Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

ബത്തേരിയിലെ പൊരുതുന്ന യുവാക്കൾക്ക് പിന്തുണയുമായി വയനാട് എംപി; ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ബത്തേരിയിലെ പൊരുതുന്ന യുവാക്കൾക്ക് പിന്തുണയുമായി വയനാട് എംപി; ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനം കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് ദുരിതം സമ്മാനിക്കുന്നതെന്ന് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബത്തേരിയിൽ വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപവാസ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുൽ ഗാന്ധി. കേരളത്തിലെയും കർണാടകയിലെയും ജനങ്ങൾക്ക് വലിയ ദുരിതം സമ്മാനിക്കുന്നതാണ് ദേശീയ പാത 766ലെ രാത്രിയാത്രാ നിരോധനമെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബന്ദിപ്പൂർ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനത്തിനെതിരെ അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്.

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫർ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീംകോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.

ദേശീയ പാതയിൽ കഴിഞ്ഞ പത്തു വർഷമായി നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിൽ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദൽ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂർ വഴിയുള്ള പാത പൂർണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂർണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.

കോഴിക്കോട് - ബത്തേരി - ബെംഗളൂരു റൂട്ടിൽ ബന്ദിപ്പൂർ വനമേഖലയിലെ 20 കിലോമീറ്റർ ദൂരത്താണ് രാത്രി 9 മുതൽ രാവിലെ 6 വരെ നിലവിൽ ഗതാഗത നിരോധനം. ഇതു പൂർണസമയ നിരോധനം ആക്കാനുള്ള സാധ്യത സുപ്രീം കോടതി ആരാഞ്ഞിരുന്നു. തുടർന്നാണ് പ്രതിഷേധം ശക്തമായത്. ഇതിനിടെ, ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ മേൽപ്പാലം നിർമ്മിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ വീണ്ടും തള്ളി. ഇത് വഴിയുള്ള രാത്രിയാത്രാ ഒഴിവാക്കാനാണ് കേരളം ഇത്തരത്തിൽ ഒരു ആശയം മുന്നിൽ വെച്ചത്. നിരോധനം ഒഴിവാക്കാൻ ഇക്കാര്യം സെക്രട്ടറി തലത്തിൽ വിശദമായി ചർച്ച ചെയ്തതാണെന്നും ബദൽ പാത മാത്രമാണ് പരിഹാരമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു.

റോഡ് പൂർണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനെ തുടർന്നാണ് പ്രതിഷേധവുമായി വിവിധ സംഘടകൾ രംഗത്തെത്തിയത്. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള സർവകക്ഷി സംഘം മുഖ്യമന്ത്രിയെ അടക്കം നേരിൽ കണ്ടിരുന്നു. വിഷയത്തിൽ അടിയന്തിരമായ ഇടപെടുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിരുന്നെങ്കിലും വിവിധ രാഷ്ട്രീയകക്ഷികളും നാട്ടുകാരുമടക്കം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുകയായിരുന്നു.

അതേസമയം, പാതയിൽ പൂർണ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതിനോട് യോജിക്കില്ലെന്ന് കേസിൽ സംസ്ഥാന സർക്കാറിന്റെ എതിർകക്ഷിയായ വയനാട് പ്രകൃതി സംരക്ഷണസമിതി വ്യക്തമാക്കിയിരുന്നു. പൂർണയാത്രാ നിരോധനം ജനങ്ങളിൽ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കെതിരായ വികാരം സൃഷ്ടിക്കുമെന്നും കേസിൽ അനാവിശ്യ വാദങ്ങളുന്നയിച്ച് സർക്കാരാണ് ഇപ്പോഴത്തെ സാഹചര്യത്തിന് കാരണക്കാരെന്നും പ്രകൃതി സംരക്ഷണസമിതി ഭാരവാഹികൾ ആരോപിച്ചിരുന്നു.

ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി 2010 ലാണ് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികൾക്ക് കനത്തഭീഷണിയുയർത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതി ഉത്തരവ് പുറപ്പെടുവിച്ചത്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസർക്കാർ, എൻഎച്ച്- എൻഡ് റയിൽവേ ആക്ഷൻകമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയിൽ പ്രത്യേക അനുമതി ഹർജി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP