Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആണവസഹകരണമുൾപ്പെടെ നാലുകരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു; ഇരു രാജ്യങ്ങളുടെയും സൗഹൃദം പുതിയ തലത്തിലേക്കെന്ന് രാഷ്ട്രത്തലവന്മാർ

ആണവസഹകരണമുൾപ്പെടെ നാലുകരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും ഒപ്പുവച്ചു; ഇരു രാജ്യങ്ങളുടെയും സൗഹൃദം പുതിയ തലത്തിലേക്കെന്ന് രാഷ്ട്രത്തലവന്മാർ

ന്യൂഡൽഹി: ആണവോർജം സമാധാന ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് അടക്കമുള്ള നാല് കരാറുകളിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഒപ്പുവച്ചു. ഇന്ത്യ-ശ്രീലങ്ക ബന്ധത്തിൽ പുതിയ വളർച്ച ലക്ഷ്യമിട്ടാണ് ഇരുരാജ്യങ്ങളും നാല് കരാറുകളിൽ ഒപ്പിട്ടത്.

ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആദ്യ ഔദ്യോഗിക സന്ദർശനം ഫലപ്രദമായിരുന്നെന്ന് സിരിസേന പറഞ്ഞു.

ഇന്ത്യയിൽ സന്ദർശനം നടത്തുന്ന മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് കരാറുകൾ ഒപ്പിട്ടത്. ആണവ മേഖലയിലെ അറിവും വൈദഗ്ദ്ധ്യവും ആണവ വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനും കരാർ പ്രകാരം വ്യവസ്ഥയുണ്ട്.

ആണവസഹകരണം, സാസ്‌കാരിക സഹകരണം, നളന്ദ സർവ്വകലാശാല സ്ഥാപനത്തിൽ ധാരണപത്രം, കാർഷിക സഹകരണം തുടങ്ങിയ കരാറുകളിലാണ് ഇരുരാഷ്ട്രങ്ങളും ഒപ്പുവച്ചത്. കലാസാസ്‌കാരികം, ലൈബ്രറി, മ്യൂസിയം, പുരാവസ്തു ഗവേഷണം, കരകൗശല മേഖല തുടങ്ങിയവയിലെ സഹകരണത്തിനായി 2015-18 കാലഘട്ടത്തിൽ വിവിധ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിക്കും. നളന്ദ യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനും ഇരു രാജ്യങ്ങളും കരാറൊപ്പിട്ടു.

കാർഷിക മേഖലയിലെ സഹകരണം ഉറപ്പു വരുത്തുന്നതിന് ധാരണാപത്രം ഒപ്പിട്ടതിനൊപ്പം കർമ പദ്ധതി തയ്യാറാക്കാനും തീരുമാനമായി. കാർഷികോൽപന്നങ്ങളുടെ ഉൽപാദനത്തിനും വിതരണത്തിനുമായി അഗ്രോ പ്രോസസിങ് യൂണിറ്റുകൾ സ്ഥാപിക്കും. കാർഷിക വ്യാപനം, ഹോർട്ടികൾച്ചർ എന്നീ മേഖലകളിലും പരസ്പര സഹകരണം വർദ്ധിപ്പിക്കും. കന്നുകാലി രോഗങ്ങൾ കണ്ടെത്തുന്നതിനും അവ ഫലപ്രദമായി ചെറുക്കുന്നതിനും വേണ്ടിയുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളും സ്ഥാപിക്കാനും ധാരണയിലെത്തി.

ആദ്യവിദേശ സന്ദർശനത്തിനായി സിരിസേന ഇന്ത്യയെ തെരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഊർജ്ജമേഖലയിൽ കൂടുതൽ സഹകരണം,ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, അന്താരാഷ്ട്ര പ്രശ്‌നങ്ങൾ എന്നിവ
സംബന്ധിച്ച് സിരിസേനയുമായി വിശദമായി ചർച്ച നടത്തിയെന്നും മോദി കൂട്ടിച്ചേർത്തു. ശ്രീലങ്കയുടെ ഏറ്റവും വലിയ വ്യവസായ പങ്കാളിയാകുന്നതിൽ സന്തോഷമുണ്ടെന്നും ഇരുദിശകളിലുമുള്ള സന്തുലിതമായ വ്യാപാരത്തിന് എല്ലാവിധ സഹകരണവും ഉണ്ടാകുമെന്നും മോദി അറിയിച്ചു.

ആണവസഹകരണത്തിനുള്ള കരാർ ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസമാണ് വെളിവാക്കുന്നതെന്നും മോദി പറഞ്ഞു. സിരിസേനയുടെ ക്ഷണം സ്വീകരിച്ച് മാർച്ചിൽ ശ്രീലങ്ക സന്ദർശിക്കുമെന്നും മോദി വ്യക്തമാക്കി.

ശ്രീലങ്കൻ പ്രസിഡന്റായതിനു ശേഷമുള്ള തന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിതെന്നും അത് ഫലപ്രദമായെന്നും സിരിസേന പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹ്യദം മെച്ചപ്പെടുത്താൻ കഴിഞ്ഞുവെന്നും സിരിസേന പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP