Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കർണാടക കോൺഗ്രസ്സ് സർക്കാർ രംഗത്ത്; നിർദ്ദേശം പരിഗണിച്ചാൽ സിദ്ധരാമയ്യ സർക്കാരിന് പൊൻതൂവൽ; ഇല്ലെങ്കിൽ ബിജെപിക്ക് തിരിച്ചടിയും; കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കി സിദ്ദരാമയ്യ

ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കർണാടക കോൺഗ്രസ്സ് സർക്കാർ രംഗത്ത്; നിർദ്ദേശം പരിഗണിച്ചാൽ സിദ്ധരാമയ്യ സർക്കാരിന് പൊൻതൂവൽ; ഇല്ലെങ്കിൽ ബിജെപിക്ക് തിരിച്ചടിയും; കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കി സിദ്ദരാമയ്യ

മറുനാടൻ മലയാളി ബ്യൂറോ

ബംഗളൂരു: ലിംഗായത്ത് വിഭാഗത്തെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ്സ് സർക്കാർ രംഗത്ത്. ലിംഗായത്ത് വിഭാഗവുമായി നടത്തിയ മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് നിർദേശവുമായി സിദ്ധരാമയ്യ സർക്കാർ കേന്ദ്രസർക്കാരിനെ സമീപിക്കാനൊരുങ്ങുന്നത്. ലിംഗായത്ത് വിഭാഗത്തെ വ്യത്യസ്ത മതവിഭാഗമായി സർക്കാർ പരിഗണിക്കണമെന്ന ജസ്റ്റിസ് നാഗമോഹൻദാസ് കമ്മറ്റിയുടെ ശുപാർശയ്ക്ക അംഗീകാരം നൽകാനാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ തീരുമാനിച്ചത്. തിരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തരത്തിലൊരു തീരുമാനം ബിജെപിക്ക് വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.

ലിംഗായത് സന്യാസിമാരുമായി ചർച്ച നടത്തിയശേഷം മന്ത്രിസഭാ യോഗം ചേർന്നാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി പ്രഖ്യാപിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. ഇതു സംബന്ധിച്ച നാഗമോഹൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. തീരുമാനം ഇനി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിനായി അയയ്ക്കും. തെരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സിദ്ധരാമയ്യ സർക്കാരിന്റെ അപ്രതീക്ഷിത നീക്കം.

ജാതിരാഷ്ട്രീയത്തിനു നിർണായക സ്വാധീനമുള്ള കർണാടകയിൽ ജനസംഖ്യയുടെ 16 ശതമാനത്തോളം വരുന്ന ലിംഗായത് വിഭാഗത്തിന്റെ നീക്കങ്ങൾക്ക് ഏറെ സ്വാധീനമുണ്ട്. ഇതുവരെ ബിജെപിയുടെ വോട്ടുബാങ്ക് എന്നു കണക്കാക്കിയിരുന്നവരാണു ലിംഗായത്തുകൾ. ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി ബി.എസ്. യെദിയൂരപ്പയാകട്ടെ ലിംഗായത്തുകളുടെ അനിഷേധ്യ നേതാവായാണ് കരുതിപ്പോരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തം സമുദായത്തിലുണ്ടായിരിക്കുന്ന പ്രശ്‌നങ്ങളും പ്രക്ഷോഭവും യെദിയൂരപ്പയ്ക്കു വ്യക്തിപരമായിത്തന്നെ തിരിച്ചടിയാകുന്നുണ്ട്.

ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയ്ക്കും അസമത്വത്തിനുമെതിരേ 12-ാം നൂറ്റാണ്ടിൽ ഉയർന്നുവന്ന ശക്തമായ പ്രസ്ഥാനമാണു ലിംഗായത്. സാമൂഹിക പരിഷ്‌കർത്താവായിരുന്ന ബസവണ്ണ എന്ന ബസവേശ്വരയാണ് ലിംഗായത് സമുദായത്തിന്റെ രൂപവത്കരണത്തിനു നേതൃത്വം വഹിച്ചത്. ബിജാപ്പുർ ജില്ലയിലെ ബാഗേവാടിക്കടുത്ത് ഇംഗലേശ്വര ഗ്രാമത്തിൽ അഞ്ഞൂറിലധികം ബ്രാഹ്മണ കുടുംബങ്ങൾ അധിവസിച്ചിരുന്ന അഗ്രഹാരത്തിന്റെ അധിപന്റെ മകനായി 1131ലാണ് ബസവണ്ണ ജനിച്ചത്. എന്നാൽ, അന്നു നടമാടിയിരുന്ന ജാതിവ്യവസ്ഥയും അനാചാരങ്ങളും അദ്ദേഹത്തെ അസ്വസ്ഥനാക്കി. ബ്രാഹ്മണ്യത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ച് സമൂഹത്തിലേക്കിറങ്ങാൻ തയാറായ അദ്ദേഹം തുല്യനീതിയിലൂന്നിയ ലിംഗായത്ത് മതം സ്ഥാപിക്കുകയായിരുന്നു.

സ്ത്രീകൾക്കും ശൂദ്രർക്കും അധസ്ഥിതർക്കുമെല്ലാം ബ്രാഹ്മണന്റെ മാധ്യസ്ഥമില്ലാതെ ഈശ്വരപൂജ നടത്താൻ സാധിക്കുന്ന നവോഥാന മൂല്യങ്ങളാണ് ലിംഗായത് മതത്തിന്റെ ആധ്യാത്മിക സംഹിത.

തുല്യതയ്ക്കു പ്രാമുഖ്യം നൽകുന്ന ഈ മതത്തിലേക്ക് ബ്രാഹ്മണർ ഉൾപ്പെടെ 91 ജാതികളിൽനിന്നുള്ളവർ അംഗങ്ങളായി. എന്നാൽ, ഇവരിൽ ഭൂപ്രഭുക്കളായിരുന്ന സവർണവിഭാഗങ്ങൾ വീരശൈവരായി അറിയപ്പെടുകയും ആത്മീയ ആധിപത്യം നേടുകയും ചെയ്തു. ഹൈന്ദവ ദൈവങ്ങളെ ആരാധിക്കുന്നവരാണ് ലിംഗായത്തുകളിലെ ന്യൂനപക്ഷമായ വീരശൈവർ. ബാസവണ്ണയെ കൂടാതെ രേണുകാചാര്യയെയും ഇവർ ആത്മീയ ആചാര്യനായി കാണുന്നു. ബാസവണ്ണയേക്കാൾ 500 വർഷംമുന്പ് രേണുകാചാര്യ പിറവിയെടുത്തു എന്നാണ് വിശ്വസിക്കുന്നത്. വീരശൈവർ ഉൾപ്പെടെയുള്ള ലിംഗായത് വിഭാഗത്തെ മറ്റു പിന്നോക്കവിഭാഗമായാണു കർണാടകയിൽ കണക്കാക്കുന്നത്. എന്നാൽ, തങ്ങൾ ഹിന്ദുമത വിശ്വാസികളല്ലെന്നും പ്രത്യേക ന്യൂനപക്ഷ മതമായി തങ്ങളെ അംഗീകരിക്കണമെന്നുമാണ് ലിംഗായത്തുകളുടെ ആവശ്യപ്പെട്ടിരുന്നത്.

വീരശൈവ- ലിംഗായത്ത് വിഭാഗം കർണാടക ജനസംഖ്യയുടെ 16 ശതമാനത്തോളമുണ്ട്. കർണാടകയ്ക്കു പുറമേ കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിലും ഇവർ അധിവസിക്കുന്നു. നിലവിലെ കർണാടക നിയമസഭയിൽ 224 അംഗങ്ങളിൽ 52 പേർ വീരശൈവ-ലിംഗായത്ത് സമുദായാംഗങ്ങളാണ്. 110 മണ്ഡലങ്ങളിലെങ്കിലും ജയപരാജയങ്ങൾ നിശ്ചയിക്കാൻ സ്വാധീനമുള്ളവരാണ് ഇവരെന്നും കണക്കാക്കപ്പെടുന്നു.

പ്രത്യേക മതമായി തങ്ങളെ അംഗീകരിക്കണമെന്ന് ലിംഗായത്തുകൾ ആദ്യമായി ആവശ്യപ്പെട്ടത് 1979ലായിരുന്നു. വീരശൈവ- ലിംഗായത്ത് എന്ന ഒറ്റ വിഭാഗമായി കണക്കാക്കാതെ ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമാക്കണമെന്നാണ് പ്രബല വിഭാഗത്തിന്റെ ആവശ്യം. എന്നാൽ, ഈ ആവശ്യത്തിന് വേണ്ടത്ര രാഷ്ട്രീയ പിന്തുണ ഇതുവരെ കിട്ടിയിരുന്നില്ല.

ലിംഗായത് സമുദായത്തിന്റെ ശാക്തീകരണത്തിനു ഗണ്യമായ സംഭാവനകൾ നൽകിയവരായിരുന്നു കൊല്ലപ്പെട്ട എഴുത്തുകാരും സാമൂഹികപ്രവർത്തകരുമായ എം.എം. കൽബുർഗിയും ഗൗരി ലങ്കേഷും. ഇരുവരും ഇതേ സമുദായക്കാരുമായിരുന്നു. കൽബുർഗി ലിംഗായത്ത് സമുദായത്തിന്റെ ഉത്ഭവത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും ആഴത്തിൽ ഗവേഷണം നടത്തി. ജൈന, ബുദ്ധ, സിക്ക് മതങ്ങളെപ്പോലെ ലിംഗായത്ത് കർണാടകയിൽ ജന്മമെടുത്ത മതമാണെന്ന് അദ്ദേഹം സമർഥിച്ചു. ഗൗരി ലങ്കേഷും ഇതേ ചിന്താഗതിക്കാരിയായിരുന്നു. ഹൈന്ദവ വർഗീയതയുടെ പ്രചാരകർക്ക് ഈ നിലപാടുകൾ അംഗീകരിക്കാൻ കഴിയാഞ്ഞതാണ് ഇരുവരുടെയും കൊലപാതകത്തിൽ കലാശിച്ചത്.

ലിംഗായത്തുകളും വീരശൈവരും വിഭജിക്കപ്പെടുന്നതും പ്രത്യേക മതമായി മാറുന്നതും ഹിന്ദുത്വത്തെ തകർക്കുമെന്നാണ് ആർഎസ്എസ് നേതാവ് മോഹൻ ഭാഗവത് അഭിപ്രായപ്പെട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP