Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത ഗോത്രവർഗക്കാരുടെ പേരിൽ 43 ഹെക്ടർ ഭൂമി; അവകാശങ്ങൾ ചൂഷണംചെയ്ത് മോദിയുടെ തണലിൽ അദാനി ഗ്രൂപ്പിന്റെ ഭൂമികൊള്ള ഇങ്ങനെ

ഒരുനേരത്തെ ആഹാരത്തിനു വകയില്ലാത്ത ഗോത്രവർഗക്കാരുടെ പേരിൽ 43 ഹെക്ടർ ഭൂമി; അവകാശങ്ങൾ ചൂഷണംചെയ്ത് മോദിയുടെ തണലിൽ അദാനി ഗ്രൂപ്പിന്റെ ഭൂമികൊള്ള ഇങ്ങനെ

'രണ്ടുനാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ'' എന്ന് പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങൾ. എംജിഎൻആർഇജിഎ വെൽഫെയർ സ്‌കീമിന് കീഴിൽ അന്നന്നത്തെ ആഹാരത്തിനായി തൊഴിൽ തേടിക്കൊണ്ടിരിക്കുന്ന ഗോണ്ട് ഗോത്രവർക്കാരായ എട്ടാളുകളുടെ പേരിൽ ഒരു സുപ്രഭാതത്തിൽ 43.7 ഹെക്ടർ ഭൂമിയുണ്ടായാൽ എന്ത് ചെയ്യും?

ഛത്തീസ്‌ഗഡിലെ റായ്ഗർ ജില്ലയിലെ പുസൗറിലാണീ അത്ഭുതം സംഭവിച്ചത്. കോടിക്കണക്കിന് രൂപ വിലവരുന്ന ഭൂമി തങ്ങളുടെ പേരിലുണ്ടായെന്നറിഞ്ഞ് അവർ ബോധം കെട്ടില്ലെന്നേയുള്ളൂ. എന്നാൽ തങ്ങളുടെ പേരിൽ ചില വൻകിടക്കാർ തിരിമറി നടത്തുകയാണെന്ന് ഇവർ വൈകിമാത്രമാണറിഞ്ഞത്.

ഈ ഭൂമി അവന്ത(താപർ) ഗ്രൂപ്പിന്റെ 600 മെഗാവാട്ട് കോർബ വെസ്റ്റ് പവർ കോ. ലിമിറ്റഡ് എന്ന കോൾഫയേർഡ് പവർ പ്ലാന്റിന് വേണ്ടി ഉപയോഗിക്കുന്നതിനെതിരെ ചോദ്യമുയരുകകയും ചെയ്തിരുന്നു. കഴിഞ്ഞ മാസം കോർബ പ്ലാന്റ് 4200 കോടി രൂപയ്ക്ക് വാങ്ങാനുള്ള കരാറിൽ അദാനി പവർ ഒപ്പ് വയ്ക്കുകയും ചെയ്തു.എന്നാൽ ഈ കച്ചവടനടപടി ഇനിയും പൂർത്തിയായിട്ടില്ല. മോദിയുടെ തണലിൽ അദാനിഗ്രൂപ്പ് ഗോത്രവർഗക്കാരുടെ ഭൂമി കവർന്നെടുക്കുകയാണെന്ന ആരോപണവുമുയരുന്നുണ്ട്.

സംഭവത്തെത്തുടർന്ന് റായ്പൂരിലെ അഭൻപൂർ ബ്ലോക്കിലുള്ള എട്ട് ഗോത്രവർഗക്കാരും ചോ്ദ്യം ചെയ്യപ്പെട്ടു. പ്രസ്തുത ഭൂമിയുടെ 250 കിലോമീറ്റർ അകലെയാണ് ഇവരുടെ സ്വദേശം. ഈ ഗോത്രവർഗക്കാരുടെ പേരിൽ ഭൂമി വാങ്ങിയതിനെ സംബന്ധിച്ചുള്ള മറുപടി അടുത്ത വർഷം ജനുവരി 13 ന് മുമ്പ് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ഛത്തീസ്‌ഗഡ് ഹൈക്കോടതി കോർബ വെസ്റ്റ് പവർ കോ. ലിമിറ്റഡിനും സംസ്ഥാന സർക്കാരിനും നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാൽ അവന്ത ഗ്രൂപ്പ് ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

ഈ ഭൂമിയിടപാടിനെക്കുറിച്ച് ഗോത്രവർഗക്കാർക്ക് ഒന്നുമറിയില്ലെന്നാണ് ഈ കേസിലെ ഹർജിക്കാരനായ അലോക് പ്രകാശ് പുതുൽ പറയുന്നത്. ഗ്രാമത്തിലെ ഭൂവുടമ ബ്ലാങ്ക് ഡോക്യുമെന്റിൽ ഈ ഗോത്രവർഗക്കാരുടെ വിരലടയാളം പതിപ്പിച്ച് വാങ്ങുകയായിരുന്നുവെന്നും അലോക് പ്രകാശ് പറയുന്നു. ഇവരുടെ പേരിൽ വാങ്ങിയ ഭൂമിയിൽ അവന്ത ഗ്രൂപ്പ് പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇവർക്ക് അറിവുണ്ടായിരുന്നില്ല.

ഭൂമിയിടപാടിന് വേണ്ടി വരുന്ന സമയം ലാഭിക്കാൻ വേണ്ടിയാണ് ഗോത്രവർഗക്കാരുടെ പേരിൽ ഭൂമിവാങ്ങിയതെന്നാണ് മുതിർന്ന പത്രപ്രവർത്തകനായ അലോക് പ്രകാശ് അനുമാനിക്കുന്നത്. ഛത്തീസ് ഗഡിൽ ഗോത്രവർഗക്കാരുടെ ഭൂമി ഗോത്രവർഗക്കാരല്ലാത്തവർക്ക് വിൽക്കാനോ പണയപ്പെടുത്താനോ പാടില്ലെന്ന് നിയമമുണ്ട്. ഭൂമിക്ക് വിലനൽകിയത് അവന്തഗ്രൂപ്പാണെന്നും അലോക് ആരോപിക്കുന്നു. ഗോത്രവർഗക്കാരെ മറയാക്കി വൻകിടകമ്പനികൾ ഭൂമി കവരുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്നാണ് സാമൂഹ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. ഗോത്രവർഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നാണ് ഫോറം ഫോർ ഫാസ്റ്റ് ജസ്റ്റിസിന്റെ കൺവീനറായ പ്രവീൺ പട്ടേൽ പറയുന്നത്. നീതിവ്യവസ്ഥയുടെ പരിഷ്‌കരണത്തിന് വേണ്ടി ആറ് വർഷമായി സമ്മർദം ചെലുത്തുന്ന എൻജിഒ ആണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP