Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലിറ്ററിന് 100 രൂപ കൊടുത്താലും പാല് ലഭിക്കില്ല; പണം ഏറിഞ്ഞു കൊടുത്ത് കട തുറന്നാൽ ഉടൻ പച്ചക്കറികൾ ശൂന്യം; ഹൈവേയിൽ എത്തി രക്ഷപെടാൻ അഭയാർത്ഥികളെ പോലെ നടക്കുന്നത് അനേകം പേർ; എങ്ങും പകർച്ചവ്യാധി ഭീതി

ലിറ്ററിന് 100 രൂപ കൊടുത്താലും പാല് ലഭിക്കില്ല; പണം ഏറിഞ്ഞു കൊടുത്ത് കട തുറന്നാൽ ഉടൻ പച്ചക്കറികൾ ശൂന്യം; ഹൈവേയിൽ എത്തി രക്ഷപെടാൻ അഭയാർത്ഥികളെ പോലെ നടക്കുന്നത് അനേകം പേർ; എങ്ങും പകർച്ചവ്യാധി ഭീതി

ചെന്നൈ: ഏതൊരു ദുരിത നഗരവും നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഭക്ഷണവും കുടിവെള്ളവും. വെള്ളത്തിൽ മുങ്ങിയ ചെന്നൈ നഗരവും കടുത്ത ദുരിതത്തിലാണ്. ഭക്ഷണവും കുടിവെള്ളവും ലഭിക്കാനില്ലെന്നത് തന്നെയാണ് നഗരം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. പുറമേ നിന്നും സാധനസാമഗ്രികൾ നഗരത്തിലേക്ക് എത്തിക്കാൻ ഗതാഗത പ്രശ്‌നം കാരണം സാധിക്കാത്തതിനാൽ വില റോക്കറ്റുപോലെ കുതിച്ചുയരുകയാണ്. കിട്ടിയ അവസരം മുതലാക്കി കച്ചവടക്കാരും ജനങ്ങളെ പിഴിയുന്നു.

ഒരു ലീറ്റർ പാലിന് 100 രൂപയും തക്കാളി കിലോയ്ക്ക് 120രൂപയുമാണ് ഇവിടെ വില. പച്ചക്കറികൾക്കെല്ലാം പൊള്ളുന്ന വിലയാണ് ബീൻസിനു മാത്രം വില 100 രൂപയിൽ എത്തിയിട്ടുണ്ട്. മഴക്കെടുതിയിൽ വലയുന്ന തമിഴ്‌നാട്ടിൽ ഭക്ഷ്യവസ്തുക്കൾക്കു വില നാലിരട്ടിയോളമാണ് ഉയർന്നിരിക്കുന്നത്. വൻവില കൊടുത്ത് സാധനങ്ങൾ വാങ്ങാമെന്ന് വച്ചാലും നിമിഷ നേരം കൊണ്ട് തീരുന്ന അവസ്ഥയിലുമാണ്. കുടിവെള്ളവും പാലും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ പലയിടത്തും കിട്ടാനില്ല. വില വർധിപ്പിക്കാനായി കടക്കാർ പൂഴ്‌ത്തിവയ്പ് നടത്തുകയാണെന്നും ആരോപണമുണ്ട്.

വിലക്കൂടുതൽ സംബന്ധിച്ചു ചില സ്ഥലങ്ങളിൽ കച്ചവടക്കാരും ജനങ്ങളും തമ്മിൽ വാക്കേറ്റവും നടന്നു. പണം തന്നില്ലെങ്കിൽ സാധനങ്ങൾ നൽകില്ലെന്നാണു കടക്കാർ പറയുന്നതെന്ന് ആളുകൾ ആരോപിക്കുന്നു. നഗരത്തിൽ കുടുങ്ങിയ അന്യദേശക്കാർ ഹൈവേയിൽ എത്തി അവിടെ നിന്നും ലഭിക്കുന്ന വണ്ടിയിൽ പോകാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അതിന് വേണ്ടി അഭയാർത്ഥികളെ പോലെ നടന്നുനീങ്ങുന്ന കാഴ്‌ച്ചയാണ് നഗരത്തിൽ കാണുന്നത്.

ചില മേഖലകളിൽ കുടിവെള്ളത്തിനും വൻതോതിൽ വില വർധിപ്പിച്ചിട്ടുണ്ട്. പച്ചക്കറി വരവ് പൂർണമായും നിലച്ചതോടെ വില ക്രമാതീതമായി ഉയർന്നു. മൊത്ത വ്യാപാരികൾ പോലും ചില്ലറവിൽപന നടത്താനാണു ശ്രമിക്കുന്നത്. ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ഇല്ലാത്തതിനാൽ ഫ്രിജിലും മറ്റും സൂക്ഷിച്ച ഭക്ഷണ സാധനങ്ങളെല്ലാം കേടുവന്നു. കൂടുതൽ ഭക്ഷണ സാധനങ്ങൾ വാങ്ങി സൂക്ഷിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.

ഭൂരിപക്ഷം കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതുമാണ് വില കുത്തനെ ഉയരാൻ കാരണമാകുന്നത്. നഗരത്തിൽ പത്രം വിതരണവും തീർത്തും അവതാളത്തിലായ സ്ഥിതിയിലാണ്. ഭൂരിഭാഗം മേഖലകളിലും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. നൂറുകണക്കിന് ഇന്ധന ഔട്ട്‌ലെറ്റുകളുള്ള ചെന്നൈ മഹാനഗരത്തിൽ പെട്രോളിനും ഡീസലിനും കൊടുംക്ഷാമവും നേരിടുകയാണ്.
വ്യാഴാഴ്ച ഉച്ചയോടെ ഔട്ട്‌ലെറ്റുകളിൽ ഡീസൽ തീർന്നു. വൈകിട്ടോടെ പെട്രോളും കിട്ടാതായി. ഇതോടെ വണ്ടികൾ പലതും പാതിവഴിയിൽ നിന്നു. ഔട്ട്‌ലെറ്റുകളിൽ നല്ലൊരു ശതമാനവും അടച്ചിട്ടിരിക്കുകയാണ്. വെള്ളം കയറിയതുതന്നെയാണ് കാരണം.

വെള്ളക്കെട്ടു കണ്ടാസ്വദിക്കാൻ കുടുംബസമേതം വലിയ വണ്ടികളിൽ പുറപ്പെട്ടവർ രാവിലെതന്നെ തങ്ങളുടെ വണ്ടിയുടെ ടാങ്ക് നിറച്ചതും പ്രതിസന്ധിക്കു കാരണമായതായി ഇന്ധനബങ്കുകളിലെ ജീവനക്കാർ പറയുന്നു. എ.ടി.എം. സെന്ററുകൾ പലതും വെള്ളക്കെട്ടിലകപ്പെട്ടതും പണം പിൻവലിക്കാനാവാതെ ജനങ്ങളെ വലച്ചു. അങ്ങിങ്ങായി വിരളമായി തുറന്നുകിടന്ന എ.ടി.എം. കൗണ്ടറുകളിൽ പലതിലും പണമുണ്ടായിരുന്നില്ല. ഉള്ളവയുടെ മുന്നിലാകട്ടെ ആളുകളുടെ നീണ്ട നിരയും.

ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിച്ച് ഭക്ഷണം കഴിക്കാനോ സാധനങ്ങൾ വാങ്ങിക്കാനോ ശ്രമിക്കുന്നവർക്ക് അതും സാധിക്കുന്നില്ല. വൈദ്യുതിയില്ലാത്തതിനാൽ കാർഡുകൾ ഉരസുന്ന യന്ത്രം പ്രവർത്തിക്കാത്തതാണ് കാരണം. വെള്ളം കിട്ടാത്തതിന് പുറമേ വൻ പകർച്ചവ്യാധി ഭീഷണിയിലാണ് ചെന്നൈ. വെള്ളം ഇറങ്ങിയാനും രോഗങ്ങളുടെ ഘോഷയാത്ര തന്നെ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP