Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രാജ്യപുരോഗതിക്ക് വേണ്ടി കേന്ദ്രവും സംസ്ഥാനങ്ങളും 'ടീം ഇന്ത്യ'യെ പോലെ ഒരുമിച്ച് പ്രവർത്തിക്കണം; ബംഗാളിലെത്തിയ മോദി മമതാ ബാനർജിയുമായി അനുനയത്തിന്റെ പാതയിൽ

രാജ്യപുരോഗതിക്ക് വേണ്ടി കേന്ദ്രവും സംസ്ഥാനങ്ങളും 'ടീം ഇന്ത്യ'യെ പോലെ ഒരുമിച്ച് പ്രവർത്തിക്കണം; ബംഗാളിലെത്തിയ മോദി മമതാ ബാനർജിയുമായി അനുനയത്തിന്റെ പാതയിൽ

കൊൽക്കൊത്ത: പശ്ചിമ ബംഗാൾ സന്ദർശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി അനുനയത്തിന്റെ പാതയിൽ. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് മോദി കൊൽക്കത്തയിൽ മമതാ ബാനര്ജിയെ കൈയിലെടുത്തത്. ദേശീയ തലത്തിലുള്ള പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കേന്ദ്ര സർക്കാരും സംസ്ഥാനങ്ങളും ടീം ഇന്ത്യയെ പോലെ പ്രവർത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇൻഡോ-ബംഗ്‌ളാ അതിർത്തി കരാർ അടക്കമുള്ള പ്രശ്‌നങ്ങളിൽ സ്വീകരിച്ച ഇത്തരം സമീപനമാണ് തുടർന്നും വേണ്ടതെന്നും മോദി പറഞ്ഞു. വിദേശ രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങൾ ഇങ്ങനെ പരിഹരിക്കാൻ കഴിഞ്ഞാൽ ആഭ്യന്തര പ്രശ്‌നങ്ങൾ അനായാസം പരിഹരിക്കാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌കോയുടെ നവീകരിച്ച സ്റ്റീൽ പ്‌ളാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

ഇൻഡോ-ബംഗ്‌ളാ കരാർ പാർലമെന്റിൽ ഏകകണ്ഠമായാണ് പാസാക്കിയത്. ബംഗാൾ, അസാം, മിസോറാം, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ കേന്ദ്രത്തോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. മുൻകാലങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിൽ ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. ഇത് നിർഭാഗ്യകരമാണ്. അതിനാൽ തന്നെ ഇന്ത്യയെ മുന്നോട്ട് നയിക്കാൻ ഒത്തുചേർന്ന് പ്രവർത്തനമാണ് വേണ്ടത് മോദി പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് തന്നെയും താൻ തിരിച്ചും ആക്രമിച്ചിട്ടുണ്ട്. കഴിഞ്ഞതൊക്കെ കഴിഞ്ഞു. ബംഗാൾ പഴയ പ്രതാപം വീണ്ടെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും വേദിയിലുണ്ടായിരുന്ന പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ സാക്ഷിയാക്കി പ്രധാനമന്ത്രി പറഞ്ഞു. യുപിഎ ഭരണകാലത്ത് കൽക്കരി പാട വിതരണത്തിലെ അഴിമതിയെക്കുറിച്ചാണ് മാദ്ധ്യമങ്ങളിൽ റിപ്പോർട്ടുകൾ വന്നത്. എന്നാൽ തന്റെ സർക്കാർ അധികാരത്തിലേറി ഒരു വർഷം കഴിയുമ്പോൾ കൽക്കരി പാടങ്ങൾ ലേലം ചെയ്തുവെന്ന വാർത്തകളാണ് നിറയുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ഗുജറാത്തിൽ താൻ ദീർഘകാലം മുഖ്യമന്ത്രി ആയിരുന്നതാണ്. അന്നൊക്കെ കേന്ദ്രം ഭരിച്ചിരുന്ന സർക്കാരുകൾ സംഘർഷ മനോഭാവം പ്രകടിപ്പിച്ചിരുന്നു. ഇതുകൊണ്ട് ആർക്കും ഗുണമൊന്നും ഉണ്ടാവില്ല. ഒരു ഫെഡറൽ സംവിധാനം ഭരണഘടന നൽകിയിട്ടുണ്ട്. എന്നാൽ പലപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധങ്ങൾ വഷളാവുന്നത് പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

ഡൽഹി മാത്രമല്ല രാജ്യത്തിന്റെ നെടുംതൂൺ. മറിച്ച് 30 സംസ്ഥാനങ്ങളും കൂടി ചേരുന്‌പോഴാണ് രാജ്യം പൂർണമാവുന്നത്. കിഴക്കൻ മേഖലയിലെ സംസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്രം പ്രഥമ പരിഗണന നൽകുന്നത്. അതിനുവേണ്ടത് ആദ്യം പശ്ചിമബംഗാൾ ശക്തിപ്പെടുത്തുകയെന്നതാണ്. തെക്കൻ ഏഷ്യൻ മേഖലയിലെ രാജ്യങ്ങളുമായി സഹകരിക്കുന്നതിനുള്ള ഇന്ത്യയുടെ കിഴക്കൻ നയത്തിന് പശ്ചിമ ബംഗാൾ നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി മമതാ ബാനർജി കൂടി പങ്കെടുത്ത പരിപാടിയിൽ മോദി പറഞ്ഞു.

രാജ്യസഭയിൽ ന്യൂനപക്ഷമായ കേന്ദ്രസർക്കാരിന് തൃണമൂൽകോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മമതാ ബാനർജിയെ നയത്തിൽ കൈയിലെടുത്ത് മോദി രംഗത്തെത്തിയത്. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്ര മോദിയുടെ ആദ്യമാണ് ബംഗാൾ സന്ദർശിച്ചത്. മറുപടി പ്രസംഗത്തിൽ മമതാ കേന്ദ്രവുമായി ചേർന്നുപ്രവർത്തിക്കാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തു. കേന്ദ്രസർക്കാരിന്റെ മൂന്ന് സാമൂഹികക്ഷേമപദ്ധതികൾ ഇന്നലെ കൊൽക്കത്തയിൽ മമതാ ബാനർജി പങ്കെടുത്ത ചടങ്ങിൽ മോദി ഉദ്ഘാടനം ചെയ്തിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ നടന്ന ചർച്ചയിൽ ബംഗാളിന് പ്രത്യേകസാമ്പത്തിക അനുവദിക്കണമെന്ന് മമതാ ആവശ്യപ്പെട്ടിരുന്നു. ബംഗാളിൽ നിന്നുള്ള എംപിയും കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോയാണ് സമവായ നീക്കങ്ങൾക്കു പിറകിൽ. ഭൂമിയേറ്റെടുക്കൽ ബില്ലുൾപ്പെടെ നിർണ്ണായബില്ലുകൾ പാസാക്കാൻ രാജ്യസഭയിൽ കടുത്ത വെല്ലുവിളിനേരിടുന്ന കേന്ദ്രസർക്കാരിന് പുതിയ നീക്കം നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP