Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലാദനെ വകവരുത്തിയതുപോലെ ദാവൂദിനേയും തട്ടണം; അധോലോക നായകനെ നിരീക്ഷിക്കുന്നത് മതിയാക്കി കമാണ്ടോ ഓപ്പറേഷൻ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേന

ലാദനെ വകവരുത്തിയതുപോലെ ദാവൂദിനേയും തട്ടണം; അധോലോക നായകനെ നിരീക്ഷിക്കുന്നത് മതിയാക്കി കമാണ്ടോ ഓപ്പറേഷൻ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ശിവസേന

മുംബൈ: ഭീകര വേട്ടയിൽ അമേരിക്കയെ കണ്ടു പഠിക്കണമെന്ന് നരേന്ദ്ര മോദി സർക്കാരിന് ശിവസേനയുടെ നിർദ്ദേശം. വേൾഡ് ട്രെഡ് സെന്റർ ആക്രണത്തിലെ മുഖ്യ പ്രതി ഒസാമ ബിൻലാദനെ യുഎസ് സൈന്യം പിടിച്ചതുപോലുള്ള ഓപ്പറേഷനിലൂടെ അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിനെ പിടികൂടണമെന്നാണ് കേന്ദ്രസർക്കാരിനോട് ശിവസേനയുടെ ആവശ്യം.

ഭീകരരെ പാക്കിസ്ഥാൻ സംരക്ഷിക്കുന്നുവെന്നു തുടങ്ങി നിരവധി ആരോപണങ്ങളും സേന ഉന്നയിക്കുന്നു. ദാവൂദ് കറാച്ചിയിലുണ്ടെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ശിവസേനയുടെ ആവശ്യം. ദാവൂദിനെ പിടികൂടാൻ നടപടി സ്വീകരിക്കാതെ, അയാളുടെ നീക്കങ്ങൾ മാത്രം നിരീക്ഷിക്കുന്ന ഇന്ത്യയുടെ നിലപാടിനെയും സേന പാർട്ടി മുഖപത്രമായ സാമ്‌നയിൽ എഴുതിയ എഡിറ്റോറിയലിൽ ചോദ്യം ചെയ്തു.

കൊടുംഭീകരരെ പോലെ കുറ്റവാളികളായ ഹഫീസ് സയിദും, ദാവൂദ് ഇബ്രാഹിമും പാക്കിസ്ഥാനിൽ രാഷ്ട്രീയക്കാരുടെ സഹായത്തോടെ സസുഖം വാഴുകയാണ്. അത് തെളിയിക്കാൻ ഒരു തെളിവും വേണ്ട. പാക്കിസ്ഥാനല്ലാതെ മറ്റേത് രാജ്യത്തിന് അവർക്ക് അഭയം നൽകാനാവുക. ഇരുവരെയും വിട്ടുകിട്ടണമെന്ന് ഇന്ത്യ ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അമേരിക്ക കമാൻഡോ ഓപ്പറേഷനിലൂടെ ലാദനെ വകവരുത്തിയതു പോലൊരു ഓപ്പറേഷൻ നടത്താൻ ഇന്ത്യയ്ക്ക് ധൈര്യമില്ലേ എന്നതാണ് ശിവസേന ഉയർത്തുന്ന ചോദ്യം.

ബിൻലാദനെ യുഎസ് സേന പിടിച്ചതുപോലെയുള്ള ഓപ്പറേഷനിലൂടെ ദാവൂദിനെ പിടിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് പാക്കിസ്ഥാന് കാണിച്ചു കൊടുക്കണമെന്നാണ് സാമ്‌നയുടെ ആവശ്യം. 'ഭീകരരെ ഒളിപ്പിച്ചു നിർത്തി ഇന്ത്യയും ഭീകരവാദികളും തമ്മിലുള്ള കളി കണ്ടു രസിക്കുകയാണ് പാക്കിസ്ഥാൻ. അവരുടെ നീക്കങ്ങളെ വീക്ഷിക്കുയാണെന്നാണ് സർക്കാർ പറയുന്നത്. നോക്കി നിൽക്കുന്നതു കൊണ്ട് എന്താണ് കാര്യം. ഭീകരവാദികൾ ഇന്ത്യയെയും നിരീക്ഷിക്കുന്നുണ്ട്. പരസ്പരം ഇങ്ങനെ നോക്കി നിൽക്കുന്ന കളി വർഷങ്ങളായി തുടങ്ങിയിട്ട്. ഇത് ഭാവിയിലും തുടരും-ശിവസേന വിലപാട് വിശദീകരിക്കുന്നു.

ഇതുകൊണ്ട് ആർക്ക്, എന്ത് പ്രയോജനമാണ് ഉണ്ടാവുന്നത്. ഭീകരർ ഇന്ത്യയുടെ നേരെ കണ്ണുവച്ചു കഴിഞ്ഞു എന്ന കാര്യം മറക്കരുതെന്നും ശിവസേന ഓർമിപ്പിക്കുന്നു. ദാവൂദ് ഇബ്രാഹിം കറാച്ചിയിൽ ഉണ്ടെന്ന് വ്യക്തമാക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേതുടർന്ന് ദാവൂദിനെ ഇന്ത്യയ്ക്ക് വിട്ടു തരണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ശിവസേന നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും തെരയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിൽതന്നെ കഴിയുന്നുണ്ടെന്ന് തെളിയിക്കുന്ന ഫോൺ സംഭാഷണങ്ങൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ദാവൂദ് സ്വന്തം റിയൽ എസ്റ്റേറ്റ് ബിസിനസ് ഒരു തടസവുമില്ലാതെ കറാച്ചിയിലിരുന്ന് നടത്തുന്നുണ്ടെന്നും ദുബായിലും കറാച്ചിയിലുമായി ശതകോടികളുടെ ആസ്തികളുണ്ടെന്നും സംഭാഷണം തെളിയിക്കുന്നു. കറാച്ചിയിൽ ധനികർ താമസിക്കുന്ന ക്ലിഫ്ടൺ ഏരിയയിലാണ് ദാവൂദ് കഴിയുന്നതെന്നും വ്യക്തമാണ്.

ദുബായിൽ തന്റെ ബിസിനസ് കാര്യങ്ങൾ നോക്കുന്ന ജാവേദ്, അവിടെത്തന്നെയുള്ള ഒരു പാക്കിസ്ഥാനി യാസിർ എന്നിവരുമായിട്ടായിരുന്നു സംഭാഷണം. ഒരു പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസിയാണ് ഈ സംഭാഷണം ചോർത്തി പുറത്തുവിട്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP