Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇതു സീരിയലല്ല; യഥാർഥ ജീവിതം; സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞതു കള്ളം; മോദിക്ക് ഒരിക്കലും എന്റെ വേദന മനസിലാകില്ലെന്നും രോഹിത് വെമുലയുടെ അമ്മ

ഇതു സീരിയലല്ല; യഥാർഥ ജീവിതം; സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞതു കള്ളം; മോദിക്ക് ഒരിക്കലും എന്റെ വേദന മനസിലാകില്ലെന്നും രോഹിത് വെമുലയുടെ അമ്മ

ന്യൂഡൽഹി: പാർലമെന്റിൽ മന്ത്രി സ്മൃതി ഇറാനി പറഞ്ഞതു പച്ചക്കള്ളമാണെന്നു രോഹിത് വെമുലയുടെ അമ്മ രാധിക വെമുല പറഞ്ഞു. സ്മൃതി ഇറാനി, ഇത് സീരിയലല്ല, ഇത് യഥാർഥ ജീവിതമാണ്, യഥാർഥ വസ്തുതകൾ പുറത്തുപറയണം, അവയെ കെട്ടിച്ചമയ്ക്കരുതെന്നും രോഹിതിന്റെ അമ്മ പറഞ്ഞു. മോദിക്ക് ഒരിക്കലും തന്റെ വേദന മനസിലാകില്ലെന്നും രാധിക പറഞ്ഞു.

മാനവവിഭവശേഷി മന്ത്രാലയം തന്റെ മകനെ ദേശദ്രോഹിയും തീവ്രവാദിയുമാക്കുകയാണ്. കഴിഞ്ഞ ഏഴുമാസമായി അവന് അനുവദിക്കപ്പെട്ട സ്റ്റൈപ്പന്റ് പോലും കിട്ടുന്നില്ല. മന്ത്രാലയത്തിൽ നിന്ന് അയച്ച കത്തുകൾ മകനെയും കൂട്ടുകാരെയും ദേശദ്രോഹികൾ എന്നു മുദ്രകുത്തിക്കൊണ്ടുള്ളതാണെന്നും രാധിക പറഞ്ഞു.

തന്റെ മകൻ എങ്ങനെ രാജ്യദ്രോഹിയും തീവ്രവാദിയുമാകുമെന്നതിനു വിശദീകരണം തരണമെന്നും രാധിക ആവശ്യപ്പെട്ടു. ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് രാധിക മന്ത്രിക്കെതിരെ പൊട്ടിത്തെറിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും തന്റെ വേദന മനസിലാകില്ലെന്നും രാധിക പറഞ്ഞു. മോദിക്ക് മക്കളില്ല. ജാതിവിവേചനത്തിൽ മനം നൊന്ത് അവർക്ക് ആത്മഹത്യ ചെയ്യേണ്ടിയും വന്നിട്ടില്ല. ഒരു മകൻ നഷ്ടപ്പെട്ട അമ്മയുടെ വേദന പിന്നെ എങ്ങനെ അദ്ദേഹത്തിന് മനസിലാകുമെന്നും രാധിക ചോദിച്ചു. നീതിക്ക് വേണ്ടി പോരാടുന്ന വിദ്യാർത്ഥികളെ പീഡിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമമെങ്കിൽ ഞാൻ എന്നെ തന്നെ ബലി കഴിക്കുമെന്നും രാധിക പറഞ്ഞു.

ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥി രോഹിത് വെമൂല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനി പാർലമെന്റിൽ പറഞ്ഞത് കള്ളമാണെന്ന് വെമൂലയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. രോഹിതിന് വൈദ്യസഹായം നൽകാൻ വിദ്യാർത്ഥികൾ ഡോക്ടറെ അനുവദിച്ചില്ലെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം ലോക്‌സഭയിൽ പറഞ്ഞത്. പൊലീസ് ഭാഷ്യം മന്ത്രി ലോക്‌സഭയിൽ ആവർത്തിക്കുകയായിരുന്നു.

എന്നാൽ മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് അന്നു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടർ വ്യാഴാഴ്ച തന്നെ വെളിപ്പെടുത്തിയിരുന്നു. സംഭവം അറിഞ്ഞയുടൻതന്നെ അവിടേക്ക് ഓടിച്ചെന്നുവെന്നും രോഹിതിന്റെ ശരീരം പരിശോധിച്ചപ്പോൾ മരിച്ചുകഴിഞ്ഞതായി മനസിലായെന്നുമാണ് ഡോക്ടർ രാജശ്രീ വെളിപ്പെടുത്തിയത്. രോഹിതിന്റെ ശരീരം പരിശോധിക്കാൻ മുറിയിലേക്കു കയറിയപ്പോൾ ആരും തടഞ്ഞില്ലെന്നും ഡോക്ടർ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP