Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

റഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം;കരാറിൽ മോദി ഒപ്പിടുന്നതിന് രണ്ട് ദിവസം മുൻപ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിർമ്മിക്കാൻ റിലയൻസിന്റെ കരാർ;' ടോട്ട് ലാ ഹോത്ത്' എന്ന സിനിമ റഫേൽ കരാറിന്റെ സൗഹൃദഘട്ടമെന്നും വിലയിരുത്തൽ; റഫേൽ ഇടപാടിൽ മോദിയുടെ പങ്ക് തെളിയുന്ന സാധുതകൾ നിരത്തി ദേശീയ മാധ്യമങ്ങൾ

റഫേൽ ഇടപാടിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കി പുതിയ വിവാദം;കരാറിൽ മോദി ഒപ്പിടുന്നതിന് രണ്ട് ദിവസം മുൻപ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുമായി സിനിമ നിർമ്മിക്കാൻ റിലയൻസിന്റെ കരാർ;' ടോട്ട് ലാ ഹോത്ത്' എന്ന സിനിമ റഫേൽ കരാറിന്റെ സൗഹൃദഘട്ടമെന്നും വിലയിരുത്തൽ; റഫേൽ ഇടപാടിൽ മോദിയുടെ പങ്ക് തെളിയുന്ന സാധുതകൾ നിരത്തി ദേശീയ മാധ്യമങ്ങൾ

മറുനാടൻ ഡെസ്‌ക്‌

 

ന്യൂഡൽഹി: റഫേൽ ഇടപാടിൽ കേന്ദ്ര സർക്കാരിനും റിലയൻസ് ഗ്രൂപ്പിനുമെതിരെ കൂടുതൽ കുരുക്ക് മുറുകുന്ന തെളിവുകൾ പുറത്ത്. റഫേൽ ഇടപാടിന് തൊട്ടു മുൻപ് മുൻ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓലന്ദയുടെ പൂർവ കാമുകിയുമായ നായികയാക്കി റിലയൻസ് സിനിമ നിർമ്മിക്കാൻ പദ്ധതിയിട്ടതായിട്ടാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓലന്ദയുടെ കാമുകിയും നടിയുമായ ജൂലിയ ഗയാതുമായി ചേർന്ന് സിനിമ നിർമ്മിക്കാൻ റിലയൻസ് തീരുമാനിച്ചുവെന്ന് ഫ്രഞ്ച് മാധ്യമങ്ങളും ഒപ്പം തന്നെ ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ഒരാഴ്ച കാലം മുൻപാണ് അനിൽ അംബാനിയടുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിന് റഫേൽ കരാറിൽ ഹെലികോപ്ടറുകൾ വാങ്ങാൻ പ്രധാനമന്ത്രി ഒപ്പിടുന്നത്.

ജനുവരി 24നാണ് ഗയാതുമായി ചേർന്ന് സിനിമ നിർമ്മിക്കുമെന്ന് റിലയൻസ് പ്രഖ്യാപിച്ചത്. ജനുവരി 26നാണ് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാൻസ്വ ഓലന്ദയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കരാർ ഒപ്പിട്ടത്. ഇതാണ് പുതിയ വിവാദത്തിന് തുടക്കം കുറിക്കാൻ കാരണം. റഫേൽ ഇടപാടിൽ ധനമന്ത്രി അരുൺ ജെയ്റ്റലിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിലുള്ള വാക്‌പോര് മുറുകുന്നതിനിടെയാണ് പുതിയ വിവരം പുറത്ത് വന്നിരിക്കുന്നത്.

ആറ് റഫേൽ വിമാനങ്ങൾക്കായുള്ള കരാർ ഒപ്പിടുന്നത് ഫ്രഞ്ച് പ്രസിഡന്റ് റിപ്പബ്ളിക് ഡേയ്ക്ക് മുഖ്യാതിഥിയായി ഇന്ത്യയിൽ എത്തിയപ്പോഴാണ്. ഇതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഫ്രാൻസിസ് ഓലന്ദിന്റെ കാമുകിയും നടിയുമായ ജൂലി ഗയെത്തുമായി റിലയൻസ് എന്റർടെയ്‌ന്മെന്റ് സിനിമാ നിർമ്മാണത്തിന് കരാർ ഒപ്പിട്ടു. ഇതിന് പിന്നാലെയാണ് അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഡിഫൻസിന് റഫേൽ വിമാന നിർമ്മാണത്തിനുള്ള കരാർ ലഭിക്കുന്നത്. മോദി കരാറിൽ ഒപ്പിടുന്നതിൽ ഒരാഴ്ച മുൻപാണ് വെറും അഞ്ചായിരം രൂപയ്ക്ക് ഡിഫൻസ് കമ്പനി രൂപീകരിക്കുന്നതെന്നും കരാറിൽ ഏർപ്പെടുന്നതെന്നും മുൻപ് വിവരങ്ങൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് കമ്പനിയായ ഡസോൽട്ടും റിലയൻസും സംയുക്തമായുള്ള കമ്പനിയാണ് ഡസോൾട്ട് റിലയൻസ് എയ്റോസ്പേസ് ലിമിറ്റഡ്. ഈ കമ്പനിക്കാണ് റഫേൽ വിമാനങ്ങളുടെ നിർമ്മാണത്തിനുള്ള കരാർ ലഭിച്ചിരിക്കുന്നത്.

ജനുവരി 24, 2016 ലാണ് റിലയൻസ് എന്റർടെയ്‌ന്മെന്റ് ഗയേതിന്റെ ഉടമസ്ഥതയിലുള്ള റോഗ് ഇന്റർനാഷ്ണലുമായി ചേർന്ന് സിനിമ നിർമ്മിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ജനുവരി 26, 2016ൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ റഫേൽ വിമാനങ്ങൾക്കായുള്ള കരാറിൽ ഒപ്പുവെച്ചു. റിലയൻസിന്റെ നിക്ഷേപസഹായത്തിൽ നിർമ്മിച്ച ഫ്രഞ്ച് സിനിമ സംവിധാനം ചെയ്തത് നടനും സംവിധായകനുമായ സർജ് ഹസനാവിഷ്യസ് ആയിരുന്നു. ഡിസംബർ 20, 2017ന് സിനിമ ഫ്രാൻസിൽ റിലീസ് ചെയ്തു. ടോട്ട് ലാ ഹോത്ത് എന്നായിരുന്നു സിനിമയുടെ പേര്.

അനിൽ അംബാനിയും ഡസോൾട്ട് ഏവിയേഷൻ ചെയർമാൻ എറിക് ട്രാപ്പിയറും ചേർന്ന് നാഗ്പൂരിലുള്ള ഡി.ആർ.എ.എൽ നിർമ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് എട്ട് ആഴ്ചകൾക്ക് ശേഷമാണ് സിനിമ പുറത്തു വരുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറൻസ് പാർലി, ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ അലെക്സാൻഡ്രെ സീഗ്ലർ എന്നിവരും തറക്കല്ല് ഇടീൽ ചടങ്ങിന് എത്തിയിരുന്നു.

ഫ്രഞ്ച് സിനിമയുടെ ആദ്യ സ്‌ക്രീനിങ് നടന്നത് സ്പെയിനിലെ 2017 സാൻ സെബാസ്റ്റ്യൻ ഇന്റർനാഷ്ണൽ ഫിലിം ഫെസ്റ്റിവലിലാണ്. യു.എ.ഇ, തായ്വാൻ, ലെബാനോൻ, ബെൽജിയം, എസ്റ്റോണിയ, ലാത്വിയ തുടങ്ങിയ എട്ട് രാജ്യങ്ങളിൽ സിനിമാവിതരണത്തിന് എത്തിച്ചു. ഈ സിനിമ ഇന്ത്യയിൽ എത്തിയില്ല. 

ഓലാന്ദെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സമയത്താണ് ഇരു രാജ്യങ്ങളും തമ്മിൽ റഫേൽ കരാർ സംബന്ധിച്ച് ചർച്ച നടത്തിയതും കരാറിൽ ഒപ്പിട്ടതും. ഈ സമയത്ത് ഗയേത്ത് ഹൊളാണ്ടേയ്ക്കൊപ്പം പാരിസിലെ എലിസി പാലസിലായിരുന്നു താമസിച്ചിരുന്നത്. മെയ് 2012 മുതൽ മെയ് 2017 വരെയാണ് ഹൊളാണ്ടെ ഫ്രാൻസിന്റെ പ്രസിഡന്റായിരുന്നത്. ജനുവരി 2014ലാണ് ഹൊളാണ്ടെയും ഗയേത്തും തമ്മിലുള്ള പ്രണയബന്ധം പുറത്ത് അറിയുന്നത്.

വിമാന നിർമ്മാണത്തിൽ മുൻപരിചയമില്ലാത്ത റിലയൻസ് ഡിഫൻസിന് ലഭിച്ച ഏറ്റവും വലുതും ആദ്യത്തേതുമായ കരാറായിരുന്നു റഫേൽ. ഇത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് ഇടയാക്കി. ഇത് ഇപ്പോഴും തുടരുകയാണ്. വിമാന നിർമ്മാണത്തിൽ പ്രാവീണ്യമുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്റോനോട്ടീക്ക്സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് മോദി സർക്കാർ റഫേൽ കരാർ റിലയൻസിന് നൽകിയത്.ഇന്ത്യ-ഫ്രാൻസ് സർക്കാരുകൾ തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ 36 റഫേൽ വിമാനങ്ങൾ നിർമ്മിക്കുന്ന പ്രഖ്യാപനം നരേന്ദ്ര മോദി ആദ്യമായി നടത്തിയപ്പോൾ അനിൽ അംബാനിയും പാരിസിൽ ഉണ്ടായിരുന്നു. 2015 ഏപ്രിൽ 10നായിരുന്നു ഈ പ്രഖ്യാപനം വന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP