Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാൽവഴുതി വെള്ളക്കടുവയുടെ കൂട്ടിൽ വീണ യുവാവിന് ദാരുണ അന്ത്യം; ഡൽഹി മൃഗശാലയിലെ സുരക്ഷാപ്പിഴവെന്ന് ദൃക്‌സാക്ഷികൾ

കാൽവഴുതി വെള്ളക്കടുവയുടെ കൂട്ടിൽ വീണ യുവാവിന് ദാരുണ അന്ത്യം; ഡൽഹി മൃഗശാലയിലെ സുരക്ഷാപ്പിഴവെന്ന് ദൃക്‌സാക്ഷികൾ

ന്യൂഡൽഹി: ഡൽഹി മൃഗശാലയിൽ വെള്ളക്കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. മൃഗശാല സന്ദർശിക്കാനെത്തിയ ആനന്ദ് പർബാത് സ്വദേശിയായ മക്‌സൂദി(22)നാണ് വെള്ളക്കടുവയുടെ ആക്രമണത്തിൽ ദാരുണാന്ത്യം ഉണ്ടായത്. മക്‌സൂദ് കാൽവഴുതി കടുവയുടെ കൂട്ടിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കടുവയുടെ ആക്രമണത്തിൽ യുവാവ് മരിച്ചതിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി ഡിസിപി അറിയിച്ചു. മൃഗശാല അധികൃതരുടെ ആദ്യ വിശദീകരണം യുവാവ് കടുവയുടെ കൂട്ടിലേക്ക് എടുത്തുചാടുകയായിരുന്നെന്നാണ്. എന്നാൽ, കാൽവഴുതി കൂട്ടിനകത്തേക്ക് വീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. സുരക്ഷാവേലിക്ക് ഉയരം കുറവായിരുന്നതിനാലാണ് അപകടം ഉണ്ടായതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. കടുവയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുന്നതിനിടെയാണ് യുവാവ് കൂട്ടിലേയ്ക്ക് വീണത്. കടുവയുടെ ചിത്രമെടുക്കാൻ സുരക്ഷാവേലിക്കു മുകളിൽ കയറിയപ്പോഴാണ് താഴേക്ക് വീണതെന്നാണ് അധികൃതർ പറയുന്നത്. കടുവയുടെ കൂടിനടുത്തു ചെന്ന് കല്ലെറിഞ്ഞ് പ്രകോപിപ്പിച്ചെന്നും അധികൃതർ പറഞ്ഞു.

കൂട്ടിലേക്ക് വീണ മക്‌സൂദിനുനേർക്ക് പാഞ്ഞടുത്ത കടുവ ഒരു നിമിഷം നോക്കി നിന്നശേഷമാണ് ആക്രമിച്ചത്. തൊഴുകൈയോടെ നിന്ന മക്‌സൂദിന്റെ കഴുത്തിന് കടിച്ചെടുക്കുകയായിരുന്നു. സന്ദർശകരിൽ ഒരാൾ കടുവയുടെ ശ്രദ്ധ തിരിക്കാൻ കൂട്ടിലേക്ക് കമ്പ് വലിച്ചെറിഞ്ഞെങ്കിലും ഫലമുണ്ടായില്ല.

യുവാവിന്റെ തലയുടെ ചില ഭാഗങ്ങളും കടുവ കടിച്ചുതിന്നു. ഇരുപതു മിനിറ്റോളം കടുവയുടെ ആക്രമണത്തിന് മക്‌സൂദ് ഇരയായി. യുവാവ് കൂട്ടിനകത്തേക്ക് വീണിട്ടും അരമണിക്കൂറോളം കഴിഞ്ഞാണ് സുരക്ഷാ ജീവനക്കാർ സംഭവസ്ഥലത്തെത്തിയതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ആറ് വയസുള്ള വിജയ് എന്ന കടുവയാണ് മക്‌സൂദിനെ ആക്രമിച്ചത്.

വെള്ളക്കടുവകളുള്ള അപൂർവം മൃഗശാലകളിൽ ഒന്നാണ് ഡൽഹി മൃഗശാല. യുവാവ് ആക്രമണത്തിന് ഇരയായിട്ടും ഏറെ വൈകിയാണ് സുരക്ഷാ ജീവനക്കാർ എത്തിയതെന്നത് കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മൃഗശാലയിൽ ആവശ്യത്തിന് ജീവനക്കാർ ഇല്ലായിരുന്നെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP