Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഉത്തർപ്രദേശ് പൊലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി: അപ്രഖ്യാപിത യാത്രയിൽ തലവേദനയായത് സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനും യുപി പൊലീസിനും: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പരുക്കേറ്റവരെ കാണാൻ മീററ്റ്, മുസഫർനഗർ എന്നിവിടങ്ങളിൽ പ്രിയങ്കയുടെ മിന്നൽ സന്ദർശനം

ഉത്തർപ്രദേശ് പൊലീസിനെ വീണ്ടും വട്ടംകറക്കി പ്രിയങ്ക ഗാന്ധി: അപ്രഖ്യാപിത യാത്രയിൽ തലവേദനയായത് സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനും യുപി പൊലീസിനും: പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പരുക്കേറ്റവരെ കാണാൻ മീററ്റ്, മുസഫർനഗർ എന്നിവിടങ്ങളിൽ പ്രിയങ്കയുടെ മിന്നൽ സന്ദർശനം

മറുനാടൻ മലയാളി ബ്യൂറോ

ലക്നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പരുക്കേറ്റവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എത്തി. അപ്രതീക്ഷിതമായാണ് പടിഞ്ഞാറൻ യുപിയിലെ മുസഫർനഗർ, മീററ്റ് എന്നിവിടങ്ങളിലേക്ക് പ്രിയങ്ക എത്തിയത്. എന്നാൽ, പ്രിയങ്കയുടെ യാത്രയിൽ സുരക്ഷാ ചുമതലയുള്ള സിആർപിഎഫിനും യുപി പൊലീസിനും തലവേദനയായി മാറിയിരിക്കുകയാണ്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽ പരുക്കേറ്റവരെ കാണാൻ മീററ്റ്, മുസഫർനഗർ എന്നിവിടങ്ങളിലേക്കായിരുന്നു ഇന്നലെ പ്രിയങ്കയുടെ മിന്നൽ സന്ദർശനം. മുൻകൂർ അറിയിക്കാതെയുള്ള യാത്രകളുടെ പേരിൽ നേരത്തേ സിആർപിഎഫ് പ്രിയങ്കയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. നിരോധനാജ്ഞ ലംഘിച്ചതിനു യുപി പൊലീസും പ്രിയങ്കയ്ക്ക് നോട്ടിസയച്ചു.

മുൻകൂട്ടി തീരുമാനിക്കാത്ത യാത്രയായിരുന്നു ഇതെന്ന് റിപ്പോർട്ട്. പ്രിയങ്ക എത്തിയതുകണ്ട് ഇവിടെയുള്ള ജനങ്ങളും ഞെട്ടി. പൊലീസ് അതിക്രമങ്ങളെ പ്രിയങ്ക ശക്തമായി അപലപിച്ചു. വേദനകളുടെ സമയത്ത് നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. പ്രതിഷേധക്കാരോട് പൊലീസ് കരുണയില്ലാത്ത വിധമാണ് പെരുമാറിയതെന്ന് പ്രിയങ്ക പറഞ്ഞു. ചെറിയ കുട്ടികൾക്കെതിരെയും ഗർഭിണികൾക്കെതിരെയും പൊലീസ് അതിക്രമങ്ങൾ നടന്നുവെന്നും പ്രിയങ്ക പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ എല്ലാ പ്രതിഷേധങ്ങളുടെയും മുന്നിൽ നിന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയും പൊലീസിനെതിരെയും പ്രിയങ്ക രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. പൊലീസ് സേനയെ വർഗീയവൽക്കരിക്കാനാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി വിമർശിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരോട് പാക്കിസ്ഥാനിലേക്ക് പോകാൻ മീററ്റ് എസ്‌പി അഖിലേഷ് എൻ.സിങ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ വിമർശനം.

രാജസ്ഥാനിൽ കോട്ടയിൽ കുട്ടികൾ മരിച്ചതിൽ തനിക്കെതിരെ ബി.എസ്‌പി അദ്ധ്യക്ഷ മായാവതി നടത്തിയ വിമർശനത്തിന് മറുപടിയുമായി പ്രിയങ്ക ഗാന്ധി രം?ഗത്തെത്തിയിരുന്നു. മായാവതി വീട്ടിൽ നിന്നിറങ്ങി മരിച്ച കുട്ടികളുടെ കുടുംബങ്ങളെ കാണണം എന്നാണ് പ്രിയങ്ക ഗാന്ധിയുടെ മറുപടി എത്തിയത്. കോട്ടയിലെ കുട്ടികളുടെ മരണത്തെ കുറിച്ച് താൻ വിവരങ്ങൾ തേടിയെന്നും കൂടുതൽ വിവരങ്ങൾ അറിയുന്നതിന് വേണ്ടി കോൺഗ്രസിന്റെ ഒരു സംഘം ആശുപത്രി സന്ദർശിച്ചെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

ഇത്രയും ഗൗരവമായ ഒരു സംഭവം നടന്നിട്ടും പ്രിയങ്ക ഗാന്ധിയെ പോലൊരു വനിതാ നേതാവ് നിശബ്ദത പുലർത്തുന്നത് ദൗർഭാഗ്യകരമാണ്. ഉത്തർപ്രദേശിൽ ചെയ്യുന്നത് പോലെ കോട്ടയിലെ കുട്ടികളുടെ മാതാക്കളെ പോയി കാണുവാൻ പ്രിയങ്ക തയ്യാറാവുന്നതാണ് നന്നാവുക എന്നായിരുന്നു മായാവതിയുടെ വിമർശനം.

അതേസമയം, ലഖ്നൗവിൽ പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രിയങ്ക റോഡിലൂടെ നടന്നത് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, പിന്നീട് പ്രിയങ്കയെ സ്‌കൂട്ടറിൽ കയറ്റിയ കോൺഗ്രസ് പ്രവർത്തകന് ഹെൽമറ്റ് ധരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് 6200 രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 19 പേർ കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ കണക്ക്. ഇതിലേറെ പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരങ്ങൾ. പൊലീസ് നടത്തിയ അക്രമങ്ങൾ സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞദിവസം മനുഷ്യാവകാശ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.

കൂടാതെ, പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനു പിന്തുണ അറിയിക്കാനുള്ള യാത്രയ്ക്കിടെ മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ യുപി അതിർത്തിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീടു വിട്ടയച്ചു. അലിഗഡ് മുസ്ലിം സർവകലാശാലയ്ക്കു സമീപം റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനുള്ള യാത്രയിലായിരുന്നു കണ്ണൻ.

സുരക്ഷാ കാരണങ്ങളാൽ പരിപാടിക്കെത്തരുതെന്ന് ജില്ലാ ഭരണകൂടം വെള്ളിയാഴ്ച കണ്ണനെ അറിയിച്ചിരുന്നു. എന്നാൽ, പങ്കെടുക്കുമെന്നു ട്വിറ്ററിലൂടെ വ്യക്തമാക്കിയ കണ്ണനെ ഇന്നലെ രാവിലെ അറസ്റ്റ് ചെയ്യുകയായിരുന്നു. കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ രാത്രി വിട്ടയച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP