Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലെ അനുഭവം'; ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെ അതിവേഗ യാത്ര; വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

'വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലെ അനുഭവം'; ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെ അതിവേഗ യാത്ര; വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ന്യൂസ് ഡെസ്‌ക്‌

ഗാന്ധിനഗർ: ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ഗാന്ധിനഗറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗാന്ധിനഗറിൽ നിന്ന് കലുപൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രധാനമന്ത്രി ട്രെയിനിലും യാത്ര ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് എന്നിവരും മോദിക്കൊപ്പം ഉണ്ടായിരുന്നു. ഇതിന് പുറമെ അഹമ്മദാബാദ് മെട്രോ റെയിൽ പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.

രാവിലെ 10.25ന് ഗാന്ധിനഗർ ക്യാപിറ്റൽ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. മഹാരാഷ്ട്രയുടെയും ഗുജറാത്തിന്റെയും തലസ്ഥാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ ട്രെയിൻ രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസാണ്. ആദ്യത്തേത് ഡൽഹി-വാരാണസി റൂട്ടിലും രണ്ടാമത്തേത് ഡൽഹി-ശ്രീ മാതാ വൈഷ്‌ണോ ദേവി കത്ര റൂട്ടിലുമാണ് ആരംഭിച്ചത്.

കലുപുർ സ്റ്റേഷനിൽ നിന്ന് തൽതേജിലെ ദൂരദർശൻ സെന്ററിൽ എത്തുന്ന പ്രധാനമന്ത്രി വൈകിട്ട് 7,200 കോടി രൂപയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിനായി ബനസ്‌കന്ത ജില്ലയിലെ അംബാജി ടൗണിലെത്തും. പ്രശസ്തമായ അംബാജി ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശനം നടത്തും.

രാജ്യത്തെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിലാണ് ഓടുക. രാജ്യത്തെ ആയിരക്കണക്കിന് ആളുകൾക്ക് ഈ ട്രെയിൻ ഉപകാരപ്പെടും. വിമാനത്തിൽ യാത്ര ചെയ്യുന്നതുപോലുള്ള അനുഭവം ഈ ട്രെയിൻ യാത്രക്കാർക്ക് നൽകുമെന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. കവച സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള ആധുനിക സുരക്ഷാ സംവിധാനങ്ങൾ ഇതിലുണ്ട്. തദ്ദേശീയമായി നിർമ്മിച്ച കവച സാങ്കേതികവിദ്യ ട്രെയിനുകൾ തമ്മിലുള്ള കൂട്ടിയിടി തടയുന്നത്തിനാണ് സഹായകമാവുക.

പുതിയ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഗാന്ധിനഗറിനും മുംബൈയ്ക്കുമിടയിലാണ് ഓടുന്നത്. ഈ ട്രെയിൻ ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും ഓടും. വന്ദേ ഭാരത് ട്രെയിൻ നമ്പർ 20901 മുംബൈ സെൻട്രലിൽ നിന്ന് രാവിലെ 6.10 ന് പുറപ്പെട്ട് 12.30 ന് ഗാന്ധിനഗറിലെത്തും. മുംബൈയിലേക്കുള്ള മടക്ക ട്രെയിൻ - 20902 ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് ഉച്ചയ്ക്ക് 2.05 ന് പുറപ്പെട്ട് രാത്രി 8.35 ന് മുംബൈ സെൻട്രലിൽ എത്തുമെന്ന് അധികൃതർ അറിയിച്ചു.

16 കോച്ചുകളുള്ള ട്രെയിനിന് 1,128 യാത്രക്കാർക്ക് ഇരിക്കാനുള്ള ശേഷിയുണ്ടെന്നും ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷനിൽ എത്തുന്നതിന് മുമ്പ് സൂറത്ത്, വഡോദര, അഹമ്മദാബാദ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ നിർത്തുമെന്നും അധികൃതർ അറിയിച്ചു.

ഇന്ത്യൻ റെയിൽവേ വന്ദേ ഭാരത് ട്രെയിനുമായി ബന്ധപ്പെട്ട് വൻ പദ്ധതിയാണ് നടപ്പാക്കുന്നത്. 2023 ഓഗസ്റ്റ് 15 ന് മുമ്പ് 75 വന്ദേ ഭാരത് ട്രെയിനുകൾ ട്രാക്കിലെത്തും എന്നാണ് റെയിൽവേ നൽകുന്ന സൂചന. പുതിയ ട്രെയിനിന്റെ നിർമ്മാണത്തിന് ശേഷം ശേഷിക്കുന്ന 74 വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണം എത്രയും വേഗം നടത്തുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ആദ്യ രണ്ട്-മൂന്ന് മാസങ്ങളിൽ, എല്ലാ മാസവും 2-3 വന്ദേ ഭാരത് ട്രെയിനുകൾ അസംബിൾ ചെയ്യുമെന്നും തുടർന്ന് ഉത്പാദനം പ്രതിമാസം 6 മുതൽ 7 വരെ വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP