Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

സ്‌ട്രോയ്ക്കും സിപ്പർ കപ്പിനും വേണ്ടി ഫാ.സ്റ്റാൻ സ്വാമി ഇനിയും കാത്തിരിക്കണം; സ്റ്റാൻ സ്വാമിയുടെ ഹർജി പരി​ഗണിക്കുന്നത് ഡിസംബർ നാലിലേക്ക് മാറ്റി

സ്‌ട്രോയ്ക്കും സിപ്പർ കപ്പിനും വേണ്ടി ഫാ.സ്റ്റാൻ സ്വാമി ഇനിയും കാത്തിരിക്കണം; സ്റ്റാൻ സ്വാമിയുടെ ഹർജി പരി​ഗണിക്കുന്നത് ഡിസംബർ നാലിലേക്ക് മാറ്റി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ഫാ.സ്റ്റാൻ സ്വാമി ഭക്ഷണവും പാനീയങ്ങളും കഴിക്കുന്നതിന് ആവശ്യമായ സ്‌ട്രോയ്ക്കും സിപ്പർ കപ്പിനും വേണ്ടി സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ഡിസംബർ നാലിലേക്ക് മാറ്റി. പാർക്കിൻസൺസ് രോഗിയായതിനാൽ സ്‌ട്രോയും സിപ്പർ കപ്പും ഉപയോ​ഗിക്കാൻ അനുവ​ദിക്കണമെന്നാണ് സ്റ്റാൻ സ്വാമിയുടെ ആവശ്യം.

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തന്നെ അറസ്റ്റു ചെയ്തപ്പോൾ പിടിച്ചെടുത്ത സ്‌ട്രോയും സിപ്പർ കപ്പും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് സ്റ്റാൻ സ്വാമി പുണെ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അവ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതിയിൽ എൻഐഎ സത്യവാങ്മൂലം നൽകി. ഇതോടെ സ്റ്റാൻ സ്വാമിയുടെ അപേക്ഷ പുണെയിലെ പ്രത്യേക കോടതി തള്ളിയിരുന്നു. പാർക്കിൻസൺ രോഗം സ്ഥിരീകരിച്ചതിനാൽ കപ്പ് മുറുക്കെപ്പിടിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റാൻ സ്വാമി കോടതിയെ സമീപിച്ചത്. മുംബൈ പ്രത്യേക കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

‘പാർക്കിൻസൺ രോഗം കാരണം കൈവിറയ്ക്കുന്നതിനാൽ ഗ്ലാസുകൾ പിടിക്കാൻ പോലും എനിക്ക് പറ്റുന്നില്ല,’ അദ്ദേഹം ഹർജിയിൽ പറഞ്ഞു. സ്റ്റാൻ സ്വാമിയെ എൻ.ഐ.എ അറസ്റ്റ് ചെയ്യുന്നത് ഒക്ടോബർ എട്ടിനാണ്. ഭീമ കൊറേഗാവ് കേസിൽ വാറന്റ് ഇല്ലാതെയായിരുന്നു എൻ.ഐ.എ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. നിലവിൽ തലോജ സെൻട്രൽ ജയിലിലാണ് 83 കാരനായി സ്റ്റാൻ സ്വാമി. എൻ.ഐ.എ 15 മണിക്കൂറോളം തന്നെ ചോദ്യം ചെയ്തിരുന്നതായും സ്റ്റാൻ സ്വാമി പറഞ്ഞിരുന്നു. മാവോവാദികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് തന്നോട് ചോദിച്ചതെന്നും അറസ്റ്റിന് മുമ്പ് പുറത്ത് വിട്ട വീഡിയോയിൽ സ്റ്റാൻ സ്വാമി പറഞ്ഞു.

ഫാ. സ്റ്റാൻ സ്വാമി

ജെസ്യൂട്ട് സഭാ വൈദികനായ ഫാ. സ്റ്റാൻ സ്വാമി ജാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവർത്തകനാണ്. ഭൂമി, വനം, തൊഴിൽ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആദിവാസി വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഝാർഖണ്ഡിൽ പ്രവർത്തിക്കുന്നു.ആദിവാസി വിഭാഗങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം എന്നിവയ്ക്കായി അവർ ഉൾപ്പെടുന്ന ഗോത്ര ഉപദേശക സമിതി രൂപീകരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ അഞ്ചാം പട്ടിക നടപ്പാക്കാത്തതിനെ ചോദ്യം ചെയ്യുന്നത് ഇതിൽ ഉൾപ്പെടുന്നു.

‘നക്‌സലുകൾ’ എന്ന് ചാപ്പകുത്തി ആയിരക്കണക്കിന് ആദിവാസി, മൂലവാസി ചെറുപ്പക്കാരെ അന്വേഷണ ഏജൻസികൾ ‘വിവേചനരഹിതമായി’ അറസ്റ്റ് ചെയ്യുന്നതിനെ താൻ ചോദ്യം ചെയ്തതായി എൻഐഎ കസ്റ്റഡിയിലെടുക്കുന്നതിനു രണ്ടു ദിവസം മുൻപ് പുറപ്പെടുവിച്ച പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള വിചാരണത്തടവുകാരെ വ്യക്തിഗത ബോണ്ടിനുമേൽ മോചിപ്പിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി ജാർഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരുന്നു. വിചാരണ പ്രക്രിയയിലെ കാലതാമസത്തിനുള്ള കാരണങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മിഷനെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

‘ലാൻഡ് ബാങ്കുകൾ’ സ്ഥാപിക്കാനുള്ള ജാർഖണ്ഡ് സർക്കാർ തീരുമാനത്തിനെതിരെയും സ്വാമി നിലകൊണ്ടിരുന്നു. ചെറുകിട, വൻകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിന് ലാൻഡ് ബാങ്കുകൾ സ്ഥാപിക്കാനുള്ള നീക്കം ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ ഭൂമിയിൽനിന്ന് പുറന്തള്ളുമെന്ന് അദ്ദേഹം വാദിച്ചു. സർക്കാരിന്റെ നിരവധി നയങ്ങളോടും ഭരണഘടന ലംഘിക്കുന്ന തരത്തിൽ നിർമ്മിക്കുന്ന നിയമങ്ങളോടും വിയോജിപ്പ് പ്രകടിപ്പിക്കുന്നതാണ് തന്റെ പ്രവർത്തനമെന്ന് സ്വാമിയുടെ പ്രസ്താവനയിൽ പറയുന്നു.

ഭീമ കൊറേ​ഗാവ് കേസ്

ഭീമ കൊറേഗാവിൽ 1818 ൽ നടന്ന യുദ്ധത്തിൽ പേഷ്വകൾക്കെതിരെ വിജയം നേടിയ ബ്രിട്ടീഷ് സൈന്യത്തിൽ പ്രധാനമായും അണിനിരന്നത് ദലിത് സമുദായത്തിൽ നിന്നുള്ളവരായിരുന്നു. ഈ വിജയത്തിന്റെ 200-ാം വാർഷികത്തിന്റെ സ്മരണ പുതുക്കാൻ 2018 ജനുവരി ഒന്നിന് ആയിരക്കണക്കിന് ദലിതർ പൂണെക്കു സമീപം ഒത്തുകൂടിയിരുന്നു. ഇവരെ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.

ദൃക്സാക്ഷികളുടെ മൊഴിയെത്തുടർന്ന് ഹിന്ദു നേതാവ് മിലിന്ദ് ഏക്‌ബോതെ, സാംഭജി ഭിഡെ എന്നിവർക്കെതിരെ ജനുവരി രണ്ടിന് പിംപ്രി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എന്നാൽ, ജനുവരി എട്ടിനു പൂണെ പൊലീസ് മറ്റൊരു എഫ്ഐആർ ഫയൽ ചെയ്തു. എൽഗർ പരിഷത്ത് എന്ന പേരിൽ 2017 ഡിസംബർ 31 ന് പൂണെയിലെ ശനിവാർ വാഡയിൽ നടന്ന സംഭവത്തെ തുടർന്നാണ് അക്രമം നടന്നതെന്ന് ആരോപിക്കുന്നതായിരുന്നു ഈ എഫ്‌ഐആർ. ഈ പരിപാടി മാവോയിസ്റ്റ് പ്രവർത്തനത്തിന്റെ ഭാഗമായാണ് സംഘടിപ്പിച്ചതെന്നും ഇതിൽ പങ്കാളികളാണെന്നും ആരോപിച്ച് സാമൂഹ്യപ്രവർത്തകരെ പൂണെ പൊലീസ് അറസ്റ്റ് ചെയ്തു.

എൽഗാർ പരിഷത്ത്/ഭീമ കൊറേഗാവ് കേസിൽ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ(മാവോയിസ്റ്റ്)യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആരോപണം. കേസിൽ 2018 മുതൽ അറസ്റ്റ് നടന്നിട്ടുണ്ട്. ഫാ. സ്റ്റാൻ സ്വാമിയെ കൂടാതെ, ഛത്തീസ്‌ഗഡിലെ ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്ലിങ്, ഡൽഹി യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീർ കലാ മഞ്ചിലെ മൂന്ന് അംഗങ്ങൾ ഉൾപ്പെടെ ഏഴു പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

സ്വാമിക്കെതിരായ ആരോപണം

ബാഗൈച്ചയിലെ ജെസ്യൂട്ട് വസതിയിൽ നടത്തിയത് ഉൾപ്പെടെ, സ്വാമിയെ നിരവധി തവണ എൻഐഎ ചോദ്യം ചെയ്തിരുന്നു. മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ വസതിയിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. മാവോയിസ്റ്റുകളുമായുള്ള ബന്ധം ആരോപിക്കാനായി തന്റെ കമ്പ്യൂട്ടറിൽനിന്ന് എടുത്തതാണെന്ന് അവകാശപ്പെടുന്ന നിരവധി രേഖകൾ എൻഐഎ തന്റെ മുന്നിൽ വച്ചിരുന്നതായി സ്വാമി പ്രസ്താവനയിൽ പറഞ്ഞിരുന്നു.”ഇവയെല്ലാം ഗൂഢമായി കെട്ടിച്ചമച്ച് എന്റെ കമ്പ്യൂട്ടറിൽ ഉൾപ്പെടുത്തിയതാണെന്ന് ഞാൻ അവരോട് പറഞ്ഞു. ഞാൻ അവയെ തള്ളിപ്പറഞ്ഞു,” അദ്ദേഹത്തിന്റെ പ്രസ്താവനയിൽ പറയുന്നു. തനിക്കു മാവോയിസ്റ്റ് ബന്ധമുണ്ടെന്ന ആരോപണങ്ങൾ നിഷേധിച്ച അദ്ദേഹം താൻ ഒരിക്കലും ഭീമ കൊറേഗാവിൽ പോയിട്ടില്ലെന്നും വീഡിയോയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP