Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈന്യത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഷെഹല റാഷിദിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതി; ഇന്ത്യൻ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ; അവർക്ക് വിശദാംശങ്ങൾ നൽകാൻ സന്തോഷമേയുള്ളൂ എന്ന മറുപടിയുമായി ഷെഹലയും

സൈന്യത്തിനെതിരെയും കേന്ദ്രസർക്കാരിനെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നു; ഷെഹല റാഷിദിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതി; ഇന്ത്യൻ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ; അവർക്ക് വിശദാംശങ്ങൾ നൽകാൻ സന്തോഷമേയുള്ളൂ എന്ന മറുപടിയുമായി ഷെഹലയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ സൈന്യത്തിനും കേന്ദ്രസർക്കാറിനുമെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പാർട്ടി നേതാവായ ഷെഹല റാഷിദിനെതിരെ പരാതി. സുപ്രീംകോടതി അഭിഭാഷകനായ അലോക് ശ്രീവാസ്തവയാണ് ഷെഹല റാഷിദിനെതിരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയത്.

കശ്മീരിലെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ച് ഷെഹല റാഷിദ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. തുടർച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു അവർ ഓരോ സാഹചര്യവും വിശദീകരിച്ചിരുന്നത്. സൈനികർ രാത്രിയിൽ വീടുകളിൽ അതിക്രമിച്ചുകയറി ആളുകളെ പിടികൂടുകയാണെന്നും വീടും വീട്ടിലെ ഭക്ഷ്യവസ്തുക്കളും നശിപ്പിക്കുകയാണെന്നും ഷെഹല ആരോപിച്ചിരുന്നു. ഷോപ്പിയാനിൽ നാലുപേരെ സൈനിക ക്യാമ്പിലെത്തി ക്രൂരമായി മർദിച്ചെന്നും ഇത് മൈക്കിലൂടെ കേൾപ്പിച്ച് പ്രദേശത്തെ ജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും ട്വീറ്റിലുണ്ടായിരുന്നു.

എന്നാൽ ഷെഹല റാഷിദിന്റെ ആരോപണങ്ങൾ പൂർണമായും തെറ്റാണെന്നും അവർ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഷെഹല ഉന്നയിക്കുന്നതെന്നും ഇത്തരം സ്ഥിരീകരണമില്ലാത്ത വ്യാജ വാർത്തകർ പ്രചരിപ്പിക്കുന്നത് ദോഷം ചെയ്യുമെന്നും സൈന്യം വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവത്തിൽ വിശദീകരണവുമായി ഷെഹല റാഷിദ് രംഗത്തെത്തി. കാശ്മീരിലെ സ്ഥിതി സംബന്ധിച്ച് അവിടെയുള്ളവരുമായി വിശദമായ ചർച്ച നടത്തിയിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ സൈന്യം തയ്യാറാവുകയാണെങ്കിൽ സൈന്യവുമായി ബന്ധപ്പെട്ട് താൻ സൂചിപ്പിച്ച സംഭവത്തിന്റെ വിശദാംശങ്ങൾ നൽകാമെന്നുമാണ് ദ വയറിനോട് ഷെഹ്ല പറഞ്ഞത്.

'ഇന്ത്യൻ സൈന്യം നിഷ്പക്ഷമായ അന്വേഷണം നടത്തട്ടെ. അവർക്ക് വിശദാംശങ്ങൾ നൽകാൻ എനിക്കു സന്തോഷമേയുള്ളൂ. ഞാനെഴുതിയത് വളരെ നിഷ്പക്ഷമായാണ്. ഭരണകൂടത്തിന്റെ പോസിറ്റീവായ പ്രവർത്തനങ്ങളും ഞാൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജനങ്ങളുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് കാര്യങ്ങൾ എഴുതിയത്.' അവർ വ്യക്തമാക്കി.

'ഫോൺ, പത്രം, ഇന്റർനെറ്റ് സേവനങ്ങളുടെ അഭാവത്തിൽ കശ്മീരിൽ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടക്കുന്നത്. അത് ലോകത്തിന് കാണാൻ കഴിയില്ല. 4000 മുതൽ 6000 വരെ ആളുകൾ അറസ്റ്റിലായതായി എ.എഫ്.പി റിപ്പോർട്ടുണ്ട്. ജനങ്ങളെ വീട്ടിൽ നിന്നും വലിച്ചിഴച്ച് മർദ്ദിച്ചുകൊണ്ട് അറസ്റ്റു ചെയ്യുകയാണ്. ലോകത്തിൽ നിന്നും സർക്കാറിന് മറ്റൊന്നും ഒളിപ്പിച്ചുവെക്കാനില്ലെങ്കിൽ എന്തിനാണ് ആശയവിനിമയത്തിന് നിരോധനം?' എന്നും അവർ ചോദിക്കുന്നു.

ജെ.എൻ.യു. വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റായിരുന്ന ഷെഹല റാഷിദ് 2016-ലെ ജെ.എൻ.യു. സമരത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. യൂണിയൻ പ്രസിഡന്റ് കനയ്യകുമാറിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തപ്പോൾ പ്രതിഷേധങ്ങളുടെ മുൻനിരയിൽ ഷെഹല റാഷിദുമുണ്ടായിരുന്നു. ഐസ പ്രതിനിധിയായി ജെ.എൻ.യുവിൽ മത്സരിച്ചുവിജയിച്ച ഷെഹല പിന്നീട് ഷാ ഫൈസൽ രൂപീകരിച്ച ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പാർട്ടിയിൽ ചേർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP