Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആത്മഹത്യ ചെയ്ത ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ആശുപത്രിക്കുള്ളിൽ കയറാൻ അനുവദിക്കാതെ ഗേറ്റ് അടച്ചപ്പോൾ പ്രതിഷേധിച്ച കോൺഗ്രസ് ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്തത് പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച്

ആത്മഹത്യ ചെയ്ത ജവാന്റെ കുടുംബത്തെ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തു; ആശുപത്രിക്കുള്ളിൽ കയറാൻ അനുവദിക്കാതെ ഗേറ്റ് അടച്ചപ്പോൾ പ്രതിഷേധിച്ച കോൺഗ്രസ് ഉപാധ്യക്ഷനെ കസ്റ്റഡിയിലെടുത്തത് പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നാരോപിച്ച്

ന്യൂഡൽഹി: വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയിലെ വാഗ്ദാനലംഘനത്തെ കുറിച്ച് പ്രതിരോധ മന്ത്രി മനോഹർ പരീക്കറിനോട് പരാതി പറയാനുള്ള അവസരം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ജവാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നതിനിടെ രാഹുൽ ഗാന്ധി പൊലീസ് കസ്റ്റഡിയിൽ.

മരിച്ച ഹരിയാന സ്വദേശി രാം കിഷൻ ഗ്രെവാളിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച ബന്ധുക്കൾ പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ ഭടന്റെ ബന്ധുക്കളെ കാണാൻ ആശുപത്രിയിലെത്തിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തു. പൊലീസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്ന കുറ്റം ചുമത്തിയാണ് മന്ദിർ മാർഗ് പൊലീസ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡൽഹിയിലെ റാം മനോഹർ ആശുപത്രിയിലെത്തിയ രാഹുൽ ഗാന്ധിയെ ആശുപത്രിക്കുള്ളിൽ കയറുവാൻ സമ്മതിക്കാത്ത പൊലീസ് ആശുപത്രിയുടെ ഗെയിറ്റ് അടയ്ക്കുകയായിരുന്നു. തന്നെ കയറ്റിവിടണമെന്ന് രാഹുൽ ഗാന്ധി പലവട്ടം പൊലീസുദ്യോഗസ്ഥരോടാവശ്യപ്പെട്ടങ്കിലും അവർ അതിന് തയ്യാറായില്ല. തിരിച്ചു പോകാൻ തയ്യാറാവാതെ രാഹുൽ ഗാന്ധി ആശുപത്രിക്ക് മുന്നിൽ തുടർന്നതോടെയാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത പൊലീസ് സമീപത്തെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. പിന്നീട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമരാംഭിച്ചതോടെ ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.

അതേസമയം ആശുപത്രിക്കുള്ളിൽ പ്രതിഷേധ പ്രകടനം നടത്തുവാൻ മുതിർന്നതുകൊണ്ടാണ് രാഹുൽ ഗാന്ധിയെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യേണ്ടി വന്നതെന്ന് ഡൽഹി സ്‌പെഷ്യൽ കമ്മീഷണർ എംകെ മീന പറഞ്ഞു. വിമുക്തഭടന്റെ കുടുംബത്തെ കാണാൻ അദ്ദേഹത്തിന് അനുമതി ഇല്ലായിരുന്നു, ഇതൊരാസ്പത്രിയാണ് പ്രതിഷേധിക്കാനുള്ള ഇടമല്ല. ആശുപത്രിക്കുള്ളിൽ പ്രതിഷേധത്തിന് മുതിർന്ന വിമുക്തഭടന്റെ കുടുംബത്തേയും ആം ആംദ്മി നേതാക്കളേയും സമാനമായ രീതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എംകെ മീന വ്യക്തമാക്കി. ആശുപത്രികൾ പ്രതിഷേധപ്രകടനത്തിനുള്ള ഇടമല്ലെന്ന് രാഷ്ട്രീയനേതാക്കൾ മനസിലാക്കണം, ബഹളമുണ്ടാക്കുന്നു എന്നതാനിലാണ് ഒരു നേതാവിനേയും ഉള്ളിലേക്ക് കടത്തി വിടാത്തത് കമ്മീഷണർ മീന കൂട്ടിച്ചേർത്തു.

പൊലീസ് നടപടി ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണെന്ന് രാഹുൽ ഗാന്ധി പിന്നീട് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോദിയുടെ ഇന്ത്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സൈനികന്റെ ബന്ധുക്കളെയും പ്രതിഷേധക്കാരെയും കസ്റ്റഡിയിലെടുത്തതായും ഡൽഹി എസിബി മേധാവി എംകെ മീണ പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസ് നേതാക്കളും ഡൽഹിയിലെ രാംമനോഹർ ലോഹ്യ ആശുപത്രിയിലെത്തി വിവരങ്ങൾ ആരാഞ്ഞു. അതിർത്തിയിൽ ശത്രുക്കൾക്കെതിരെ പോരടിക്കുന്ന സൈനികർക്ക് തങ്ങളുടെ അവകാശങ്ങൾക്കായും പോരാടേണ്ടി വരുന്നത് ഖേദകരമാണെന്ന് കെജ്രിവാൾ പറഞ്ഞു.

ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കത്തതിൽ പ്രതിഷേധിച്ച് ജന്തർ മന്തറിൽ സമരം നടത്തിവരികയായിരുന്ന ഹരിയാന സ്വദേശി രാം കിഷൻ ഗ്രെവാൾ ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്മാരുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അതിനാൽ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭിവാനിയിലെ ബമ്‌ല സ്വദേശിയാണ് മരിച്ച രാം കിഷൻ ഗ്രെവാൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP