. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് നാട്ടുകാർ അവരുടെ സന്തോഷം ആഘോഷിച്ചത്. മധുരയിലെ അരസാർപട്ടിയിലാണു പൊൻ മാണിക്ക വേലിന്റെ ജനനം.

പിതാവ് ഡെപ്യൂട്ടി കളക്ടറായിരുന്നു. സിവിൽ സർവീസ് മോഹവുമായി ഇന്റർവ്യൂ ബോർഡിനു മുന്നിലിരിക്കുമ്പോൾ ഐഎഎസ് ആയിരുന്നു മനസ്സിൽ. ഉത്തരങ്ങളിൽ ഒരു കാക്കി കയ്യൊപ്പു കണ്ട, ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മുൻ ഡിജിപി വാൾട്ടർ ദേവാരമാണു പൊലീസിലേക്കു തിരിച്ചു വിട്ടത്. ആ തീരുമാനം തെറ്റിയില്ലെന്നതു 30 വർഷത്തിലേറെ ദൈർഘ്യമുള്ള സർവീസ് തന്നെയാണ് സാക്ഷി.

ഡിസിപിയെന്ന നിലയിൽ രാമേശ്വരത്തെ കുപ്രസിദ്ധ ഗുണ്ട കോർട്ട് മണിയുടെ സംഘത്തെ ഒതുക്കിയായിരുന്നു മാണിക്കവേലിന്റെ തുടക്കം. കോടതിയിൽ കയറി ജഡ്ജിയെ ഭീഷണിപ്പെടുത്തുന്ന നിലയിലേക്കു വളർന്ന മണിയുടെ മടയിൽ തോക്കുമായി ഒറ്റയ്ക്കു ചെന്നാണു പൊൻ മാണിക്കവേൽ കാക്കിയുടെ കരുത്ത് അറിയിച്ചത്. കുറ്റവാളികൾക്കു നേരെ മീശ ചുരുട്ടിയപ്പോഴും പൊതുജന സൗഹൃദത്തിന്റെ പുഞ്ചിരി പൊലീസിന്റെ ചുണ്ടിൽ വിരിയിക്കാൻ അദ്ദേഹം പല പദ്ധതികൾ നടപ്പാക്കി. ജനങ്ങൾക്കു പൊലീസിനെക്കുറിച്ച് പരാതി പറയുന്നതിനുള്ള ഗ്രീവെൻസ് സെല്ലുകൾ ആരംഭിച്ചതാണു ഇതിൽ പ്രധാന സംഭാവന.

ചെങ്കൽപ്പേട്ട് ഈസ്റ്റ് എസ്‌പിയായിരിക്കെ നേതൃത്വം നൽകിയ 8 ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വിവാദ നായകനാക്കി. രാഷ്ട്രീയക്കാരുടെ കണ്ണിലെ കരടായിരുന്ന പൊൻ മാണക്കവേലിനെ ഒതുക്കാനാണു 2012-ൽ വിഗ്രഹ മോഷണം തടയൽ വിഭാഗത്തിന്റെ തലവനാക്കിയത്. വീണിടം വിഷ്ണുലോകമാക്കിയ അദ്ദേഹം അവിടെയും സ്വന്തം മുദ്ര പതിപ്പിച്ചു. അതിനു ലഭിച്ച അംഗീകാരമാണു കോടതിയുടെ ഇന്നലത്തെ തീരുമാനവും ജനങ്ങൾ അതിനു നൽകിയ സ്വീകരണവും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP