Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

ഒബാമ ഗ്രൗണ്ടിലെത്തിയത് സ്വന്തം കാറിൽ; രാജ്യം ആദരവ് ചൊരിഞ്ഞപ്പോൾ ചൂയിംഗം ചവച്ച് അമേരിക്കൻ പ്രസിഡന്റ്; രാജ്യം കടന്നുപോയത് അഭിമാനത്തിന്റെ 66 വർഷങ്ങൾ

ഒബാമ ഗ്രൗണ്ടിലെത്തിയത് സ്വന്തം കാറിൽ; രാജ്യം ആദരവ് ചൊരിഞ്ഞപ്പോൾ ചൂയിംഗം ചവച്ച് അമേരിക്കൻ പ്രസിഡന്റ്; രാജ്യം കടന്നുപോയത് അഭിമാനത്തിന്റെ 66 വർഷങ്ങൾ

ന്യൂഡൽഹി: ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി ഇന്ത്യയുടെ സൈനിക ശക്തിയും സാംസ്കാരിക വൈവിധ്യങ്ങളും രണ്ട് മണിക്കൂർ തുറന്ന വേദിയിൽ ഇരുന്നുകണ്ടു. രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ ഇന്ത്യൻ സൈനിക ശക്തി നേരിട്ടുകണ്ടത്. ഓരോ ഭാരതീയനും ആത്മാഭിമാനത്തോടെ വീക്ഷിച്ച നിമിഷങ്ങളായിരുന്നു ഇന്നലെ രാജ്പഥിൽ ഉണ്ടായത്.

അപ്രതീക്ഷിതമായി പെയ്ത മഴയിലും കുതിരാതെ ഇന്ത്യ സൈനികശക്തി വിളിച്ചോതി അറുപത്തിയാറാമത് റിപ്പബ്‌ളിക് ദിനം പ്രൗഢോജ്ജ്വലമായി ആഘോഷിച്ചു. ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതിയിൽ രക്തസാക്ഷികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചാണ് റിപ്പബ്‌ളിക് ദിന പരേഡിന് തുടക്കമായത്. പത്തു മണിയോടെ സ്വന്തം കാറായ 'ബീസ്റ്റി'ലാണ് മുഖ്യാതിഥിയായ ഒബാമയും പത്‌നി മിഷേൽ ഒബാമയും ചടങ്ങ് നടക്കുന്ന രാജ്പഥിലെത്തിയത്. ഒബാമയെ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി സ്വീകരിച്ചു. ഔദ്യോഗിക അകമ്പടികളോടെ രാജ്പഥിലത്തെിയ രാഷ്ട്രപതി പ്രണബ് മുഖർജി ത്രിവർണ ദേശീയ പതാക ഉയർത്തി. പതാകയെ അഭിവാദ്യം ചെയ്ത് 21 ആചാരവെടി മുഴക്കി ചടങ്ങുകൾക്ക് തുടക്കമായി.

ഒരു അമേരിക്കൻ പ്രസിഡന്റ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യത്തെ റിപ്പബ്‌ളിക് ദിന പരേഡായിരുന്നു ഇന്നലത്തേത്. പരമോന്നത സൈനിക ധീരതയ്ക്കുള്ള ബഹുമതിയായ അശോകചക്ര പുരസ്‌കാരം രാഷ്ട്രീയ റൈഫിൾസിലെ നായിക് നീരജ്കുമാറിനും മേജർ മുകുന്ദ് വരദരാജനും വേണ്ടി ഭാര്യമാർ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി. തുടർന്ന് വിവിധ സൈനിക വിഭാഗങ്ങളുടെ പരേഡ് നടന്നു. പരേഡിന് രാഷ്ട്രപതി പ്രണബ് മുഖർജി അഭിവാദ്യം അർപ്പിച്ചു. പരേഡിന്റെ തുടക്കത്തിൽ വ്യോമസേന ഹെലികോപ്ടറുകൾ പുഷ്പവൃഷ്ടി നടത്തി. രാജ്യത്തിന്റെ സ്ത്രീശക്തി വിളിച്ചോതുന്ന റിപബ്ലിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത. പരേഡിൽ നാവികസേനയെ നയിച്ചത് മലയാളി ലഫ്.കമാൻഡർ പ്രിയ ജയകുമാറാണ്.

രാഷ്ട്രപതി ഭവനിൽ നിന്നും ആരംഭിച്ച സൈനിക പരേഡ് രാജ്പഥിൽ കൂടി കടന്നുപോയി ചെങ്കോട്ടയിലാണ് അവസാനിച്ചത്. പരേഡ് നീങ്ങുന്ന രാജ്പഥ് മുതൽ ചെങ്കോട്ട വരെയുള്ള ഭാഗവും ഡൽഹി ആകമാനവും കനത്ത സുരക്ഷാവലയത്തിലായിരുന്നു. 13 സൈനിക ബാൻഡുകളാണ് ചടങ്ങിന് കൊഴുപ്പേകിയത്. കര, നാവിക, വ്യോമ സേനകളുടെ ഓരോ ബാൻഡ് വീതവും അർധസൈനിക വിഭാഗങ്ങളുടെ എട്ടു ബാൻഡുകളും എൻ.സി.സി ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ബാൻഡും അണി നിരന്നിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശ് മധ്യദൂര മിസൈൽ, വെപ്പൺ ലൊക്കേറ്റിങ് റഡാർ, ഈയിടെ വാങ്ങിയ ആൻഡി സബ്മറൈൻ എയർക്രാഫ്റ്റ്, അത്യാധുനിക യുദ്ധവിമാനമായ മിഗ്29 എന്നിവ ചടങ്ങിൽ പ്രദർശിപ്പിച്ചു.

പിനാക മൾട്ടിപ്ൾ ലോഞ്ചർ, ബ്രഹ്മോസ്, ടി90 ഭീഷ്മ ടാങ്ക് തുടങ്ങി പോയവർഷത്തെ പരേഡുകളിൽ പ്രദർശിപ്പിച്ച ഏതാനും ആയുധങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. 1965ലെ യുദ്ധത്തിന്റെ 50ാം വാർഷികത്തെ ഓർമിപ്പിച്ച് വ്യോമസേനയുടെ നിശ്ചല ദൃശ്യവുമുണ്ടായി. നാവികസേനയുടെ ശേഷി പ്രകടിപ്പിക്കുന്ന ദൃശ്യത്തിൽ ഇന്ത്യയുടെ പക്കലുള്ള പ്രധാന ചില ഇനങ്ങളാണ് പ്രദർശിപ്പിച്ചത്. സ്ത്രീ ശാക്തികരണം ഉയർത്തിപ്പിടിച്ച ചടങ്ങിൽ എല്ലാ സേനാവിഭാഗങ്ങളിലെയും സ്ത്രീകളുടെ പ്രത്യേക സംഘം മാർച്ച് പാസ്റ്റിൽ പങ്കെടുത്തു. 16 സംസ്ഥാനങ്ങളുടെയും ഒമ്പത് കേന്ദ്ര മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങളും ഇതോടൊപ്പം നിറക്കാഴ്ചയായി. എല്ലാ വർഷങ്ങളിലെയുംപോലെ അതിർത്തി രക്ഷാസേനയുടെ 'ജാൻബാസ്' മോട്ടോർ സൈക്കിൾ അഭ്യാസ പ്രകടനവും ഇത്തവണയുമുണ്ടായിരുന്നു. ദേശീയഗാനത്തിന് ശേഷം വിവിധ നിറങ്ങളിലുള്ള ബലൂണുകൾ ആകാശത്തേക്കുയർന്നതോടെ ചടങ്ങുകൾക്ക് അവസാനമായി.

റിപ്പബ്‌ളിക് ദിന പരേഡിനെത്തിയ ബറാക്ക് ഒബാമ ച്യൂയിംഗം ചവച്ച് ഇരുന്നത് വാർത്തകളിൽ ഇടംപിടിച്ചു. കാറിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ച്യൂയിംഗം ചവയ്ക്കുകയായിരുന്ന ഒബാമയെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹസ്തദാനം നൽകിയ ശേഷം മോദി സൗഹൃദ സംഭാഷണം നടത്തുന്‌പോഴും, ഒബാമ ച്യൂയിംഗം ചവയ്ക്കുന്നുണ്ടായിരുന്നു. ഇതാദ്യമായല്ല പ്രധാന ചടങ്ങുകളിൽ ഒബാമ ച്യൂയിംഗം ചവയ്ക്കുന്നത്.

അതേസമയം ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഒബാമ അമേരിക്കൻ രഹസ്യ ഏജൻസിയുടെ സുരക്ഷാ പ്രോട്ടോക്കോളും തെറ്റിച്ചു. യുഎസ് പ്രസിഡന്റ് 45 മിനിറ്റിലേറെ തുറന്ന വേദിയിൽ തങ്ങരുതെന്നാണ് ചട്ടം. ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ ഒബാമ രണ്ട് മണിക്കൂറാണ് തുറന്ന വേദിയിൽ ചെലവഴിച്ചത്.

അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുള്ള രഹസ്യാന്വേഷണ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡ പ്രകാരം ഒബാമ തുറന്ന വേദിയിൽ 45 മിനിറ്റിലേറെ തങ്ങാൻ പാടില്ല. സാധാരണ ഗതിയിൽ ഒബാമ 40 മിനിറ്റിലേറെ ഇത്തരം വേദികളിൽ വേദിയിൽ തങ്ങാറുമില്ല. എന്നാൽ ഇന്ന് റിപ്പബ്ലിക് ദിന ചടങ്ങിൽ ചാറ്റൽ മഴ പോലും അവഗണിച്ച് രണ്ട് മണിക്കൂറിലേറെ സമയമാണ് രാജ്പഥിലെ വേദിയിൽ സൈനികരുടെ അഭ്യാസപ്രകടനങ്ങൾ കാണാൻ ഒബാമ തങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP