Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്‌പിജി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി; കോൺഗ്രസ് ഇറങ്ങിപ്പോയി; ചർച്ചയ്ക്കിടെ ​ഗോഡ്സയെ ദേശഭക്തനെന്ന് വിളിച്ച് പ്രജ്ഞ സിങ് ഠാക്കൂർ ‌

എസ്‌പിജി ഭേദഗതി ബിൽ ലോക്സഭ പാസ്സാക്കി; കോൺഗ്രസ് ഇറങ്ങിപ്പോയി; ചർച്ചയ്ക്കിടെ ​ഗോഡ്സയെ ദേശഭക്തനെന്ന് വിളിച്ച് പ്രജ്ഞ സിങ് ഠാക്കൂർ ‌

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പ്രതിപക്ഷ ബഹളത്തിനിടെ എസ്‌പിജി ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. ഗാന്ധി കുടുംബത്തെ ലക്ഷ്യമിട്ടാണ് അമിത്ഷാ എസ്‌പിജി ഭേദഗതി ബിൽ പാസ്സാക്കിയതെന്ന് ആരോപിച്ച് കോൺഗ്രസ് സഭയിൽ നിന്നും ഇറങ്ങിപ്പോയി. ജനങ്ങളുടെ തീരുമാനം കോൺഗ്രസ് അംഗീകരിക്കണമെന്നും ഇപ്പോൾ അധികാരത്തിലില്ലെന്ന് മനസ്സിലാക്കണമെന്നും സഭയിൽ ചർച്ചക്കിടെ ഷാ പറഞ്ഞിരുന്നു. മുൻ പ്രധാനമന്ത്രിമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ജീവിതകാലം മുഴുവൻ എസ്‌പിജി സംരക്ഷണം നൽകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ആരുടെയും സുരക്ഷ കുറയ്ക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന് സുരക്ഷ കൂട്ടുകയാണു ചെയ്തതെന്നും ബിൽ അവതരിപ്പിച്ച ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. സുരക്ഷ പിൻവലിക്കുകയല്ല, സംവിധാനം മാറ്റുകയാണു ചെയ്തത്. മുൻ പ്രധാനമന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കും ഒരു വർഷത്തേക്കു സുരക്ഷ നൽകാനും അവർ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ ഓരോ വർഷവും അതു നീട്ടാനുമുള്ള വ്യവസ്ഥയാണു റദ്ദാക്കിയത്. പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി എസ്‌പിജി സുരക്ഷ എന്നത് നിയമത്തിലൂടെ പാസായി.

ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർത്തു. രാഷ്ട്രീയം മാത്രം നോക്കിയാണ് സർക്കാർ ഇങ്ങനെയൊരു ഭേദഗതി കൊണ്ടുവന്നതെന്ന് കോൺഗ്രസ് അംഗം മനീഷ് തിവാരി പറഞ്ഞു. രാജീവ് ഗാന്ധിക്ക് രാഷ്ട്രീയ കാരണങ്ങളാൽ സുരക്ഷ പിൻവലിച്ചതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അന്ന് സുരക്ഷ പിൻവലിക്കാൻ വി.പി. സിങ് സർക്കാർ പറഞ്ഞ അതേ കാരണങ്ങളാണ് ഇപ്പോഴത്തെ ഭേദഗതി ബില്ലിലുമുള്ളതെന്നും. അന്ന് അതു ചെയ്തില്ലായിരുന്നെങ്കിൽ രാജീവ് ഗാന്ധി ഇന്നും ഈ സഭയിലുണ്ടാകുമായിരുന്നു. മന്മോഹൻ സിങ്ങിന്റെയും സോണിയ ഗാന്ധിയുടെയും ഓഫിസ് എസ്‌പിജി സുരക്ഷ പിൻവലിക്കുന്നതിനെക്കുറിച്ച് ചോദിച്ച കത്തിന് ആഭ്യന്തര മന്ത്രാലയം മറുപടി പറഞ്ഞില്ലെന്നും മനീഷ് തിവാരി ആരോപിച്ചു.

ബിൽ ശബ്ദവോട്ടിനിട്ടതോടെ കോൺഗ്രസ്, ഡിഎംകെ, ഇടത് അംഗങ്ങൾ ഇറങ്ങിപ്പോകുകയായിരുന്നു. 1985 ലെ ബിർബൽ നാഥ് കമ്മിറ്റിയുടെ ശുപാർശകൾക്കനുസരിച്ചാണ് എസ്‌പിജി രൂപീകരിച്ചത്, തുടർന്ന് 1988ൽ നിയമം പ്രാബല്യത്തിൽ വന്നു. എന്നിരുന്നാലും, 1991, 1994, 1999, 2003 വർഷങ്ങളിൽ വിവിധ ഭേദഗതികൾ കൊണ്ടുവന്നു. ഇത് അതിന്റെ ഉദ്ദേശ്യത്തെ ദുർബലമാക്കി. എസ്‌പിജിയെ കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് ഈ സർക്കാർ ലക്ഷ്യമിടുന്നതെന്നും ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയതാണ് ഭേദഗതികളിൽ ഒന്ന്. സോണിയ ഗാന്ധി, രാഹുൽ, പ്രിയങ്ക എന്നിവരെ എസ്‌പിജി പരിരക്ഷയിൽ ഉൾപ്പെടുത്തി. എന്നാൽ അടുത്തിടെ മോദി സർക്കാർ അവർക്ക് നൽകിയ എലൈറ്റ് കവർ നീക്കം ചെയ്യുകയും പകരം Z + സുരക്ഷ നൽകുകയും ചെയ്തു.

പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും ഔദ്യോഗിക വസതിയിൽ എസ്‌പിജി സുരക്ഷ നൽകുമെന്ന് നിർദ്ദിഷ്ട ബില്ലിൽ പറയുന്നു. മുൻ പ്രധാനമന്ത്രിമാർക്കും അദ്ദേഹത്തോടൊപ്പം താമസിക്കുന്ന കുടുംബാംഗങ്ങൾക്കും സുരക്ഷ നൽകും. ഇത് ഔദ്യോഗിക പദവി അവസാനിപ്പിച്ച ശേഷമുള്ള 5 വർഷത്തേക്ക് മാത്രമാണെന്നും ബില്ലിൽ പറയുന്നു. 2015 മുതൽ സോണിയ ഗാന്ധി 50 തവണയും രാഹുൽ ഗാന്ധി 1892 തവണയും പ്രിയങ്ക ഗാന്ധി 339 തവണയും എസ്‌പിജി സുരക്ഷാചട്ടങ്ങൾ ലംഘിച്ചെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ബിൽ പാസാക്കവേ സഭയിൽ പറഞ്ഞു.

വിദേശയാത്രകളിൽ മിക്കതിലും എസ്‌പിജിയെ ഒഴിവാക്കി. അവസാന നിമിഷമാണ് പല യാത്രകളുടെയും വിവരങ്ങൾ എസ്‌പിജിക്കു കൈമാറിയത്. ഗാന്ധി കുടുംബത്തിന് സുരക്ഷ കുറച്ചിട്ടില്ല. എസ്‌പിജി സുരക്ഷ മാറ്റി സെഡ് പ്ലസ് സുരക്ഷയാക്കുകയാണു ചെയ്തത്. എന്നാൽ, പ്രധാനമന്ത്രി 3 തവണ എസ്‌പിജി പ്രോട്ടോക്കോൾ ലംഘിച്ചതിനെക്കുറിച്ചും പറയണമെന്ന് കോൺഗ്രസും തിരിച്ചടിച്ചു. ഗുജറാത്തിൽ അദ്ദേഹം എസ്‌പിജിയില്ലാതെ സീപ്ലെയിനിൽ പോയി. കർണാടകയിലെ ചിത്രദുർഗയിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്ററിൽ നിന്ന് ഒരു പെട്ടി ഇന്നോവ കാറിലേക്കു മാറ്റി. ഒഡീഷയിൽ അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ പരിശോധിക്കാനെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു.

ഇതെല്ലാം പ്രധാനമന്ത്രിക്കുണ്ടായ സുരക്ഷാ പാളിച്ചകളാണ്. സീപ്ലെയിനിൽ പോയത് ടൂറിസം പ്രോത്സാഹിപ്പിക്കാനാണെന്നും എസ്‌പിജി പരിശോധനകൾക്കു ശേഷമായിരുന്നു അതെന്നും പറഞ്ഞ അമിത് ഷാ മറ്റു സംഭവങ്ങളെക്കുറിച്ചു പ്രതികരിച്ചില്ല. എന്നാൽ, ചർച്ചയ്ക്കിടെ എസ്‌പിജി ബിൽ ചർച്ചയ്ക്കിടെ നാഥുറാം ഗോഡ്സെയെ ദേശഭക്തനെന്നു വീണ്ടും വിളിച്ച് ബിജെപി അംഗം പ്രജ്ഞ സിങ് ഠാക്കൂർ. ഡിഎംകെ അംഗം ഡി. രാജ ബില്ലിനെ എതിർത്തു സംസാരിക്കുന്നതിനിടെ, ഗോഡ്സെ 32 വർഷം ഗാന്ധിജിയോടു പക സൂക്ഷിച്ചിരുന്നുവെന്നു പറഞ്ഞപ്പോഴായിരുന്നു പ്രജ്ഞയുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP