Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യമെങ്ങും ദലിതർ മോദി സർക്കാരിനെതിരെ തിരിയുന്നു; മുഖം മിനുക്കൻ പട്ടികജാതി-വർഗ പീഡന നിരോധനിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

രാജ്യമെങ്ങും ദലിതർ മോദി സർക്കാരിനെതിരെ തിരിയുന്നു; മുഖം മിനുക്കൻ പട്ടികജാതി-വർഗ  പീഡന  നിരോധനിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം

ന്യൂഡൽഹി;ദലിത് വിരുദ്ധ നയങ്ങൾ സ്വീകരിച്ച മോദി സർക്കാരിനെതിരെ രാജ്യമെങ്ങും പ്രരക്ഷോപങ്ങളും മറ്റും അരങ്ങേറുന്ന സാഹചര്യത്തിലാണ് മോദിയുടെ നേതൃത്വത്തിൽ പുതിയ തന്ത്രം നടപ്പാക്കുനുള്ള നീക്കമാണ്കേന്ദ്ര സർക്കാർ നടത്തുന്നത്.പട്ടികജാതി-വർഗ പീഡനവിരുദ്ധ നിയമത്തിനു ഭരണഘടനാപരമായ സംരക്ഷണം നൽകി ദലിത് വിരുദ്ധ മുഖം മാറ്റിയെടുക്കാൻ നീക്കവുമായി മോദി സർക്കാർ. നിയമം ഭരണഘടനയുടെ ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്താൻ പ്രത്യേക ബിൽ കൊണ്ടുവന്നേക്കും. നിയമത്തിലെ ചില വ്യവസ്ഥകൾ ദുർബലമാക്കിയ സുപ്രീം കോടതി വിധിക്കു മറുപടി എന്നതിനു പുറമെ നിയമം ഒൻപതാം പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ പ്രശ്‌നങ്ങൾക്കു ശാശ്വത പരിഹാരം കാണാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.

പട്ടികവർഗ കേസുകളിലെ പരാതികളിൽ പ്രാഥമികാന്വേഷണത്തിനു ശേഷമേ അറസ്റ്റ്, പ്രോസിക്യൂഷൻ നടപടികൾ പാടുള്ളൂവെന്നായിരുന്നു മാർച്ച് 20ലെ സുപ്രീം കോടതി വിധി. തുടർന്നു രാജ്യമെങ്ങും നടന്ന ദലിത് സംഘടനകളുടെ പ്രതിഷേധത്തിൽ പത്തു പേരാണു കൊല്ലപ്പെട്ടത്. വിവാദ വിധിക്കു സ്റ്റേ അനുവദിക്കണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. വിധി പട്ടികജാതി-പട്ടികവർഗ നിയമത്തിനെതിരല്ലെന്നും നിയമത്തിന്റെ പേരിൽ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാനുമാണ് ഉത്തരവെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിശദീകരണം.

നിയമത്തെ ദുർബലപ്പെടുത്തുന്ന ഒരിടപെടലും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്നു പ്രധാനമന്ത്രി കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
കർണാടക തെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിച്ചേക്കാവുന്ന ഒന്നായി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെയും സുപ്രീംകോടതിയുടെയും ശ്രമം മാറിയിട്ടുണ്ട്. ഇതിന്റെ സൂചനകൾ സംസ്ഥാനത്ത് വളരെ പ്രത്യക്ഷമാണ്. മാർച്ച് 31ന് മൈസൂരു സന്ദർശന വേളയിൽ അമിത് ഷായുടെ പ്രസംഗവേദിക്കരികിൽ ദളിതരുടെ പ്രതിഷേധപ്രകടനം നടന്നു. മുദ്രാവാക്യം വിളികളിൽ അന്ന് ഉയർത്തപ്പെട്ടത് കേന്ദ്രമന്ത്രി അനന്ത് കുമാർ ഹെഗ്‌ഡെ നടത്തിയ ദളിത് വിരുദ്ധ പ്രസ്താവനകളായിരുന്നുവെങ്കിലും ആ പ്രകടനത്തിന് കനലായത് അതിനു തൊട്ടുമുമ്പത്തെ ദിവസങ്ങളിലൊന്നിൽ സുപ്രീംകോടതി പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമത്തിൽ നടത്തിയ ഇടപെടൽ തന്നെയായിരുന്നു.

കർണാടകത്തിൽ വിഘടിച്ചു നിന്നിരുന്ന ദളിത് വിഭാഗങ്ങൾ ഒരുമിക്കുന്നതും ഈ സംഭവത്തിനു ശേഷം കാണാനായി. ഏറെക്കാലമായി ഏതാണ്ട് ശത്രുതയിൽ കഴിഞ്ഞിരുന്ന ചാലവാദി, മാദിഗ എന്നീ ദളിത് വിഭാഗങ്ങളാണ് ഈ സംഭവത്തിനു ശേഷം ഒന്നിച്ചത്. 'വലത് അയിത്തജാതി'ക്കാരെന്ന് പൊതുവിൽ അറിയപ്പെടുന്ന ചാലവാദികളും 'ഇടത് അയിത്ത ജാതി'ക്കാരെന്ന് അറിയപ്പെടുന്ന മാദിഗകളും പിണക്കങ്ങൾ മറന്ന് ഒന്നിച്ചു. പാരമ്പര്യമായി കോൺഗ്രസ്സിന് പിന്തുണ കൊടുക്കുന്നവരാണ് ചാലവാദികൾ. ബിജെപി സംസ്ഥാനത്ത് ശക്തിയാർജിച്ച കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനിടെ മാദിഗകളുടെ പിന്തുണ അവർക്കായിരുന്നു. എന്നാൽ, സുപ്രീംകോടതി ഉത്തരവും അതെത്തുടർന്ന് രാജ്യത്തെമ്പാടും നടന്ന പ്രതിഷേധങ്ങളും ഇവരെ ബിജെപിയിൽ നിന്ന് ഏതാണ്ട് അകറ്റിയ മട്ടാണ്.

ഈ വിഭാഗങ്ങൾ കർണാടകത്തിന്റെ വിശാലമായ ഭുപ്രദേശത്ത് ജാതികളും ഉപജാതികളുമായി പരന്നുകിടക്കുന്ന വലിയൊരു ജനവിഭാഗമാണ്. സുപ്രീംകോടതിയുടെ ഉത്തരവ് തികച്ചും സ്വാധീനരഹിതമായി സംഭവിച്ചതാണെന്ന് ദളിത് സംഘടനാ പ്രവർത്തകരാരും വിശ്വസിക്കുന്നില്ല. രാജ്യം ഭരിക്കുന്ന ബിജെപിയുടെ നയത്തെ ചോദ്യം ചെയ്യാതെ അംഗീകരിക്കലാണ് ഈ വിധിയെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. ദളിതർക്കിടയിൽ രൂഢമായി വളർന്നു കഴിഞ്ഞ ഈ പൊതുബോധം ബിജെപിക്ക് വലിയൊരു തിരിച്ചടിയായി മാറുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.കഴിഞ്ഞ പാർലമെന്റ് കാലയളവിൽ തന്നെ നിയമം ഭേദഗതി ചെയ്യണമെന്നായിരുന്നു കോൺഗ്രസ്, ഡിഎംകെ ഉൾപ്പെടെയുള്ള കക്ഷികളുടെ ആവശ്യം.

ഒൻപതാം പട്ടിക
1951ൽ ഭൂപരിഷ്‌കരണ നിയമം ഉൾപ്പെടുത്തുന്നതിനായി ഭരണഘടനയിൽ കൊണ്ടുവന്ന ആദ്യ ഭേദഗതിയാണ് ഒൻപതാം പട്ടിക. ഭൂമി പതിച്ചുകൊടുക്കൽ, ഭൂനികുതി, റെയിൽവേ, വ്യവസായങ്ങൾ, സംസ്ഥാനങ്ങളുടെ പ്രത്യേക നിയമങ്ങൾ തുടങ്ങിയവ ഇതിന്റെ പരിധിയിൽ വരുന്നു. സിവിൽ കോടതികളുടെ പരിധിയിൽ വരാത്തവയാണ് ഇവ. ഒൻപതാം പട്ടികയിൽ ഉൾപ്പെടുന്ന നിയമങ്ങളെ കോടതിയിലും വെല്ലുവിളിക്കാനാവില്ലെന്നു ചുരുക്കം.

സുപ്രീകോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ
പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതികളിൽ ഉടനടി അറസ്റ്റ് പാടില്ലെന്നായിരുന്നു സുപ്രീം കോടതി മുന്നോട്ടുവച്ച പ്രധാന മാർഗനിർദ്ദേശം. ഇത്തരം പരാതികളിൽ സർക്കാരുദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തുന്നതിനു മുമ്പ് മേലധികാരിയുടെ അനുമതി വാങ്ങുകയും ഡിവൈ.എസ്‌പി. റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ പ്രാഥമികാന്വേഷണം നടത്തുകയും വേണം. മറ്റുള്ളവരുടെ കാര്യത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും ജാമ്യം നൽകുന്നതു പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.

നിയമം
1955ൽ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് എന്ന നിയമം കേന്ദ്രസർക്കാർ പാസാക്കി. ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പാക്കുന്നതിലെ അപാകങ്ങൾ പരിഹരിക്കുന്നതിനും ചൂഷണത്തിൽനിന്ന് പട്ടികജാതി-വർഗക്കാരെ മോചിപ്പിക്കുന്നതിനും കൂടുതൽ കർക്കശമായ നിയമം 1989ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കി. ഈ നിയമമാണ് പട്ടികജാതി-വർഗ പീഡന നിരോധനിയമം.ഇന്ത്യയിൽ ജമ്മു കശ്മീർ ഒഴികെയുള്ള സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ നിയമം ബാധകമാണ്


ഈ നിയമം അനുസരിച്ച് കുറ്റകരവും ശിക്ഷാർഹവുമായ പ്രവൃത്തികൾ ഇവയൊക്കെയാണ്:
1. ഒരു പട്ടികജാതി/വർഗ അംഗത്തെക്കൊണ്ട് മലിനവും ആഹാരയോഗ്യമല്ലാത്തതായ പദാർഥങ്ങൾ നിർബന്ധിച്ചു കുടിപ്പിക്കുകയോ തീറ്റിക്കുകയോ ചെയ്യുക.
2. ദ്രോഹിക്കണമെന്ന ഉദ്ദേശ്യത്തോടെ വിസർജ്യ വസ്തുക്കളും മലിനപദാർഥങ്ങളും ഒരു പട്ടികജാതി/വർഗ അംഗത്തിന്റെ വാസസ്ഥലത്തോ അയാളുടെ പരിസരത്തോ നിക്ഷേപിക്കുക.
3.പട്ടികജാതി/വർഗത്തിന്റെ അന്തസ്സിനു ക്ഷതമേൽപ്പിക്കുന്നതിനായി നഗ്‌നരാക്കി നടത്തുക. അയാളുടെ മുഖത്ത് ചായംതേച്ച് വികൃതമാക്കുക.
4. സ്വന്തമായോ പതിച്ചുനൽകിയതോ പ്രത്യേക വിജ്ഞാപന പ്രകാരം നൽകിയതോ ആയ പട്ടികജാതി/വർഗങ്ങളുടെ ഭൂമി കൈയേറി കൃഷിചെയ്യുക.
5. തെറ്റായ മാർഗങ്ങളിലൂടെ പട്ടികജാതി/വർഗക്കാരനിൽനിന്ന് ഭൂമി തട്ടിയെടുക്കുക.
6. പട്ടികജാതി/വർഗത്തിൽപ്പെട്ടയാളിനെ നിർബന്ധിച്ച് ഭിക്ഷയെടുപ്പിക്കുക, അയാളെക്കൊണ്ട് അടിമവേല ചെയ്യിക്കുക.
7. പട്ടികജാതി/വർഗക്കാരനെ നിയമപ്രകാരമല്ലാതെ നിർബന്ധിച്ച് ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട്‌ചെയ്യിക്കുകയോ ചെയ്യിക്കാതിരിക്കുകയോ ചെയ്യുക.
8. പട്ടികജാതി/വർഗക്കാരനെ കള്ളക്കേസിൽ കുടുക്കുക.
9. തെറ്റായ വിവരങ്ങൾ അധികാരികൾക്കു നൽകി അതിൻ പ്രകാരം അധികാരികളിൽ നിക്ഷിപ്തമായ നിയമപരമായ ഭരണാധികാരം പട്ടികജാതി/വർഗക്കാരനുനേരെ ഉപയോഗിച്ച് അവന് കഷ്ടനഷ്ടങ്ങൾ വരുത്തുക.
10. പട്ടികജാതി/വർഗക്കാരനെ അവഹേളിക്കണമെന്ന മനഃപൂർവ ഉദ്ദേശ്യത്തോടെ പൊതുസ്ഥലത്ത് ജാതിപ്പേരുവിളിച്ച് ആക്ഷേപിക്കുക.
11. പട്ടികജാതി/വർഗവിഭാഗം സ്ത്രീകളെ മാനഭംഗപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ അസഭ്യംപറയുകയോ ശക്തി പ്രയോഗിക്കുകയോ ചെയ്യുക.
12. പട്ടികജാതി/വർഗ വിഭാഗം സ്ത്രീകളെ ലൈംഗികമായി ചൂഷണംചെയ്യുക.
13. ഇവർ ഉപയോഗിക്കുന്ന കുടിവെള്ളം മലിനമാക്കുക.
14. ഇവരുടെ സഞ്ചാരസ്വാതന്ത്യ്‌രം തടസ്സപ്പെടുത്തുക.
15. പട്ടികജാതി/വർഗ വിഭാഗം ആളുകൾ സ്വന്തം വീടോ ഗ്രാമമോ മറ്റു പാർപ്പിടസ്ഥലമോ വിട്ടുപോകാൻ ബലപ്രയോഗം നടത്തുക.
16. പട്ടികവിഭാഗം ആളുകൾ അവർ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്തോടെ വ്യാജതെളിവുകൾ ചമയ്ക്കുന്നത്, ആജീവനാന്ത ജയിൽവാസം, പിഴ എന്നിവ ലഭിക്കുന്ന ശിക്ഷാർഹമായ കുറ്റമാണ്.
17. ഈവിധം തെറ്റായ തെളിവുകൾ നൽകിയതുമൂലം കുറ്റക്കാരനല്ലാത്ത ഒരു പട്ടിക വിഭാഗം അംഗം മരണശിക്ഷയ്ക്കു വിധേയമായാൽ അപ്രകാരം തെളിവു നൽകിയ വ്യക്തിയും മരണശിക്ഷ ലഭിക്കാൻ യോഗ്യനാണ്.
18. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടണമെന്ന ഉദ്ദേശ്യത്താൽഒരു പട്ടികജാതി/വർഗക്കാരനെതിരെ വ്യാജ തെളിവുകൾ നൽകി അയാൾ ഏഴുവർഷംവരെ ശിക്ഷിക്കപ്പെട്ടാൽ അങ്ങനെ ചെയ്യുന്ന വ്യക്തിക്ക് ആറുമാസംമുതൽ ഏഴുവർഷംവരെ തടവു ശിക്ഷ ലഭിക്കുന്നതാണ്.
19. പട്ടികജാതി/വർഗക്കാരുടെ വീട്, വസ്തുവകകൾ, ആരാധനാലയം, കൈവശവസ്തു ഇവയ്ക്ക് നാശനഷ്ടം വരത്തക്കവണ്ണം തീ, സ്‌ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കുന്നത് ജീവപര്യന്തം തടവിനുവിധിക്കത്തക്കവണ്ണം കുറ്റകരമായ പ്രവൃത്തിയാണ്.
20. ഇന്ത്യൻ പീനൽക്കോഡ് അനുസരിച്ച് 10 വർഷത്തിൽ കൂടുതൽ ശിക്ഷവിധിക്കാവുന്ന കുറ്റകൃത്യം പട്ടികജാതിക്കാരനെന്ന കാരണത്താൽ അയാൾക്കെതിരെതിരെ ചെയ്താൽ അങ്ങനെ ചെയ്യുന്ന ആളിന് ആജീവനാന്ത തടവും പിഴയും ശിക്ഷ ലഭിക്കുന്നതാണ്.
21. ഈ വകുപ്പനുസരിച്ചുള്ള ഒരു കുറ്റവാളിയെ രക്ഷിക്കണമെന്നുള്ള ഉദ്ദേശ്യത്തോടെ മനഃപൂർവം കുറ്റം സംബന്ധിച്ച തെളിവു നൽകാതിരിക്കുകയോ തെറ്റായി തെളിവു നൽകുകയോ ചെയ്താലും മേൽപ്പറഞ്ഞ ശിക്ഷ ലഭിക്കും.
22. ഒരു പൊതു ജനസേവകൻ ഈ നിയമത്തിലെ ഏതെങ്കിലും കുറ്റകൃത്യം ചെയ്താൽ ആയതിന് കുറഞ്ഞത് ഒരു വർഷത്തേക്കെങ്കിലും ശിക്ഷ ലഭിക്കുന്നതാണ്. പട്ടികജാതിക്കാരനല്ലാത്ത ഒരു പൊതുജന സേവകൻ ഈ നിയമത്തെ മാനിച്ചു പ്രവർത്തിക്കാതിരിക്കുകയാണെങ്കിൽ ഈ നിയമമനുസരിച്ച് അത് ശിക്ഷാർഹമായ കുറ്റമാണ്.
23. ഈ നിയമമനുസരിച്ച് ഒരിക്കൽ ഒരു കുറ്റകൃത്യംചെയ്ത് ശിക്ഷിക്കപ്പെട്ട ആൾ രണ്ടാമതും ഇതേ കുറ്റം ആവർത്തിച്ചാൽ അയാൾക്ക് ഒരുവർഷത്തിൽ കുറയാതെ ശിക്ഷ ലഭിക്കാവുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP