Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എന്താണ് ജെയ്റ്റ്‌ലി താങ്കൾ മറയ്ക്കാൻ ശ്രമിക്കുന്നത്? ജെഠ്മലാനിയുടെ കത്തിന് മറുപടി ഇല്ലാതെ കേന്ദ്രം; രണ്ട് യുപിഎ മന്ത്രിമാർ അടക്കം 628 പേരുടെ പേരുമായി എച്ച്എസ്‌ബിസി; പുറത്തുവിടും മുമ്പ് സ്വന്തക്കാരുടെ പേരുവെട്ടാൻ ഉറച്ച് ബിജെപി

എന്താണ് ജെയ്റ്റ്‌ലി താങ്കൾ മറയ്ക്കാൻ ശ്രമിക്കുന്നത്? ജെഠ്മലാനിയുടെ കത്തിന് മറുപടി ഇല്ലാതെ കേന്ദ്രം; രണ്ട് യുപിഎ മന്ത്രിമാർ അടക്കം 628 പേരുടെ പേരുമായി എച്ച്എസ്‌ബിസി; പുറത്തുവിടും മുമ്പ് സ്വന്തക്കാരുടെ പേരുവെട്ടാൻ ഉറച്ച് ബിജെപി

ന്യൂഡൽഹി: ഇന്ത്യക്ക് പുറത്ത് കള്ളപ്പണം സൂക്ഷിച്ചവരുടെ കാര്യത്തിൽ കേന്ദ്രധനമന്ത്രി എന്താണ് മറച്ചുവയ്ക്കാൻ പരിഭ്രമിക്കുന്നതെന്ന് ചോദ്യമുന്നയിച്ച് കൊണ്ടുള്ള രാം ജെത് മലാനിയുടെ കത്തിന് മുന്നിൽ മറുപടി പറയാനാകാതെ കേന്ദ്രം മുട്ടുവിറച്ച് നിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തരക്കാരെ സംരക്ഷിക്കാൻ ജയ്റ്റ്‌ലി ശ്രമിക്കുന്നുവെന്നാരോപിച്ചാണ് കള്ളപ്പണക്കേസിലെ ഹരജിക്കാരനായ മലാനി ഇപ്പോൾ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നത്. ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട അംഗമെന്ന പേരിലാണ് മലാനി പ്രസ്തുത കത്തിൽ ഒപ്പ് വച്ചിരിക്കുന്നത്. ജയ്റ്റിലിക്കുള്ള ദീപാവലി സമ്മാനമെന്ന നിലയിലാണ് അന്ന് തന്നെ മലാനി ഈ കത്തയച്ചിരിക്കുന്നത്.

ആദർശത്തിന്റെ ആൾരൂപമെന്ന് നടിക്കുന്ന പ്രധാനമന്ത്രി മോദി രാജ്യത്തെ കബളിപ്പിച്ചുവെന്ന ആരോപണത്തിന് കാരണമാകുന്ന പ്രവർത്തിയാണ് ജയ്റ്റ്‌ലി കൈക്കൊള്ളുന്നതെന്നും മലാനി ആരോപിക്കുന്നുണ്ട്. ഇരട്ടനികുതി ഒഴിവാക്കൽ കരാറിന്റെ മറപിടിച്ചാണ് സർക്കാർ കള്ളപ്പണക്കാരുടെ വിശദാംശങ്ങൾ പൂഴ്‌ത്തിവയ്ക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഇരട്ട നികുതി ഒഴിവാക്കൽക്കരാർ അനുസരിച്ച് ഭാരതത്തിലും ജർമനിയിലും നികുതിയടക്കാനുള്ള വരുമാനമുള്ളവരുടെ കാര്യമല്ല കള്ളപ്പണക്കേസിന് അടിസ്ഥാനമെന്നും തന്റെ കത്തിലൂടെ മലാനി ധനമന്ത്രിയെ ഓർമിപ്പിച്ചു. യുപിഎ സർക്കാർ തനിക്ക് കൈമാറിയ ലിക്ടെൻസ്‌റ്റൈനിലെ എൽജിടി ബാങ്കിൽ കള്ളപ്പണമുള്ള 18 പേർക്കൊപ്പം ഹസൻ അലിയെപ്പോലുള്ള ക്രിമിനലുകളില്ലെന്ന കാര്യവും മലാനി അടിവരയിടുന്നു. ഇരട്ടനികുതി ഒഴിവാക്കൽ കരാറിലെ വ്യവസ്ഥകളല്ല ഈ ഗണത്തിൽ പെട്ടവരുടെ പണം തിരികെയെത്തിക്കുന്നതിന് പ്രയോഗിക്കേണ്ടത്. കള്ളപ്പണക്കാർ നിയമത്തിന്റെ മുന്നിലെത്തരുതെന്ന് കേന്ദ്രധനമന്തി ആഗ്രഹിക്കുന്നുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നുവെന്നും മലാനി ഉറപ്പിച്ച് പറയുന്നു.

2013ൽ ജയ്റ്റ്‌ലി രാജ്യസഭയിലെ പ്രതിപക്ഷ നേതാവിന്റെ കസേരയിലിരിക്കുമ്പോഴാണ് കള്ളപ്പണക്കാരുടെ പേരുകൾ അനായാസം ലഭ്യമാക്കാനുള്ള സന്നദ്ധത ജർമനി പ്രകടമാക്കിയത്. കോൺഗ്രസിലെ ഉന്നതർ കുടുങ്ങുമെന്ന സംശയത്താൽ ആ പട്ടിക ലഭിക്കാൻ യുപിഎ സർക്കാർ ശ്രമിച്ചില്ല. അന്ന് കള്ളപ്പണക്കാരുടെ പേരുകൾ നൽകാമെന്ന് സമ്മതിച്ച വേളയിൽ ഇരട്ടനികുതി ഒഴിവാക്കൽ കരാറിനെക്കുറിച്ച് ജർമൻ ഭരണകൂടെ പരാമർശിച്ചിരുന്നില്ലെന്ന കാര്യവും മലാനി ജയ്റ്റ്‌ലിയെ ഓർമിപ്പിക്കുന്നുണ്ട്.

അതിനിടെ രണ്ട് യുപിഎ മന്ത്രിമാരടക്കം 628 കള്ളപ്പണക്കാരുടെ പട്ടികയുമായി എച്ച്എസ്‌ബിസി രംഗത്തെത്തിയിട്ടുണ്ട്. ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റ് ഐഡന്റി ഇനിയും എസ്‌ററാബ്ലിഷ് ചെയ്യാത്ത 210 അക്കൗണ്ട് ഹോൾഡർമാരുടെ കാറ്റഗറിയിലാണി മുൻ മന്ത്രിമാരും ഉൾപ്പെടുന്നത്. ഇന്ത്യൻ എക്സ്‌പ്രസ് രണ്ടു മുന്മന്ത്രിമാരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചെങ്കിലും തങ്ങൾക്ക് ഇത്തരത്തിലുള്ള അക്കൗണ്ടുകളില്ലെന്നാണവർ പറഞ്ഞത്. ലിസ്റ്റിലെ വെളിപ്പെടുത്തലുകൾ കോൺഗ്രസിനെയാണ് കുടുക്കിലാക്കുകയെന്നാണ് അരുൺ ജയ്റ്റ്‌ലി കഴിഞ്ഞ ചൊവ്വാഴ്ച പറഞ്ഞത്. യുപിഎ മന്ത്രിസഭയിലെ മന്ത്രി ആ ലിസ്റ്റിൽ ഉണ്ടോയെന്ന ചോദ്യത്തിന് താൻ ഉണ്ടെന്നും ഇല്ലന്നും പറയില്ലെന്നും ചിരിക്കുക മാത്രമെയുള്ളുവെന്നുമാണ് ജയ്റ്റ്‌ലി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരിക്കുന്നത്. ഈ ലിസ്റ്റിൽ കോൺഗ്രസ് നേതാവ് ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് അയാളെ മാത്രമാണ് ബാധിക്കുകയെന്നും പാർട്ടിയെ അല്ലെന്നും മുൻ കേന്ദ്ര ധനമന്ത്രി പി ചിദംബരം എൻഡി ടിവിയോട് പറഞ്ഞു.

എച്ച്എസ്‌ബിസിയുടെ സ്വിസ് എച്ച്എസ്‌ബിസി പ്രൈവറ്റ് ബാങ്കിന്റെ ജനീവ ബ്രാഞ്ചിൽ അക്കൗണ്ടുള്ളവരുടെ പേരുകളാണ് എച്ച്എസ്‌ബിസിയുടെ ലിസ്റ്റിലുള്ളത്. 2006ലെ ഒരു പ്രത്യേകദിവസം ബാങ്കിലെ ഒരു ജീവനക്കാരനാണീ വിവരം ചോർത്തിയത്. 2011ൽ ഫ്രാൻസാണ് ഈ ലിസ്‌ററ് ഇന്ത്യക്ക് കൈമാറിയത്. ഈ ലിസ്റ്റിൽ 628 ഇന്ത്യക്കാരുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ 418 കേസുകളിൽ പേരുകളിലും വിലാസങ്ങളിലും സാമ്യം കണ്ടെത്താൻ ഇൻകം ടാക്‌സ് ഡിപ്പാർട്ട്‌മെന്റിന് കഴിഞ്ഞിട്ടുണ്ട്. എന്നാൽ 282 കേസുകളിൽ അക്കൗണ്ട് നമ്പറുകളോ ബാലൻസോ ലഭ്യമായിട്ടില്ല. പൊതുവെ ഈ ലിസ്റ്റിൽ നാല് സെറ്റ് ഇൻഫർമേഷനുകളാണുള്ളത്. പേര്, വിലാസം, അക്കൗണ്ട് നമ്പർ, ബാലൻസ് എന്നിവയാണവ.

418 പേരുകളിൽ 12 എണ്ണം കൊൽക്കത്തയിൽ നിന്നുള്ളതാണ്. എന്നാൽ അതിൽ ആറെണ്ണത്തിന് മാത്രമെ അക്കൗണ്ട് സ്ഥിരീകരിച്ചിട്ടുള്ളൂ. ലിസ്റ്റിലെ ഏറ്റവും ഉയർന്ന സംഖ്യ 18 ദശലക്ഷം ഡോളറാണ്. മെഹ്ത്ത, പട്ടേൽ എന്നീ സർനെയിമുകളാണ് ലിസ്റ്റിൽ പൊതുവായിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP