Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹിന്ദു തീവ്രവാദി പരാമർശത്തിൽ കമൽഹാസനെതിരെ ക്രിമിനൽ കേസ്; വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചാണ് മക്കൾ നീതിമയ്യം പ്രസിഡന്റിനെതിരെ കേസ്; അരുവാക്കുറിച്ചി പൊലീസിന്റെ നടപടി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമർശത്തിന്റെ പേരിൽ

ഹിന്ദു തീവ്രവാദി പരാമർശത്തിൽ കമൽഹാസനെതിരെ ക്രിമിനൽ കേസ്; വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നും മതവികാരം വ്രണപ്പെടുത്തിയെന്നുമാരോപിച്ചാണ് മക്കൾ നീതിമയ്യം പ്രസിഡന്റിനെതിരെ കേസ്; അരുവാക്കുറിച്ചി പൊലീസിന്റെ നടപടി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമർശത്തിന്റെ പേരിൽ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ഹിന്ദു തീവ്രവാദി പരാമർശത്തിൽ കമൽഹാസനെതിരെ ക്രിമിനൽ കേസ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു ഭീകരവാദിയാണ് നാഥുറാം ഗോദ്സെയെന്ന പരാമർശത്തിന്റെ പേരിലാണ് മക്കൾ നീതി മയ്യം പ്രസിഡന്റ് കമൽഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ആരോപിച്ചാണ് അറവാകുറിച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്

ഹിന്ദു സംഘടനകളുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദുവായ, ഗാന്ധി ഘാതകൻ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്നായിരുന്നു കമൽഹാസന്റെ പരാമർശം.

അറവകുറിച്ചി നിയോജക മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയിൽ സംസാരിക്കവേയായിരുന്നു കമൽഹാസൻ ഇങ്ങനെ പറഞ്ഞത്. കമൽഹാസന്റെ പരാമർശത്തിനെതിരേ ബിജെപി കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. കമൽ ഹാസനെ അറസ്റ്റ് ചെയ്യണമെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനത്തിന് ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. മതത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനാണ് കമൽഹാസൻ ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

ഉപതിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണത്തിന് അപകടകരമായ തീക്കളിയാണ് കമൽഹാസൻ നടത്തുന്നതെന്ന് ബിജെപി തമിഴ്‌നാട് അധ്യക്ഷ തമിഴ്സൈ സൗന്ദർരാജൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു. വിശ്വരൂപം സിനിമ പ്രദർശിപ്പിക്കാനായില്ലെങ്കിൽ രാജ്യം വിടുമെന്ന് ഭീഷണി മുഴക്കിയ ആളാണ് ഇപ്പോൾ താൻ യഥാർഥ ഇന്ത്യ ഇന്ത്യക്കാരനാണെന്ന് വീമ്പിളക്കുന്നതെന്നും സൗന്ദർ രാജൻ ചൂണ്ടിക്കാട്ടി.

പരാമർശത്തിന്റെ പേരിൽ കമൽഹാസന്റെ നാവ് വെട്ടിമാറ്റണമെന്നായിരുന്നു തമിഴ്‌നാട്ടിലെ മന്ത്രി കെടി രാജേന്ദ്ര ബാലാജിയുടെ പ്രതികരണം. കമൽഹാസന്റെ പാർട്ടിയായ മക്കൾനീതിമയ്യത്തെ നിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കൾ നീതിമയ്യം സമൂഹത്തിൽ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്നും മന്ത്രി ആരോപിച്ചു.

'കമൽഹാസന്റെ നാവ് മുറിക്കണം. അയാൾ പറഞ്ഞത് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നാണ്. തീവ്രവാദത്തിന് മതമില്ല. ഹിന്ദുവെന്നോ, കൃസ്ത്യാനിയെന്നോ, മുസൽമാനെന്നോ ഇല്ല,' അണ്ണാ ഡിഎംകെയിലെ മുതിർന്ന നേതാവായ ബാലാജി ചെന്നൈയിൽ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ന്യൂനപക്ഷ വോട്ടുകൾക്ക് വേണ്ടിയാണ് കമൽഹാസന്റെ ഈ പ്രസ്താവനയെന്ന് ബാലാജി വിമർശിച്ചു. വിഷം വമിപ്പിക്കുന്ന നേതാവാണ് കമൽഹാസനെന്നും അദ്ദേഹത്തിന്റെ എല്ലാ വാക്കുകളും വിഷമയമാണെന്നും ബാലാജി പറഞ്ഞു.

അതേസമയം, കമൽഹാസന്റെ പരാമർശത്തിന് പിന്തുണയുമായി ആർജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തിയിരുന്നു. രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയ വ്യക്തി തീവ്രവാദി തന്നെയാണെന്നും ഒരു പക്ഷേ തീവ്രവാദി എന്നതിനേക്കൾ വലിയ വിശേഷണമാണ് അയാൾക്ക് ചേരുകയെന്നും തേജസ്വി യാദവ് പറഞ്ഞു.മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ആളെ ഭീകരവാദിയെന്ന് വിളിച്ച കമൽഹാസന്റെ പരാമർശത്തിൽ തെറ്റില്ലെന്നുമായിരുന്നു തേജസ്വിയുടെ പ്രതികരണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP