Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഋഷികുമാർ ശുക്‌ള സിബിഐയുടെ പുതിയ മേധാവി; മധ്യപ്രദേശ് മുൻ ഡിജിപിയെ സിബിഐ ഡയറക്ടറാക്കാൻ അംഗീകാരം നൽകി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി; നിയമനം വൈകിയത് ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വേണ്ടെന്ന് ഖാർഗെയുടെ കടുംപിടിത്തം മുലം

ഋഷികുമാർ ശുക്‌ള സിബിഐയുടെ പുതിയ മേധാവി; മധ്യപ്രദേശ് മുൻ ഡിജിപിയെ സിബിഐ ഡയറക്ടറാക്കാൻ അംഗീകാരം നൽകി പ്രധാനമന്ത്രി അധ്യക്ഷനായ സമിതി; നിയമനം വൈകിയത് ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ വേണ്ടെന്ന് ഖാർഗെയുടെ കടുംപിടിത്തം മുലം

ന്യൂഡൽഹി: സിബിഐയുടെ പുതിയ മേധാവിയായി ഋഷികുമാർ ശുക്‌ളയെ നിയമിക്കാൻ തീരുമാനിച്ചു. പ്രധാനമന്ത്രി അധ്യക്ഷനായ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട സമിതിയുടേതാണ് തീരുമാനം. മധ്യപ്രദേശ് മുൻ ഡിജിപിയാണ് ഋഷികുമാർ ശുക്‌ള. ഗുജറാത്തിൽ നിന്നുള്ളവരെ വേണ്ടെന്ന നിർദ്ദേശം വന്നതോടെ കഴിഞ്ഞതവണത്തെ യോഗത്തിൽ പുതിയ മേധാവിയുടെ കാര്യത്തിൽ തീരുമാനം ആയിരുന്നില്ല. 

അതേസമയം ശുക്ലയുടെ നിയമനത്തിൽ കോൺഗ്രസിന്റെ ലോക്‌സഭാകക്ഷി നേതാവ് മല്ലികാർജുൻ ഖർഗെ വിയോജിപ്പ് അറിയിച്ചു. ഇദ്ദേഹം പ്രധാനമന്ത്രിക്കു വിയോജനക്കുറിപ്പ് നൽകി. ജാവീദ് അഹമ്മദിനു നിയമനം നൽകണമെന്നാണ് ഖാർഗെ ശുപാർശ ചെയ്തത്

1983 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് ഋഷികുമാർ. 30 പേരുടെ പട്ടികയിൽനിന്നാണ് ഇദ്ദേഹത്തെ സിബിഐ തലപ്പത്തേക്ക് ഉന്നതാധികാര സമിതി തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ലോക്‌സഭാ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖർഗെ എന്നിവരാണ് സമിതിയിലുള്ളത്. രണ്ട് വർഷത്തേക്കായിരിക്കും ശുക്ലയുടെ നിയമനം.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു തവണ യോഗം ചേർന്നിട്ടും സിബിഐ മേധാവിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആകെ 80 പേരാണ് പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ അവസാന ഘട്ടത്തിൽ 30 പേരുടെ പട്ടികയാക്കി വെട്ടിച്ചുരുക്കി. ഗുജറാത്തിൽ നിന്ന് ആരെയും നിയമിക്കരുതെന്ന് ഖാർഗെ നിലപാടെടുത്തു. ഇതോടെ പിന്നീട് ശുക്‌ളെയ്ക്ക് നറുക്കുവീണു. കേന്ദ്രസർക്കാരിനെതിരെ കടുത്ത നിലപാടെടുത്ത മുൻ മേധാവി അലോക് വർമ്മയുടെ രാജിയെ തുടർന്നാണ് സിബിഐ മേധാവി സ്ഥാനം ഒഴിഞ്ഞത്. മോദി സർക്കാരുമായി പോരാടിയ അലോക് വർമ്മയെ സുപ്രീംകോടതി ഇടപെട്ട് സിബിഐ മേധാവി സ്ഥാനത്ത് പുനർ നിയമനം നൽകിയിരുന്നു.

എന്നാൽ അതിന് പിന്നാലെ തന്നെ അദ്ദേഹത്തെ അഗ്നിശമന സുരക്ഷാ മേധാവിയായി മാറ്റി. ഇതിന് പിന്നാലെയാണ് അലോക് വർമ്മ രാജിവച്ചത്. പിന്നാലെ നാഗേശ്വർ റാവുവിനെ ഇടക്കാല ഡയറക്ടറായി കേന്ദ്രം നിയമിച്ചെങ്കിലും അതും വിവാദത്തിലായി. പ്രത്യേകിച്ചും റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് വിഷയങ്ങളിലാണ് മോദി സർക്കാരും അലോക് വർമ്മയും ഉടക്കിയത് എന്നതിനാൽ വരും ദിവസങ്ങളിൽ വലിയ ചർച്ചയാകാൻ പോകുന്നത് ശുക്‌ളേയുടെ നിലപാടുകളാകും.

റാഫേൽ വിഷയത്തിൽ കോൺഗ്രസ്സുമായി സഹകരിച്ചു എന്ന ആരോപണം കത്തിനിൽക്കെ ജനുവരി പത്തിന് അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു കേന്ദ്രസർക്കാർ നീക്കി. പിന്നീട് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. അതിന് പിന്നാലെ നാഗേശ്വര റാവുവിനായിരുന്നു സിബിഐയുടെ താത്കാലിക ഡയറക്ടർ ചുമതല.

അർധരാത്രിയിൽ അലോക് വർമയെ സിബിഐ ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയ കേന്ദ്ര സർക്കാർ നടപടി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് റദ്ദാക്കി. ഡയറക്ടറെ നിയമിക്കുന്ന ഉന്നതാധികാര സമിതിക്കു മാത്രമേ ഡയറക്ടറെ മാറ്റുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവൂ എന്നു കോടതി വ്യക്തമാക്കി. അലോക് വർമയെ തിരിച്ചെടുക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

ഇതോടെ സിബിഐ ഡയറക്ടറായി വീണ്ടും അലോക് വർമ ചുമതലയേറ്റെടുത്തു. ഇതിനുപിന്നാലെ അലോക് വർമയെ കേന്ദ്ര സർക്കാർ വീണ്ടും സ്ഥാനത്തുനിന്നു നീക്കി. പക്ഷേ, നിയമ പോരാട്ടത്തിന് മുതിരാതെ ഡയറക്ടർ സ്ഥാനത്തുനിന്നു നീക്കിയതിൽ പ്രതിഷേധിച്ച് അലോക് വർമ സർവീസിൽനിന്നു രാജിവച്ചു. ഇതോടെയാണ് പുതിയ മേധാവിയെ നിയമിക്കേണ്ട സാഹചര്യം ഉടലെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP