Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല സ്ത്രീ പ്രവേശന വിഷയം; സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ; വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച്; ഹർജി നൽകിയത് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും

ശബരിമല സ്ത്രീ പ്രവേശന വിഷയം; സുപ്രീം കോടതിയുടെ സുപ്രധാന വിധി നാളെ; വിധി പ്രസ്താവിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബഞ്ച്; ഹർജി നൽകിയത് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരും

ന്യൂഡൽഹി: വിവാദങ്ങൾ ഏറെയുണ്ടാകാൻ സാധ്യതയുള്ള ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിലെ വിധി പറയുന്നത്. എട്ടു ദിവസം നീണ്ടു നിന്ന വാദം പൂർത്തിയായതിനു ശേഷമാണ് കേസിൽ നാളെ വിധി പ്രഖ്യാപിക്കുന്നത്. രാവിലെ 10.30ന് വിധി പ്രസ്താവം ഉണ്ടാകും എന്നാണ് വിവരം. ചീഫ് ജസ്റ്റീസിനു പുറമേ ജസ്റ്റീസുമാരായ എ.എം.ധൻവീൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ആർ.എഫ്.നരിമാൻ, ഇന്ദു മൽഹോത്ര എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ മറ്റംഗങ്ങൾ. പത്തു വയസ്സിനും അമ്പതു വയസ്സിനുമിടയിൽ പ്രായമുള്ള സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. സ്ത്രീപ്രവേശനത്തെ സംസ്ഥാനസർക്കാർ അനുകൂലിച്ചിരുന്നു.

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും ആചാരങ്ങൾ മാറ്റാൻ കഴിയില്ലെന്നുമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ക്ഷേത്രം തന്ത്രിയുടേയും വാദം. നിരവധി അഭിഭാഷകരുടെ വാദങ്ങൾ കേട്ട ശേഷമാണ് കേസിൽ നാളെ വിധി പ്രഖ്യാപിക്കുന്നത്. ഇന്ദിരാ ജെയ്‌സിംഗിന്റെ വാദത്തോടെയാണ് കേസിലെ വാദം പൂർത്തിയായത്. സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്നത് ഏറെ പ്രധാനമാണെന്ന് ഇന്ദിരാ ജെയ്‌സിങ് വാദത്തിൽ പറഞ്ഞിരുന്നു. പിന്നാക്ക വിഭാഗങ്ങൾക്ക് ഒരുകാലത്ത് ക്ഷേത്രങ്ങൾ തുറന്നുകൊടുത്തത് പോലെ സ്ത്രീകൾക്കും ശബരിമല തുറന്നുകൊടുക്കണമെന്നാണ് ഇന്ദിരാ ജെയ്‌സിങ് തന്റെ വാദത്തിൽ ഉന്നയിച്ചത്.

അതേസമയം പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകളെ വിലക്കുന്ന നിലവിലെ ആചാരം തുടരണമെന്നാണ് അമിക്കസ് ക്യൂറിയുടെ നിലപാട്. ആർത്തവ സമയങ്ങളിൽ സ്ത്രീകൾ ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നത് വിലക്കുന്ന 1965 ലെ കേരള ഹിന്ദു ആരാധനാലയ പ്രവേശന ചട്ടത്തിലെ 3 ബി വകുപ്പ് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.ഈ വകുപ്പ് അടിസ്ഥാനമാക്കിയാണ് കേരളത്തിലെ മുഴുവൻ ക്ഷേത്രങ്ങളിലും ആർത്തവ സമയത്തെ സ്ത്രീ പ്രവേശന വിലക്ക് തുടരുന്നത്. മൂന്ന് ബി റദ്ദാക്കിയാൽ അത് ശബരിമലയെ മാത്രമല്ല മുഴുവൻ ക്ഷേത്രങ്ങളെയും ബാധിക്കും.

പത്തിനും അൻപതിനുമിടയ്ക്ക് പ്രായമുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയ പ്രവേശന വിലക്ക് ഭരണഘടന നൽകുന്ന ആരാധന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണോ എന്നാണ് കോടതി വാദത്തിനിടെ പരിഗണിച്ചത്. സ്്ത്രീകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തൊട്ടുകൂടായ്മയുടേയും ലിംഗ വിവേചനത്തിന്റേയും ഭാഗമാണെന്നാണ് ഹർജിക്കാരുടെ വാദം.ശബരിമലയിൽ പത്തിനും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്‌സ് അസോസിയേഷനും അഞ്ച് വനിതാഅഭിഭാഷകരുമാണ് പൊതുതാൽപര്യ ഹർജി നൽകിയത്.

നൈഷ്ഠിക ബ്രഹ്മചര്യത്തിനു ഭംഗം വരുത്തുമെന്ന ആശങ്കയിൽ ഈ പ്രായത്തിലുള്ള സ്ത്രീകളുടെ സാന്നിധ്യം അയ്യപ്പന്റെ ഇച്ഛയ്‌ക്കെതിരാണെന്ന് ശബരിമല ക്ഷേത്രത്തിന്റെ പരിശുദ്ധിയുടെ സംരക്ഷകർ വാദിക്കുന്നു. പത്തു മുതൽ അമ്പതു വരെ വയസ്സുള്ള സ്ത്രീകൾക്ക് ശബരിമല സന്നിധാനത്തിൽ പ്രവേശനവിലക്കിന് നിയമ സാധുത നൽകിക്കൊണ്ട് 1991-ൽ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ഇപ്രകാരം പറയുന്നു: ''സന്ന്യാസിയായിരിക്കുമെന്നു ശപഥം ചെയ്തുകൊണ്ട് ദൈനംദിന പെരുമാറ്റത്തിൽ ചില നിഷ്ഠകൾ പാലിക്കുന്ന ശബരിമല മൂർത്തി നൈഷ്ഠികബ്രഹ്മചാരിയുടെ രൂപത്തിലാണ്. യുവതികളുടെ സാന്നിധ്യംവരുത്താവുന്ന നിസ്സാരവ്യതിചലനം കൊണ്ടുപോലും മൂർത്തിയുടെ സന്ന്യാസത്തെയും കഠിന നിഷ്ഠയെയും ബാധിക്കാതിരിക്കാൻ ആ പ്രായത്തിലുള്ള സ്ത്രീകൾ സന്നിധാനത്തിൽ പൂജ ചെയ്യാൻ പാടില്ല.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP