Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശിവജി സ്മാരകം: മോദിയുടെ തറക്കല്ലിടൽ ചടങ്ങിനെതിരേ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം പൊലീസ് അടിച്ചമർത്തി; തലേന്ന് ഉച്ചയ്ക്കുതന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു; 3,600 കോടിയുടെ സ്മാരകം തങ്ങളുടെ ഉപജീവനം മുട്ടിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ

ശിവജി സ്മാരകം: മോദിയുടെ തറക്കല്ലിടൽ ചടങ്ങിനെതിരേ മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം പൊലീസ് അടിച്ചമർത്തി; തലേന്ന് ഉച്ചയ്ക്കുതന്നെ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു; 3,600 കോടിയുടെ സ്മാരകം തങ്ങളുടെ ഉപജീവനം മുട്ടിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ

മുംബൈ: ഛത്രപതി ശിവജി സ്മാരത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുന്നതിനോടനുബന്ധിച്ച് മത്സ്യത്തൊഴിലാളികൾ സംഘടിപ്പിച്ച പ്രതിഷേധം മഹാരാഷ്ട്ര സർക്കാർ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തി. മുംബൈ തീരത്തുനിന്ന് ഒന്നരക്കിലോമീറ്റർ അകലെ അറബിക്കടലിൽ 3,600 കോടി രൂപ ചെലവിട്ടു നിർമ്മിക്കുന്ന സ്മാരകം തങ്ങളുടെ ഉപജീവനം മുട്ടിക്കുമെന്നാരോപിച്ചാണ് മത്സ്യത്തൊഴിലാളികൾ പ്രതിഷേധത്തിനു മുതിർന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത കൊടിയുമായി ബൈക്ക് റാലി നടത്തിയ 150 ഓളം മത്സ്യത്തൊഴിലാളികളെ പൊലീസ് വെള്ളിയാഴ്‌ച്ച ഉച്ചതിരിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരിൽ മഹാരാഷ്ട്ര മത്സ്യത്തൊഴിലാളി അസോസിയേഷന്റെ നേതാവ് ദാമോദർ ടണ്ടലും ഉൾപ്പെടുന്നു. പ്രധാനമന്ത്രിയുടെ തറക്കല്ലിടൽ ചടങ്ങു പൂർത്തിയായശേഷം മാത്രം ഇവരെ വിട്ടയച്ചാൽ മതിയെന്നായിരുന്നു തീരുമാനം.

15 ഹെക്ടർ വിസ്തൃതിയിൽ 210 മീറ്റർ ഉയരത്തിലാണു സ്മാരകം നിർമ്മിക്കുന്നത്. അടുത്ത വർഷം നടക്കാനിരിക്കുന്ന മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിലെ വോട്ടുബാങ്കിൽ ലക്ഷ്യമിട്ടാണ് ബിജെപി സ്മാരക നിർമ്മാണത്തിന് ഇറങ്ങിയിരിക്കുന്നത്. 2010 ൽ സ്മാരക പദ്ധതി പ്രഖ്യാപിച്ചതുമുതൽ മത്സ്യത്തൊഴിലാളികൾ എതിർപ്പുമായി രംഗത്തുണ്ട്.

മോദിക്കെതിരെ പ്രതിഷേധിക്കരുതെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്‌ച്ച വിവിധ മത്സ്യത്തൊഴിലാളി അസോസിയേഷനുകൾക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അപ്രഖ്യാപിത നിരോധാനജ്ഞയും മേഖലയിൽ ഉണ്ടായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു.

ശിവജി സ്മാരകത്തിന് മോദി തറക്കല്ലിടുന്ന സമയത്ത് കറുത്ത കൊടി കെട്ടിയ 5000 ബോട്ടുകളുമായി കടലിൽ പ്രതിഷേധ റാലി നടത്തായിരുന്നു മത്സ്യത്തൊഴിലാളികളുടെ പദ്ധതി. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകൾ തീരത്ത് മനുഷ്യചങ്ങല തീർത്ത് പ്രധിഷേധിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ വലിയ പൊലീസ് സന്നാഹത്തിന്റെ സഹായത്തോടെ മഹാരാഷ്ട്ര സർക്കാർ പ്രതിഷേധക്കാരെ അടിച്ചമർത്തി.

മുംബൈയിലെ പ്രധാനമന്ത്രിയുടെ റാലിയിലേക്ക് പ്രവർത്തകർക്കൊപ്പം മൗനജാഥ നടത്താനിരുന്ന തന്നെ വീട്ടുതടങ്കലിൽ ആക്കിയെന്ന് ആരോപിച്ച് മുംബൈ കോൺഗ്രസ് അധ്യക്ഷൻ സഞ്ജയ് നിരുപവും രംഗത്തെത്തി. തന്റെ വീടിന് ചുറ്റും പൊലീസാണെന്നും പുറത്ത് ഇറങ്ങാൻ അനുവദിച്ചില്ലെന്നുമാണ് നിരുപത്തിന്റെ പരാതി. എന്നാൽ ഇത് നിഷേധിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി നഗരത്തിലെ സുരക്ഷ ശക്തമാക്കാനാണ് പൊലീസിനെ വിന്യസിച്ചതെന്ന് പൊലീസ് പറയുന്നു.

ശിവജി സ്മാരക നിർമ്മാണം പൂർത്തിയായാൽ ലോകത്തെ ഏറ്റവും ഉയരംകൂടിയ പ്രതിമയാകും അതെന്ന് ബിജെപി അവകാശപ്പെടുന്നു. ന്യൂയോർക്കിലെ ലിബർട്ടി പ്രതിമയേയും ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന സർദാർ വല്ലാഭായ് പട്ടേൽ പ്രതിമയേയുമാണ് ഉയരത്തിൽ ശിവജി സ്മാരകം മറികടക്കുമെന്നാണ് അവകാശവാദം.

കോടികൾ മുടക്കിയുള്ള ശിവജി സ്മാരക നിർമ്മാണത്തിനെതിരെ സംസ്ഥാനമെങ്ങും വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. നികുതിദായകരുടെ പണം ശിവജിക്ക് സ്മാരകം നിർമ്മിച്ച് എന്തിന് പാഴാക്കണമെന്നാണ് വിമർശകരുടെ ചോദ്യം. പദ്ധതിക്ക് ഉപയോഗിക്കുന്ന പണം ജനോപകാര പ്രദമായ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം വരൾച്ചയെത്തുടർന്ന് കാർഷിക നഷ്ടം വന്ന പരുത്തി, സോയാ ബീൻ കർഷകർക്ക് നൽകാനുള്ള 1000 കോടി രൂപ നഷ്ടപരിഹാരം സംസ്ഥാന സർക്കാർ ഇതുവരെ നൽകിയിട്ടില്ല. റാബി സീസണിൽ ഉണ്ടായ നഷ്ടത്തെത്തുടർന്ന് വിള ഇൻഷുറൻസായി 800 കോടി രൂപയും സർക്കാർ കർഷകർക്ക് നൽകേണ്ടതുണ്ട്. കർഷകരുടെ കണ്ണീർ തുടക്കാൻ കഴിയാത്ത സർക്കാർ സ്മാരകം നിർമ്മിക്കാൻ കോടികൾ പാഴാക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.

രണ്ട് വർഷക്കാലം കർഷകർക്ക് ജലമെത്തിക്കാനുള്ള ചെറുകിട ജലസേചന പദ്ധതിക്ക് ആവശ്യമായ തുകയോളം വരും ശിവജി പ്രതിമക്കായി മുടക്കുന്ന 3600 കോടി രൂപ. പദ്ധതി നിരവധി പാരിസ്ഥിതി പ്രശ്‌നങ്ങൾക്ക് ഇടവരുത്തുമെന്നും വിമർശകർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP