Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എനിക്കുമുണ്ടായിരുന്നു ആഗ്രഹങ്ങളും സ്വപ്‌നങ്ങളും'; പഠിക്കാനും ജോലി ചെയ്യാനും വീട്ടിൽ നിന്നും പുറത്തിറങ്ങാനും പോലും അനുവാദം ഉണ്ടായിരുന്നില്ല എന്നും സാക്ഷി മിശ്ര; വേണ്ടത് ആൺകുട്ടികൾക്ക് ലഭിക്കുന്ന അതേ പ്രാധാന്യം വീട്ടിനുള്ളിൽ ലഭിക്കുന്ന സാഹചര്യം; തന്റെ പ്രശ്‌നങ്ങൾ കേവലം പ്രണയവും വിവാഹവും മാത്രമല്ല എന്ന് വെളിപ്പെടുത്തി ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ

'എനിക്കുമുണ്ടായിരുന്നു ആഗ്രഹങ്ങളും സ്വപ്‌നങ്ങളും'; പഠിക്കാനും ജോലി ചെയ്യാനും വീട്ടിൽ നിന്നും പുറത്തിറങ്ങാനും പോലും അനുവാദം ഉണ്ടായിരുന്നില്ല എന്നും സാക്ഷി മിശ്ര; വേണ്ടത് ആൺകുട്ടികൾക്ക് ലഭിക്കുന്ന അതേ പ്രാധാന്യം വീട്ടിനുള്ളിൽ ലഭിക്കുന്ന സാഹചര്യം; തന്റെ പ്രശ്‌നങ്ങൾ കേവലം പ്രണയവും വിവാഹവും മാത്രമല്ല എന്ന് വെളിപ്പെടുത്തി ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബിജെപി നേതാവായ അച്ഛന്റെ വേട്ടയാടലിൽ നിന്നും രക്ഷതേടിയുള്ള ഓട്ടത്തിലാണ് രാജേഷ് മിശ്ര എംഎൽഎയുടെ മകൾ സാക്ഷി മിശ്ര. സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തിയപ്പോൾ പോലും പിതാവിന്റെ ഗുണ്ടകളിൽ നിന്നും ഭീഷണി നേരിടേണ്ടി വന്നു ഈ യുവതിക്കും ഭർത്താവിനും. അച്ഛന്റെയും ഗുണ്ടകളുടെയും കണ്ണിൽ നിന്നും രക്ഷനേടാൻ പെടാപ്പാട് പെടുന്നതിനിയിലും സമൂഹ മാധ്യമങ്ങളിലൂടെയും വാർത്താ മാധ്യമങ്ങളിലൂടെയും വാർത്തകളിൽ ഇവർ ഇടംപിടിക്കുന്നുമുണ്ട്. കേവലമായ പ്രണയവും വിവാഹവുമല്ല തങ്ങൾ അഭിമുഖീകരിക്കുകയും ഉയർത്തിക്കാട്ടുകയും ചെയ്യുന്നതെന്ന് ആജ് തകിന് നൽകിയ അഭിമുഖത്തിൽ സാക്ഷി വ്യക്തമാക്കുന്നു.

അഭിമുഖത്തിനിടയിൽ പിതാവിനോട് എന്തെങ്കിലും പറയാനാഗ്രഹിക്കുന്നുണ്ടോയെന്ന് സാക്ഷിയോട് ചോദിച്ചപ്പോൾ അവർ കരഞ്ഞുകൊണ്ട് കൂടുതൽ വിവരിച്ചത് ദളിത് യുവാവുമായുള്ള ബന്ധത്തിൽ പിതാവിനുള്ള എതിർപ്പിനെക്കുറിച്ചായിരുന്നില്ല, മറിച്ച് കുടുംബത്തിനുള്ളിൽ പെൺകുട്ടിയെന്ന നിലയിൽ തനിക്ക് അനുഭവിക്കേണ്ടി വന്ന നിയന്ത്രണങ്ങളെക്കുറിച്ചായിരുന്നു.

'എനിക്ക് പഠിക്കണമായിരുന്നു, പല സ്വപ്നങ്ങളുമുണ്ടായിരുന്നു.' അവർ പറഞ്ഞു. പുറത്ത് പോയി ജോലി ചെയ്യാൻ അനുവദിക്കാത്തതിനാൽ പിതാവിനൊപ്പം അദ്ദേഹത്തിന്റെ ഓഫീസിൽ സഹായിയായി നിന്നോട്ടേയെന്ന് സാക്ഷി ചോദിച്ചിരുന്നു. സഹോദരൻ വിക്കി സഹായിക്കുന്നതുപോലെ. 'പക്ഷേ അച്ഛൻ ഒരിക്കലും അത് ഗൗരവമായെടുത്തില്ല. അദ്ദേഹം ഒരിക്കലും എന്നെ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചില്ല.' അവർ പറഞ്ഞു. എന്നാൽ വിക്കിക്ക് അവനിഷ്ടപ്പെട്ടതെല്ലാം ചെയ്യാനുള്ള അനുവാദമുണ്ടായിരുന്നെന്നും സാക്ഷി പറയുന്നു.

ഇഷ്ടപ്പെട്ട വിഷയം പഠിക്കാനായി തെരഞ്ഞെടുക്കാനും അനുവദിച്ചില്ലെന്ന് സാക്ഷി പറയുന്നു. വലിയ നിയന്ത്രണമുള്ള, മൊബൈൽ ഫോണുകൾ അനുവദിക്കാത്ത ഒരു കോളജിൽ മാസ് കമ്മ്യൂണിക്കേഷൻസ് ചെയ്യാനാണ് തന്നെ വിട്ടതെന്നും സാക്ഷി പറയുന്നു.

സഹോദരന് ലഭിക്കുന്ന അതേ പ്രാധാന്യം കുടുംബത്തിൽ തനിക്കും തന്റെ സഹോദരിക്കും ലഭിക്കുന്ന തരത്തിൽ പിതാവിന്റെ മനോഭാവം മാറേണ്ടതുണ്ടെന്നും സാക്ഷി പറയുന്നു. ' ഒരു പെണ്ണിന്റെ ചെയ്തി മാത്രമേ മാനക്കേടുണ്ടാക്കൂവെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി. ഒരു ആണ് തെറ്റ് ചെയ്താലും അത് കുടുംബത്തിന് മാനക്കേടാവും.' പിതാവിനുള്ള സന്ദേശമായി സാക്ഷി മിശ്ര പറഞ്ഞു.

രാജേഷ് മിശ്രയ്ക്കെതിരെ സമൂഹമാധ്യമത്തിൽ പോസ്റ്റു ചെയ്ത വിഡിയോയിലൂടെയാണ് സാക്ഷി ആരോപണങ്ങൾ ഉന്നയിച്ചത്. 'ഞങ്ങളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഞാൻ വിവാഹിതയാണ്. സിന്ദൂരം ഫാഷനുവേണ്ടി അണിഞ്ഞിരിക്കുന്നതല്ല. പപ്പാ, രാജീവ് റാണയെപ്പോലെ നിങ്ങൾ ഗൂണ്ടകളെ എനിക്ക് പിന്നാലെ അയച്ചു. ഒളിച്ചിരുന്ന് ഞാനും അജിതേഷും മടുത്തു. അവനെയും ബന്ധുക്കളെയും ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കണം. സുരക്ഷിതയും സന്തോഷവതിയും ആയിരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്' - സാക്ഷി വിഡിയോയിൽ വ്യക്തമാക്കി. തനിക്കോ ഭർത്താവിനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ പിതാവും കൂട്ടരുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറഞ്ഞു. രണ്ടാഴ്ച മുൻപാണ് സാക്ഷി അജിതേഷ് കുമാറിനെ വിവാഹം ചെയ്തത്.

എന്നാൽ, വിവാഹത്തിന്റെ പേരിൽ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുവരുടെയും പ്രായത്തിലുള്ള വ്യത്യാസമാണ് ആശങ്കപ്പെടുത്തുന്നതെന്നും അജിതേഷിന് നല്ല ജോലിയില്ലെന്നും രാജേഷ് മിശ്ര കുറ്റപ്പെടുത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP