Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആധുനികവൽക്കരണത്തിന് ഊന്നൽ നൽകിയുള്ള റെയിൽവെ ബജറ്റ്; യാത്രാനിരക്ക് കൂട്ടില്ല; ടിക്കറ്റുകൾ കൂടുതലും ഇനി ഓൺലൈൻ വഴി; എ, ബി കാറ്റഗറി സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം; 17,000 ബയോ ടോയ്‌ലറ്റുകൾ: സുരേഷ് പ്രഭുവിന്റെ ആദ്യ റെയിൽവേ ബജറ്റ് ഇങ്ങനെ

ന്യൂഡൽഹി: അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നൽ നൽകി നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ റെയിൽവെ ബജറ്റ് മന്ത്രി സുരേഷ് പ്രഭു അവതരിപ്പിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി പുതിയ ട്രെയിനുകളോ പുതിയ പാതകളോ പ്രഖ്യാപിക്കാതെയാണ് ബജറ്റ് അവതരിപ്പിച്ചത്.

റെയിൽ ബജറ്റിൽ പുതിയ പാതകളെക്കുറിച്ചും ട്രെയിനുകളെക്കുറിച്ചും പ്രഖ്യാപനമില്ല. എന്നാൽ, പുതിയ പാതകളും ട്രെയിനുകളും ഈ സമ്മേളനത്തിൽത്തന്നെ പ്രഖ്യാപിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കഞ്ചിക്കോട് കോച്ച് ഫാക്ടറിക്ക് ബജറ്റിൽ 514 കോടി രൂപ വകയിരുത്തി. കേരളത്തിലെ പാത ഇരട്ടിപ്പിക്കലിനും ഇത്തവണ പരിഗണന നൽകിയിട്ടുണ്ട്. കൊല്ലം റയിൽവേ സ്‌റ്റേഷനിൽ രണ്ടാം ടെർമിനൽ നിർമ്മിക്കാനും റയിൽവേ ബജറ്റിൽ അനുമതിയായി.

കഞ്ചിക്കോട്ട് അനുവദിച്ച തുകയിൽ 144.98 കോടി ഈ വർഷത്തെ വിഹിതമാണ്. പതിനായിരക്കണക്കിനു പേർക്ക് തൊഴിൽ സാധ്യത നൽകുന്ന പദ്ധതിയാണ് ഇത്. എന്നാൽ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദേശേിക്കുന്ന പദ്ധതിക്ക് സംരംഭകരെ കിട്ടാനില്ലെന്ന പ്രതിസന്ധി നിലനിൽക്കുന്നുണ്ട്.

പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഫാക്ടറി യാഥർഥ്യമാക്കുമന്നൊയിരുന്നു പ്രഖ്യാപനം. എന്നാൽ പങ്കാളിയെ കണ്ടത്തെുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഫാക്ടറിക്കായി സംസ്ഥാനം ഭൂമിയേറ്റെടുത്ത് നൽകിയെങ്കിലും ചുറ്റുമതിൽ നിർമ്മാണമല്ലാതെ മറ്റൊരു പ്രവർത്തിയും മുന്നോട്ടു പോയിട്ടില്ല.

ശബരിപാതയ്ക്ക് ടോക്കൺ വിഹിതം ആയി 5 കോടി രൂപ, കൊല്ലം- തിരുനൽവേലി പാത ഇരട്ടിപ്പിക്കലിന് 85 കോടി, തിരുവനന്തപുരം- കന്യാകുമാരി പാത ഇരട്ടിപ്പിക്കാൻ 20 കോടി രൂപ, ചെങ്ങന്നൂർ- ചിങ്ങവനം പാതയ്ക്ക് 58 കോടി, കുറുപ്പന്തറ-ചിങ്ങവനം പാതയ്ക്ക് 10 കോടി രൂപ, മംഗലാപുരം-കോഴിക്കോട് പാത ഇരട്ടിപ്പക്കലിന് 4.5 കോടി, തിരുനാവായ-ഗുരുവായൂർ പാതയ്ക്ക് ഒരു കോടി, ചേപ്പാട്-കായംകുളം പാത ഇരട്ടിപ്പക്കലിന് ഒരു കോടി, അമ്പലപ്പുഴ-ഹരിപ്പാട് പാതയിരട്ടിപ്പിക്കലിന് 55 കോടി, എറണാകുളം-കുമ്പളം 30 കോടി എന്നിവയാണ് കേരളത്തിനായുള്ള മറ്റു പ്രധാന പ്രഖ്യാപനങ്ങൾ.

റെയിൽവേയുടെ ധവള പത്രം ലോക്‌സഭയുടെ മേശപ്പുറത്ത് വച്ചശേഷമാണ് സുരേഷ് പ്രഭു ബജറ്റ് അവതരിപ്പിച്ചത്. യാത്രാനിരക്കു കൂട്ടില്ലെന്നും എ, ബി കാറ്റഗറി സ്റ്റേഷനുകളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്തുമെന്നുമുൾപ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.

റയിൽവേയിൽ 8.5 ലക്ഷം കോടി നിക്ഷേപം അഞ്ചു വർഷത്തിനകം നടപ്പാക്കും. യാത്രക്കാരുടെ സൗകര്യങ്ങൾ, സുരക്ഷിതയാത്ര, ആധുനിക സൗകര്യങ്ങൾ, റയിൽവേയുടെ സാമ്പത്തിക സ്വയംപര്യാപ്തത എന്നീ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.

വിവിധ പദ്ധതികൾക്ക് വിദേശ സഹകരണം തേടും. റെയിൽപാളങ്ങളുടെ വ്യാപനം 14 ശതമാനം വർധനയോടെ 1,36,000 കിലോമീറ്ററാക്കുമെന്നും ബജറ്റിൽ മന്ത്രി അറിയിച്ചു. നിലവിലെ ലൈനുകളുടെ ശേഷി വർധിപ്പിക്കാനും ആധുനീകരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകാനും തീരുമാനമായി. ട്രെയിനുകൾ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

സാങ്കേതിക നവീകരണത്തിനു റെയിൽവേയിൽ കായകൽപ്പ പദ്ധതി നടപ്പാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ചരക്കു സേവന മേഖലയിൽ പുത്തൻ പദ്ധതികൾ, പുതിയ പാതകളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലേക്കായി പൊതുമേഖലയുമായി യോജിച്ചുള്ള പദ്ധതികൾ തുടങ്ങിയവ നടപ്പാക്കും.

ഇന്ത്യൻ റെയിൽവെയെ നവീകരിക്കുന്നതിന് അഞ്ച് വർഷത്തെ കർമ്മപദ്ധതി തയാറാക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. റെയിൽവയെ സ്വയംപര്യാപ്തമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പാതഇരട്ടിപ്പിക്കലിനും വൈദ്യുതീകരണത്തിനും ഊന്നൽ നൽകി വേഗത്തിൽ സമയബന്ധിതമായി ട്രെയിൻ ഓടിക്കും. സുരക്ഷയ്ക്കും സുഖയാത്രയ്ക്കും പ്രാമുഖ്യം നൽകും. രണ്ട് വർഷത്തിനുള്ളിൽ യാത്രാസമയം 20 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. യാത്രക്കാരുടെ സുരക്ഷ കൂട്ടുന്നതിന് മുൻഗണന നൽകും. പൊതുസ്വകാര്യ മേഖലകളുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കും.

അഞ്ച് വർഷങ്ങൾ, നാല് ലക്ഷ്യങ്ങൾ എന്നതാണ് ബജറ്റിന്റെ ലക്ഷ്യം. സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവയാണ് അഞ്ച് വർഷത്തെ ലക്ഷ്യങ്ങളായി ബജറ്റ് വിഭാവനം ചെയ്യുന്നത്.

ലെവൽ ക്രോസുകളിലെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 6581 കോടി രൂപ നീക്കിവയ്ക്കും. ആളില്ലാത്ത ലെവൽക്രോസുകളിൽ മേൽപ്പാലങ്ങൾ നിർമ്മിക്കും. മെയ്ക് ഇൻ ഇന്ത്യ പദ്ധതികളുടെ ഭാഗമായി ഒമ്പത് അതിവേഗ റെയിൽ ഇടനാഴികൾ നിർമ്മിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലുള്ള ട്രെയിനുകളാകും ഈ പാതകളിൽ ഓടുക.

ട്രാൻസ്‌ലോക് എന്ന പേരിൽ പുതിയ പൊതുമേഖലാ സ്ഥാപനം ആരംഭിക്കും. വരുന്ന സാമ്പത്തിക വർഷം വിവിധ മേഖലകളിൽ റെയിൽവേയുടെ ശേഷി വർധിപ്പിക്കാൻ 96182 കോടി രൂപ നീക്കിവച്ചു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള റെയിൽ കണക്ടിവിറ്റിക്ക് പദ്ധതിയൊരുക്കും. സ്വകാര്യ പങ്കാളിത്തത്തോടെ ഡിഎഫ്‌സി ഫീഡർ യൂണിറ്റുകൾ വരുന്ന സാമ്പത്തിക വർഷം ലക്ഷ്യമിടുന്നു.

എല്ലാ ട്രെയിനുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ. സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷനുകൾ സ്ഥാപിക്കും. രാജ്യത്തെ വൻ നഗരങ്ങളിലാണ് സാറ്റലൈറ്റ് റെയിൽവേ സ്റ്റേഷനുകൾ വികസിപ്പിക്കുക. പത്തു സ്റ്റേഷനുകൾ ഈ രീതിയിൽ വികസിപ്പിക്കും.

യാത്രക്കാരുടെ സൗകര്യങ്ങൾ വിപുലപ്പെടുത്താൻ 67 ശതമാനം അധിക ഫണ്ട് നീക്കിവയ്ക്കും. റെയിൽവേ സ്റ്റേഷനുകളിൽ എസ്‌കലേറ്ററുകൾ സ്ഥാപിക്കുന്നതിനായി 120 കോടി രൂപ നീക്കിവച്ചു. 120 ദിവസം മുൻപുവരെ അഡ്വാൻസ് ബുക്കിങ് സൗകര്യം വിപുലപ്പെടുത്തും.

ഡിജിറ്റൽ ഇന്ത്യ കാംപെയ്ൻ റെയിൽവേയിലും നടപ്പാക്കും. എസ്എംഎസ് അലേർട്ട്, കസ്റ്റമർ പോർട്ടൽ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കും. ട്രെയിനുകളിലെ വനിതാ കമ്പാർട്ടുമെന്റിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കും. സ്വകാര്യത പൂർണമായും ഉറപ്പുവരുത്തിയാകും ഇത്. മൊബൈൽ ആപ്പ് വഴി റിസർവേഷൻ ഇല്ലാത്ത ടിക്കറ്റുകളും ഇനി മുതൽ എടുക്കാവുന്ന രീതി കൊണ്ടുവരും. റെയിൽവേ ടിക്കറ്റ് സംവിധാനം വിപുലീകരിക്കും. അഞ്ചു മിനിറ്റ് മുൻപു പോലും ബുക്ക് ചെയ്യാവുന്ന സിസ്റ്റം കൊണ്ടുവരും. സുരക്ഷ വർധിപ്പിക്കുന്നതിനു കൂടുതൽ നടപടികൾ കൊണ്ടുവരും. 182 നാഷണൽ ഹെൽപ് ലൈൻ നമ്പർ നടപ്പാക്കും.

റെയിൽവേയിൽ ശുചീകരണ പരിപാടികൾക്കു സ്വകാര്യ പങ്കാളിത്തം കൊണ്ടുവരും. റെയിൽവേയിൽ പ്രധാനമന്ത്രിയുടെ സ്വച്ഛ ഭാരത് പദ്ധതി നടപ്പാക്കും. ഇതിനായി പ്രത്യേക ഓഫിസ് തുറക്കും.

ബജറ്റിലെ സുപ്രധാന തീരുമാനങ്ങൾ ഇവയാണ്:

  • അഞ്ച് വർഷത്തിനകം റെയിൽ ശൃംഖല മെച്ചപ്പെടുത്തും.
  • ഉപഭോക്താക്കൾക്കുള്ള സേവനം മെച്ചപ്പെടുത്തും.
  • ട്രയിനുകളുടെ വേഗം കൂടും.
  • കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് മുൻഗണന.
  • ചരക്ക് വണ്ടികൾക്ക് പ്രത്യേക ടൈംടേബിൾ.
  • ജനശതാബ്ദി ട്രയിനുകളുടെ വേഗം കൂട്ടും.
  • പാതയിരട്ടിപ്പിക്കലിനും ഗേജ് മാറ്റത്തിനും മുൻഗണന.
  • ട്രാക്കുകളുടെ എണ്ണത്തിൽ 20 ശതമാനം വർദ്ധന.
  • ട്രാക്കുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കും.
  • അഞ്ച് വർഷത്തിനുള്ളിൽ 8.5 ലക്ഷം കോടിയുടെ നിക്ഷേപം.
  • രാജധാനിയുടെ വേഗത മണിക്കൂറിൽ നൂറ് കിലോമീറ്റർ ആക്കും.
  • അഞ്ച് വർഷത്തിനുള്ളിൽ റെയിൽവേ നെറ്റ്‌വർക്ക് മെച്ചപ്പെടുത്തും.
  • 17,000 പുതിയ ബയോ ടോയ്‌ലറ്റുകൾ.
  • സുരക്ഷയ്ക്കായി 189-ൽ വിളിക്കാം.
  • യാത്രയ്ക്കിടയിലും പരാതി നൽകാം.
  • ഐആർസിടിസിയിലൂടെ എല്ലാ യാത്രക്കാർക്കും ബെഡ്ഷീറ്റ് ആവശ്യപ്പെടാം.
  • ഇ- കാറ്ററിങ് നടപ്പിലാക്കും.
  • മൾട്ടി ലെവൽ ഇ- ടിക്കറ്റ് സംവിധാനം.
  • കുടിവെള്ളം വിലകുറച്ച് നൽകും.
  • ശുചിത്വത്തിനായി പ്രത്യേക വിഭാഗം.
  • തെരഞ്ഞെടുക്കപ്പെട്ട ട്രയിനുകളിൽ സുരക്ഷാ ക്യാമറകൾ
  • ടിക്കറ്റ് അഞ്ച് മിനിട്ടിനുള്ളിൽ നൽകും
  • സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക നടപടി
  • പേപ്പർലെസ് ടിക്കറ്റിന് പ്രത്യേക പ്രാധാന്യം
  • കൂടുതൽ അൺറിസർവ്ഡ് കോച്ചുകൾ
  • മുതിർന്ന പൗരന്മാർക്ക്‌ ഐആർസിടിസിയിൽ പ്രത്യേക വീൽചെയർ സംവിധാനം
  • പരാതികൾ അയക്കാൻ മൊബൈൽ ആപ്ലിക്കേഷൻ
  • രണ്ട് വർഷത്തിനകം അതിവേഗ ട്രയിനുകൾ
  • മൊബൈൽ ചാർജ്ജിങ്ങിന് എല്ലാ കോച്ചുകളിലും സൗകര്യം
  • എ, ബി കാറ്റഗറി സ്‌റ്റേഷനുകളിൽ വൈഫൈ സൗകര്യം
  • ലോവർ ബർത്തിൽ വയോധികകൾക്കും ഗർഭിണികൾക്കും പ്രത്യേക പരിഗണന
  • പാതയിരട്ടിപ്പിക്കലിന് 8686 കോടി രൂപ
  • കൂടുതൽ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും
  • ഡെബിറ്റ് കാർഡ് സ്വീകരിക്കുന്ന വെൻഡിങ്ങ് മെഷീൻ
  • 120 ദിവസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യാം.
  • 6608 റൂട്ടുകൾ വൈദ്യുതീകരിക്കും.
  • ചരക്ക് നീക്കത്തിനും വാഗൺ നിർമ്മാണത്തിനും സ്വകാര്യ പങ്കാളിത്തം.
  • ബുള്ളറ്റ് ട്രയിൻ മാതൃകയിൽ എഞ്ചിനില്ലാ ട്രയിൻ ഓടിക്കും.
  • തിരക്കേറിയ നഗരങ്ങളിൽ ഉപഗ്രഹ സ്റ്റേഷനുകൾ നടപ്പാക്കും. പത്തെണ്ണം ഈ വർഷം തന്നെ.
  • ആളില്ലാ ലെവൽ ക്രോസുകൾ ഇല്ലാതാക്കും.
  • 970 മേൽപ്പാലങ്ങൾ നിർമ്മിക്കും
  • കോച്ചുകളിൽ തീപിടിത്തം ഒഴിവാക്കാൻ വാണിങ് സിസ്റ്റം
  • പേപ്പർരഹിത ടിക്കറ്റിങ്ങിലേക്ക് സംവിധാനം മാറ്റും
  • എസ്എംഎസ് അലർട്ട് സംവിധാനം ഒരുക്കും
  • ഐആർസിടിസി ബുക്കിങ്ങിലൂടെ കൂടുതൽ ട്രയിനുകളിൽ ഭക്ഷണം എത്തിക്കും
  • നിക്ഷേപത്തിന് പിപിപി മാതൃക സ്വീകരിക്കും. സർക്കാർ ഫണ്ടുകളെ ആശ്രയിക്കുന്നത് കുറയ്ക്കും
  • അന്ധർക്കും ഭിന്നശേഷിക്കാർക്കും പുതിയ കോച്ചുകളിൽ പ്രത്യേക പരിഗണന
  • ഡൽഹി - മുംബൈ, ഡൽഹി - കൊൽക്കത്ത യാത്രകൾക്ക് ഒറ്റരാത്രി മതിയാകും
  • കൂടുതൽ സ്റ്റേഷനുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കും
  • ഊർജ സംരക്ഷണത്തിന് എൽഇഡി ലൈറ്റുകൾ സ്ഥാപിക്കും.
  • പ്രധാന ട്രയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടും
  • ഐആർസിടിസി വഴി പിക് ആൻഡ് ഡ്രോപ് സംവിധാനം
  • കർഷകർക്കായി ചരക്ക് സംഭരണത്തിന് താത്കാലിക കാർഗോ
  • ഐഐടി വാരണാസിയിൽ മാളവ്യ ചെയർ സ്ഥാപിക്കും
  • റെയിൽ സർവകലാശാല സ്ഥാപിക്കും
  • ഡെമു ട്രെയിനുകൾ സിഎൻജി ഇന്ധനവും ഉപയോഗിക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP