Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പത്തുരൂപയും ഒരു വെള്ളക്കടലാസും കൊണ്ട് വിപ്ലവം തീർക്കാൻ കഴിയുന്നത്ര ശക്തമായ നിയമം; പതിനാല് സംവത്സരങ്ങൾ കൊണ്ട് കൊന്നു തള്ളിയത് എൺപതിലധികം വിവരാവകാശ പ്രവർത്തകരെ; പാർട്ടികളും ഭരണകൂടവും മറ്റ് അധികാര കേന്ദ്രങ്ങളും ഭയക്കുന്ന വിവരാവകാശ നിയമത്തിന് ഇന്ന് പതിനാല് വയസ്സ്

പത്തുരൂപയും ഒരു വെള്ളക്കടലാസും കൊണ്ട് വിപ്ലവം തീർക്കാൻ കഴിയുന്നത്ര ശക്തമായ നിയമം; പതിനാല് സംവത്സരങ്ങൾ കൊണ്ട് കൊന്നു തള്ളിയത് എൺപതിലധികം വിവരാവകാശ പ്രവർത്തകരെ; പാർട്ടികളും ഭരണകൂടവും മറ്റ് അധികാര കേന്ദ്രങ്ങളും ഭയക്കുന്ന വിവരാവകാശ നിയമത്തിന് ഇന്ന് പതിനാല് വയസ്സ്

മറുനാടൻ മലയാളി ബ്യൂറോ

പത്തുരൂപയും ഒരു വെള്ളക്കടലാസും ഉണ്ടെങ്കിൽ ഇന്ത്യൻ പൗരന് അറിയാനുള്ള അവകാശം കിട്ടിയിട്ട് ഇന്ന 14 വർഷം പൂർത്തിയാകുന്നു. 2005 ഒക്ടോബർ 12നാണ് വിവരാവകാശ നിയമം ഇന്ത്യയിൽ പ്രാബല്യത്തിൽ വരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഇന്ത്യൻ ജനത അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാനും തിരുത്താനും കൂടുതൽ ശക്തി കൈവരിച്ചു. 14 വർഷത്തിനിടയിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത് എൺപതിലധികം വിവരാവകാശ പ്രവർത്തകരാണ്. ഇത് തന്നെയാണ് ഈ നിയമത്തെ അധികാര കേന്ദ്രങ്ങൾ എത്രത്തോളം ഭയക്കുന്നു എന്നതിന്റെ തെളിവും. ഭരണകൂടത്തിന്റെ ഏതൊരു പ്രവർത്തനവും സംബന്ധിച്ച് സാധാരണക്കാരന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ഇന്ന് ഭരണാധികാരികൾ ബാധ്യസ്തരാണ്.

ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും, സ്ഥാപനങ്ങളും സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും, ഈ നിയമത്തിന്റെ പരിധിയിൽ വരും. സർക്കാർ സ്ഥാപനങ്ങൾ, സർക്കാർ സഹായധനം നൽകുന്ന സ്ഥാപനങ്ങൾ എന്നിവയുടെ അധീനതയിലുള്ള ഒരു ജോലിയോ, പ്രമാണമോ രേഖയോ പരിശോധിക്കുന്നതിനുള്ള അവകാശം, രേഖയുടെയോ പ്രമാണത്തിന്റെയോ കുറിപ്പുകളോ സംക്ഷിപ്തമോ എടുക്കൽ, സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ഏതു പദാർത്ഥത്തിന്റെയും സാക്ഷ്യപ്പെടുത്തിയ സാമ്പിളുകൾ എടുക്കൽ, കമ്പ്യൂട്ടറിലോ അതുപോലുള്ള മറ്റു ഇലക്ട്രോണിക് സംവിധാനങ്ങളിലോ ശേഖരിച്ചുവെച്ചിട്ടുള്ള വിവരങ്ങൾ, പ്രിന്റൗട്ടുകൾ, ഫ്‌ളോപ്പികൾ, ഡിസ്‌കുകൾ, ടേപ്പുകൾ, വീഡിയോ കാസറ്റുകൾ മുതലായ രൂപത്തിൽ പകർപ്പായി ലഭിക്കാനും ഏതൊരു പൗരനും അവകാശമുണ്ടെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു.

എല്ലാ സർക്കാർ ഓഫീസുകളിലും പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാരെയും നിയോഗിച്ചിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തെക്കുറിച്ച് വിവരം ലഭിക്കേണ്ടവർ 10 രൂപ ഫീസ് സഹിതം ബന്ധപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് അപേക്ഷ നൽകണം. രേഖാമൂലമോ ഇലക്ട്രോണിക് മാധ്യമം വഴിയോ അപേക്ഷ നൽകാം. അപേക്ഷ എഴുതി നൽകാൻ കഴിയാത്ത വ്യക്തി പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്തി അപേക്ഷ തയ്യാറാക്കുന്നതിന് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ സഹായിക്കണം. അപേക്ഷകൻ വിവരം തേടുന്നത് എന്തിനാണെന്ന് വെളിപ്പെടുത്തേണ്ടതില്ല. ബന്ധപ്പെടുന്നതിനുള്ള വിലാസം മാത്രമേ അപേക്ഷയിൽ കാണിക്കേണ്ടതുള്ളു. വിവരങ്ങളും രേഖകളും ലഭിക്കുന്നതിനുള്ള ഫീസുകൾ സർക്കാർ നിശ്ചയിച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെ അവ തെളിയിക്കുന്നതിനുള്ള രേഖകൾ ഹാജരാക്കുന്ന പക്ഷം നിർദ്ദിഷ്ട ഫീസ് ഈടാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം പബ്ലിക് ഇൻഫർമേഷൻ ഓഫീസർ അപേക്ഷകന് വിവരം നൽകണം. അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർ വഴി ലഭിച്ച അപേക്ഷയാണെങ്കിൽ 35 ദിവസത്തിനകം വിവരം നൽകിയാൽ മതി.

എന്നാൽ വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ ബാധിക്കുന്ന വിവരമാണ് ആവശ്യപ്പെടുന്നതെങ്കിൽ അത് 48 മണിക്കൂറിനകം നൽകിയിരിക്കണം. ആവശ്യപ്പെടുന്ന വിവരം ലഭിക്കുന്നില്ലെങ്കിലോ അപൂർണ്ണവും അവാസ്തവവുമായ വിവരമാണ് കിട്ടിയതെങ്കിലോ അക്കാര്യത്തിൽ പരാതിയുള്ള വ്യക്തിക്ക് അപ്പീൽ സംവിധാനവും നിയമത്തിൽ വിഭാവനം ചെയ്തിട്ടുണ്ട്. നിയമം അനുശാസിക്കും വിധം വിവരം നൽകുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ ശിക്ഷണ നടപടികളും നിയമം വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാന ഇൻഫർമേഷൻ കമ്മീഷനാണ് വിവരാവകാശ നിയമം നടപ്പിലാക്കുന്നതും അവയിലെ പരാതികൾ തീർപ്പാക്കുന്നതും ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതുമായ അധികാരസ്ഥാനം.

കേന്ദ്ര കമ്മിഷൻ

ആർ.ടി.ഐ. നിയമത്തിലെ 13 (3) വകുപ്പ് കേന്ദ്ര കമ്മിഷണർമാർക്കു നൽകേണ്ട ശമ്പളം, ബത്ത, മറ്റ് ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു. കേന്ദ്രത്തിലെ മുഖ്യ വിവരാവകാശ കമ്മിഷണർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ പദവിക്കു തുല്യമാണെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. കമ്മിഷണർമാരുടെ പദവി തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടേതിനു തുല്യമാണ്.

സംസ്ഥാന കമ്മിഷൻ

ആർ.ടി.ഐ. നിയമത്തിലെ 16 (5) വകുപ്പ് ശമ്പളം, ബത്ത, മറ്റ് സേവന വ്യവസ്ഥകളെക്കുറിച്ച് പരാമർശിക്കുന്നു. മുഖ്യ വിവരാവകാശ കമ്മിഷണർമാരുടെ പദവി തെരഞ്ഞെടുപ്പ് കമ്മിഷണറുടേതിനു സമാനമാണ്. കമ്മിഷണറുടെ പദവി സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പദവിക്കു തുല്യമായും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
1991 ലെ ചട്ടപ്രകാരം മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷന്റെയും തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെയും സേവന, വേതന വ്യവസ്ഥകൾ സുപ്രീം കോടതി ജഡ്ജിക്കു സമാനമാണ്. ചുരുക്കത്തിൽ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മുഖ്യ വിവരാവകാശ കമ്മിഷണർമാരുടെയും കേന്ദ്ര വിവരാവകാശ കമ്മിഷണർമാരുടെയും സേവന, വേതന വ്യവസ്ഥകൾ സുപ്രീംകോടതി ജഡ്ജിക്കു സമാനമാണ്. ഈ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് ഇനി അത് തീരുമാനിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമാക്കി.

നിയമത്തെ ഭയക്കുന്നവർ

ദേശീയ രാഷ്ട്രീയകക്ഷികളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തി 2013 ജൂൺ മൂന്നിന് കേന്ദ്ര വിവരാവകാശ കമ്മിഷൻ പുറപ്പെടുവിച്ച ഉത്തരവ് ഇതുവരെയും രാജ്യത്ത് നടപ്പിലാക്കിയില്ല. ഈ ഉത്തരവിനെ മറികടക്കാൻ 2013 ഓഗസ്റ്റ് 12-ന് യു.പി.എ. സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ബിൽ പാസായില്ല. ദേശീയ രാഷ്ട്രീയ കക്ഷികൾ ഒന്നടങ്കം കമ്മിഷന്റെ ഉത്തരവിനെതിരേ രംഗത്തുവന്നു. ഈ ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലും തീരുമാനമായില്ല.സഹകരണ മേഖലയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്നു പുറത്താക്കിക്കൊണ്ടുള്ള ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി വിവരാവകാശ നിയമത്തെ പരിമിതപ്പെടുത്താൻ ജുഡീഷ്യറി നടത്തിയ ഇടപെടലിന് ഉദാഹരണമാണ്.

മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന കമ്മിഷന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയെ സമീപിച്ചത് നിലവിലെ എൽ.ഡി.എഫ്. സർക്കാരാണ്. അതിനു തൊട്ടുമുമ്പ് കടുംവെട്ട് മന്ത്രിസഭാ തീരുമാനങ്ങൾ വെളിപ്പെടുത്താത്ത ഉമ്മൻ ചാണ്ടി സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്ന അന്നത്തെ പ്രതിപക്ഷ നേതാക്കൾ മന്ത്രിമാരായപ്പോൾ ചുവടുമാറ്റി. കേന്ദ്രസർക്കാരും ഡൽഹി, യു.പി, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളും ഓൺലൈൻ ആർ.ടി.ഐ. പോർട്ടൽ ആരംഭിച്ചെങ്കിലും സൈബർ സംസ്ഥാനമെന്ന പെരുമ അവകാശപ്പെടുന്ന കേരളം ഒന്നും ചെയ്തില്ല. പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഓൺലൈനിൽ അപേക്ഷ കൊടുക്കാൻ കഴിഞ്ഞാൽ ചെലവു കുറയ്ക്കാനും സമയബന്ധിതമായി വിവരം ലഭ്യമാക്കാനും കഴിയും. ഓൺലൈൻ പോർട്ടൽ സംസ്ഥാനത്ത് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആർ.ടി.ഐ. കേരളാ ഫെഡറേഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഭേദഗതി

നരേന്ദ്ര മോദി സർക്കാർ അധികാരമേറ്റ ശേഷമുള്ള പ്രഥമ പാർലമെന്റ് സമ്മേളനത്തിൽ തന്നെയാണ് 2005 ലെ വിവരാവകാശ നിയമത്തിന് ഭേദഗതിവരുത്തി ബിൽ പാസാക്കിയത്. വിവരാവകാശ കമ്മിഷനുകളുടെ സ്വയംഭരണാധികാരവും സ്വാതന്ത്ര്യവും തകർക്കുന്നതാണ് ഈ ഭേദഗതിയെന്ന് പ്രതിപക്ഷവും പൊതുസമൂഹവും കേന്ദ്രസർക്കാരിനെ വിമർശിക്കുമ്പോഴും നിലവിലെ നിയമത്തിലെ അപാകംപരിഹരിക്കുകയെന്ന സാധാരണനടപടിമാത്രമാണിതെന്ന് സർക്കാർ വിശദീകരിക്കുന്നു.


ആർ.ടി.ഐ. നിയമത്തിലെ 13, 16, 27 വകുപ്പുകളാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. ഇതിലൂടെ കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും വിവരാവകാശ കമ്മിഷണർമാരുടെ പദവിയും സേവന വേതന വ്യവസ്ഥകളും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. ഫെഡറൽ ഘടനയുടെ ലംഘനമാണ് ഈ ഭേദഗതിയെന്ന വിമർശനവും പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ചു. കമ്മിഷണർമാർ ചുമതലയേറ്റെടുക്കുന്ന അന്നുമുതൽ അഞ്ചുവർഷമായിരുന്നു സേവന കാലാവധി. അല്ലെങ്കിൽ അത് 65 വയസ് തികയുന്നതുവരെ. ഈ വ്യവസ്ഥ മാറ്റി കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന കാലാവധി എന്നുവരെയാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP