Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാർട്ടിയിൽ നിന്നും അവധിയെടുത്തു രാഹുൽ പോയ യാത്രകളുടെ വിശദാംശങ്ങൾ പുറത്ത്; അജ്ഞാതവാസക്കാലത്തു രാഹുൽ സന്ദർശിച്ചത് തെക്കു കിഴക്കൻ ഏഷ്യയിലെ നാലു രാജ്യങ്ങൾ

പാർട്ടിയിൽ നിന്നും അവധിയെടുത്തു രാഹുൽ പോയ യാത്രകളുടെ വിശദാംശങ്ങൾ പുറത്ത്; അജ്ഞാതവാസക്കാലത്തു രാഹുൽ സന്ദർശിച്ചത് തെക്കു കിഴക്കൻ ഏഷ്യയിലെ നാലു രാജ്യങ്ങൾ

ന്യൂഡൽഹി: ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണു കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അജ്ഞാതവാസം. പാർട്ടിയിൽ നിന്നും 60 ദിവസത്തെ അവധിയെടുത്ത് രാഹുൽ ഗാന്ധി പോയ യാത്രയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.

തെക്കു കിഴക്കൻ ഏഷ്യയിലെ നാലു രാജ്യങ്ങളാണ് ഇക്കാലയളവിൽ രാഹുൽ സന്ദർശിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യ ടുഡേയിൽ വന്ന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്.

പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും കടുത്ത വിമർശനങ്ങളാണ് രാഹുലിന്റെ യാത്രയ്‌ക്കെതിരെ ഉയർന്നത്. എൻഡിഎ സർക്കാരിന്റെ ആദ്യ ബജറ്റ് സമ്മേളനകാലത്താണ് രാഹുലിന്റെ യാത്ര എന്നതും കടുത്ത വിമർശനത്തിനു വഴിവച്ചിരുന്നു.

2015 ഫെബ്രുവരി 16നും ഏപ്രിൽ 26നും ഇടയിലായിരുന്നു രാഹുലിന്റെ വിദേശ പര്യടനം. സുരക്ഷാ ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഒഴിവാക്കിയാണ് രാഹുൽ യാത്ര നടത്തിയത്.

56 ദിവസത്തെ അവധിയെന്നായിരുന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിരുന്നതെങ്കിലും 60 ദിവസത്തെ അവധിക്കാണ് രാഹുൽ പോയത്. ഫെബ്രുവരി 16ന് ഡൽഹി എയർപോർട്ടിൽ നിന്നാണ് രാഹുൽ യാത്ര തുടങ്ങിയത്.

അന്നുതന്നെ അദ്ദേഹം ബാങ്കോക്കിലെത്തി. ഒരു ദിവസം അവിടെ ചിലവഴിച്ചു. ഫെബ്രുവരി 17ന് ബാങ്കോക്കിൽ നിന്നും കംബോഡിയയിലേക്കു പോയി. 11 ദിവസമാണു കംബോഡിയയിൽ ചിലവഴിച്ചത്.

ഫെബ്രുവരി 28ന് വീണ്ടും ബാങ്കോക്കിലെത്തിയ രാഹുൽ തൊട്ടടുത്ത ദിവസം മ്യാന്മറിലേക്കു പോയി. 21 ദിവസം മ്യാന്മറിലായിരുന്നു. മാർച്ച് 1 മുതൽ 21 വരെയാണു രാഹുൽ മ്യാന്മാറിൽ ഉണ്ടായിരുന്നത്.

തായ്‌ലാന്റിലേക്ക് അദ്ദേഹം യാത്ര തിരിച്ചത് മാർച്ച് 22നാണ്. ബുദ്ധിസ്റ്റ് ഹെറിറ്റേജ് സെന്റർ സന്ദർശിച്ച രാഹുൽ ഒമ്പതു ദിവസമാണ് തായ്‌ലാന്റിൽ കഴിഞ്ഞത്. മാർച്ച് 31ന് അവിടെ നിന്നു രാഹുൽ വിയറ്റ്‌നാമിലേക്ക് പോയി. ഏപ്രിൽ 12ന് തിരിച്ച് ബാങ്കോക്കിലേക്കു തന്നെ വരികയായിരുന്നു. ഏപ്രിൽ 12 മുതൽ 16 വരെ രാഹുൽ ബാങ്കോക്കിലായിരുന്നു. ഏപ്രിൽ 16ന് അദ്ദേഹം ഇന്ത്യയിലേക്കു തിരിച്ചുവരികയും ചെയ്തു.

വിദേശപര്യടനത്തിൽ കോൺഗ്രസ് നേതാവ് സതീഷ് ശർമ്മയുടെ മകൻ സമീറും രാഹുലിനൊപ്പമുണ്ടായിരുന്നുവെന്നാണു റിപ്പോർട്ടുകൾ. യാത്രയുടെ ഭൂരിഭാഗം ചിലവും ഒരു വിദേശ കമ്പനിയുടെ സ്‌പോൺസർഷിപ്പിലായിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ ദയനീയ തോൽവിയെ തുടർന്ന് പൊടുന്നനെയാണു രാഹുൽ അപ്രത്യക്ഷനായത്. ഇതിനു പിന്നാലെ രാഹുൽ എവിടെ എന്ന വിഷയത്തിൽ ഏറെ ചർച്ചകൾ നടന്നു. കോൺഗ്രസോ രാഹുലോ നാളിതുവരെ ഇതേക്കുറിച്ച് ഒരു വിശദീകരണവും നൽകിയിരുന്നില്ല. യാത്രയുടെ വിശദാശംങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഇനി ഈ ദുരൂഹതയാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP