Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202027Sunday

'ഇത് എന്റെ മകനുവേണ്ടി മാത്രമല്ല, ഫാംഡി കോഴ്സ് പഠിച്ച രാജ്യത്തെ അറുപതിനായിരം ബിരുദധാരികൾക്കുവേണ്ടിക്കൂടി; സൈമൺ ജോഷ്വയുടെ 52 ദിവസം നീണ്ട  സമരം ഡൽഹിയിൽ സമാപിച്ചു; കോഴ്സിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള തസ്തികകളോ കേഡറോ, സർക്കാറോ ഫാർമസി കൗൺസിലോ സൃഷ്ടിച്ചിട്ടില്ല; പേരിനൊപ്പം ഡോക്ടർ വെക്കാമെന്ന ഒരു ആനുകൂല്യം മാത്രം; പഠന ചെലവ് 20 മുതൽ 25 ലക്ഷം വരെ; തീരുമാനമായില്ലെങ്കിൽ നിരാഹാരസമരം

'ഇത് എന്റെ മകനുവേണ്ടി മാത്രമല്ല, ഫാംഡി കോഴ്സ് പഠിച്ച രാജ്യത്തെ അറുപതിനായിരം ബിരുദധാരികൾക്കുവേണ്ടിക്കൂടി; സൈമൺ ജോഷ്വയുടെ 52 ദിവസം നീണ്ട  സമരം ഡൽഹിയിൽ സമാപിച്ചു; കോഴ്സിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള തസ്തികകളോ കേഡറോ, സർക്കാറോ ഫാർമസി കൗൺസിലോ സൃഷ്ടിച്ചിട്ടില്ല; പേരിനൊപ്പം ഡോക്ടർ വെക്കാമെന്ന ഒരു ആനുകൂല്യം മാത്രം; പഠന ചെലവ് 20 മുതൽ 25 ലക്ഷം വരെ; തീരുമാനമായില്ലെങ്കിൽ നിരാഹാരസമരം

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: തൃശ്ശൂർ പൂമലസ്വദേശി സൈമൺ ജോഷ്വയുടെ 52 ദിവസം നീണ്ട രണ്ടാംഘട്ട സമരം കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽ സമാപിച്ചത്. ഇനി രണ്ടുമാസംകൂടി കാക്കും. ഇല്ലെങ്കിൽ ജലപാനംപോലും കഴിക്കാതെ നിരാഹാരമിരിക്കും. ഡൽഹിയിലെ ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ ഓഫീസിനുമുന്നിൽ മരണംവരെ സമരം. ''ഇത് എന്റെ മകനുവേണ്ടി മാത്രമല്ല, ലക്ഷങ്ങൾ ചെലവഴിച്ച് ഫാംഡി കോഴ്സ് പഠിച്ച രാജ്യത്തെ അറുപതിനായിരം ബിരുദധാരികൾക്കുവേണ്ടിയാണ്'' -സൈമൺ ജോഷ്വ പറഞ്ഞു.

ആറുവർഷത്തെ ഫാംഡി കോഴ്സ് കഴിഞ്ഞ ബിരുദധാരികൾക്ക് ക്ലിനിക്കൽ ഫാർമസി ഡോക്ടർ തസ്തിക സൃഷ്ടിക്കണമെന്നാവശ്യപ്പെട്ടാണ് സൈമൺ ജോഷ്വ സമരം തുടങ്ങിയത്. മകൻ ആകാശ് സൈമൺ പാലക്കാട് ഗ്രേസ് കോളേജിൽനിന്നാണ് ഫാംഡി കോഴ്സ് പൂർത്തിയാക്കിയത്. ചെലവായത് 25 ലക്ഷത്തോളം രൂപ.

Stories you may Like

2008-ൽ തുടങ്ങിയ കോഴ്സിൽ പ്രതീക്ഷയർപ്പിച്ച് അറുപതിനായിരത്തോളം വിദ്യാർത്ഥികളാണ് പഠിച്ചിറങ്ങിയത്. ഇപ്പോൾ രാജ്യത്തെ 240 ഫാർമസി കോളേജുകളിലായി ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നുണ്ട്. 20 മുതൽ 25 ലക്ഷം വരെയാണ് ചെലവ്. അമരാവതി, ഔറംഗബാദ് എന്നിവിടങ്ങളിൽ രണ്ടു സർക്കാർ സ്ഥാപനങ്ങൾ മാത്രമാണുള്ളത്. ബാക്കി സ്വകാര്യ കോളേജുകളാണ്.സാധാരണ ഫാംഡി കോഴ്സ് കഴിഞ്ഞവർ ക്ലിനിക്കൽ ഫാർമസി ഡോക്ടർ എന്ന പോസ്റ്റിലാണ് വരിക. ആശുപത്രികളിൽ ഡോക്ടർ കുറിക്കുന്ന മരുന്നുകൾ പരിശോധിക്കുകയും മരുന്നിന്റെ ഗുണമേന്മ പരിശോധിക്കുകയും ചെയ്യുന്നത് അവരാണ്.

പൂമാലയിൽ ആകാശ് മെഡിക്കൽസ് എന്ന സ്ഥാപനം നടത്തുന്ന സൈമൺ ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായി. കോഴ്സ് കഴിഞ്ഞപ്പോഴാണ് സ്വകാര്യ ആശുപത്രികളിലും മറ്റും ഫാർമസിസ്റ്റുപോലുള്ള ജോലികൾ മാത്രമാണ് കിട്ടുക എന്നറിയുന്നത്. കോഴ്സിന്റെ പ്രത്യേകതയ്ക്കനുസരിച്ചുള്ള തസ്തികകളോ കേഡറോ, സർക്കാറോ ഫാർമസി കൗൺസിലോ സൃഷ്ടിച്ചിട്ടില്ല. പേരിനൊപ്പം ഡോക്ടർ വെക്കാമെന്ന ഒരു ആനുകൂല്യം മാത്രം.

ഫാംഡി കോഴ്സിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഫാർമസിസ്റ്റുകൂടിയായ സൈമൺ മകനെയും കൂട്ടി പാർലമെന്റിനു മുന്നിലെത്തി സമരം തുടങ്ങി. ഒരു മാസത്തിനുശേഷം ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. പി. സുരേഷ് യോഗം വിളിച്ചു. ആറുമാസത്തിനുള്ളിൽ ഒരു കേഡർ കൊണ്ടുവരുമെന്ന് പറഞ്ഞു.

ജൂലായ് വരെ ഒരു പ്രതികരണവുമില്ലാത്തതിനാൽ സൈമൺ വീണ്ടും ഡൽഹിയിലെത്തി. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയ്ക്കുമുന്നിൽ സമരം തുടങ്ങി. 52 ദിവസം ഒറ്റയ്ക്ക് സമരം. അതിനിടെ ഫാർമസി നിയമത്തിൽ ഭേദഗതിവരുത്തിയാലേ പ്രശ്‌നം പരിഹരിക്കാനാകൂ എന്ന് ചെന്നൈയിൽ എഫ്‌സിഐ.യുടെ കേന്ദ്രയോഗത്തിൽ തീരുമാനമായി. രണ്ടു മാസംകൂടി കാത്തശേഷം നവംബർ ഒന്നിന് വീണ്ടും സമരത്തിലേക്കു നീങ്ങാനാണ് സൈമണിന്റെ തീരുമാനം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP