Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു; സ്റ്റാർ ഇന്ത്യാ മുൻ മേധാവിയെ കസ്റ്റഡിയിൽ എടുത്തത് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ

ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു; സ്റ്റാർ ഇന്ത്യാ മുൻ മേധാവിയെ കസ്റ്റഡിയിൽ എടുത്തത് അന്വേഷണവുമായി സഹകരിക്കാത്തതിനാൽ

ന്യൂഡൽഹി: ഷീനാ ബോറ കൊലക്കേസിൽ പീറ്റർ മുഖർജിയെ സിബിഐ അറസ്റ്റ് ചെയ്തു. ഷീന ബോറ കൊലക്കേസുമായി ബന്ധപ്പെട്ട് മാതാവ് ഇന്ദ്രാണി മുഖർജിയുടെ ഭർത്താവ് മുൻ സ്റ്റാർ ഇന്ത്യ സിഇഒ പീറ്റർ മുഖർജിയെ നിരവധി തവണ പൊലീസ് ചോദ്യം ചെയ്തിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറിയതിന് ശേഷവും ചോദ്യം ചെയ്യലിന് ശ്രമിച്ചു. എന്നാൽ പീറ്റർ മുഖർജി ചോദ്യം ചെയ്യലുകളോട് കൃത്യമായി സഹകരിച്ചില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. ഷീനാ ബോറ കൊലക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ പീറ്റർമുഖർജിയെ അറസ്റ്റ് ചെയ്ത ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു. ഷീനാ ബോറ കൊലക്കേസിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. എന്നാൽ കൊലയിൽ പീറ്റർ മുഖർജിക്കും പങ്കുണ്ടെന്ന വാദവും സജീവമാണ്.

ഷീനാ ബോറാ കേസിലെ മുഖ്യപ്രതിയായ ഇന്ദ്രാണി മുഖർജിയുടെ ഇപ്പോഴത്തെ ഭർത്താവാണ് പീറ്റർ മുഖർജി. മുംബൈ മജിസ്‌ട്രേറ്റ് കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെയാണ് സിബിഐ പീറ്ററിനെ അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിച്ച കുറ്റത്തിനാണ് സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതുവരെ പ്രതി ചേർക്കാതിരുന്ന പീറ്ററിനെ അപ്രതീക്ഷിതമായ നീക്കത്തിലാണ് സിബിഐ അറസ്റ്റ് ചെയ്തത്. പീറ്ററിനേയും ഷീനയുടെ കാമുകനായിരുന്ന മകൻ രാഹുലിനെയും ചോദ്യം ചെയ്യാനായി ഉച്ചയ്ക്കു സിബിഐ ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. തുടർന്ന് ഇന്ദ്രാണിയുടെ മൊഴികളുടെ അടിസ്ഥാനത്തിൽ പീറ്ററിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് സിബിഐ അറിയിച്ചു. ഷീനയുടെ അമ്മയായ ഇന്ദ്രാണി മുഖർജി, ആദ്യഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ രവി എന്നിവർ ചേർന്ന് 24കാരിയായ ഷീനാ ബോറയെ കൊലപ്പെടുത്തി മൃതദേഹം മറവു ചെയ്തുവെന്നാണ് 1000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. ഓഗസ്റ്റിൽ അറസ്റ്റിലായ ഇവർ ഇപ്പോൾ ജയിലിലാണ്. 150 സാക്ഷികളുടെ മൊഴിയും 200 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

2012 ലാണ് ഇന്ദ്രാണിയുടെ മകൾ ഷീന ബോറ കൊല്ലപ്പെട്ടത്. ഈ അടുത്ത ദിവസമാണ് ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തത്. ഇന്ദ്രാണിയുടെ ഡ്രൈവറെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയത്. മുംബൈയിൽ നിന്ന് 84 കിലോമീറ്റർ അകലെ റായ്ഗഢിൽ വനത്തിലാണ് മൃതദേഹം കുഴിച്ചിട്ടത്. താനാണ് കൊലനടത്താൻ ഇന്ദ്രാണിയെ സഹായിച്ചതെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു. മൃതദേഹം കുഴിച്ചിട്ട സ്ഥലവും ഇയാൾ കാട്ടിക്കൊടുത്തു. വസ്തുതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. മുംബൈ പൊലീസിന് ലഭിച്ച രഹസ്യവിവരമാണ് കേസിൽ നിർണ്ണായകമായത്. ഈ സൂചന നൽകിയത് പീറ്റർ മുഖർജിയാണെന്ന വാദവും സജീവമായിരകരുന്നു.

മകൾ ഷീന ബോറ കൊല്ലപ്പെട്ടതാണെന്ന് നീണ്ട ചോദ്യംചെയ്യലിനൊടുവിലാണ് ഇന്ദ്രാണി മുഖർജി അന്വേഷണോദ്യോഗസ്ഥർ മുമ്പാകെ സമ്മതിച്ചത്. കഴിഞ്ഞദിവസംവരെ മകളെ താൻ കൊന്നിട്ടില്ലെന്നും അവൾ അമേരിക്കയിൽ പഠിക്കുകയാണെന്നുമാണ് ഇന്ദ്രാണി പറഞ്ഞിരുന്നത്. എന്നാൽ, മുൻഭർത്താവ് സഞ്ജയ് ഖന്നയും കാർ ഡ്രൈവർ ശ്യാംവർ റായിയും ഷീന ജീവനോടെയില്ലെന്ന് നേരത്തേതന്നെ മൊഴിനൽകിയിരുന്നു. കൊലയ്ക്കു കൂട്ടുനിന്ന ഇവർക്കൊപ്പം ഒന്നിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് ഇന്ദ്രാണി കുറ്റംസമ്മതിച്ചതെന്ന് പൊലീസ്വൃത്തങ്ങൾ പറയുന്നു. എന്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന കാര്യത്തിൽ ദുരൂഹത തുടരുകയാണ്. കേസിൽ പീറ്റർ മുഖർജിയുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും ചെയ്തു.

ഓഗസ്റ്റ് 24നാണ് ഇന്ദ്രാണി മുഖർജി അറസ്റ്റിലാകുന്നത്. അതിനുപിന്നാലെ പീറ്റർ മുഖർജി പൊലീസ് സ്റ്റേഷനിലെത്തി വിശദീകരണം എഴുതിനൽകിയിരുന്നു. എന്നാൽ, പൊലീസ് ഇതു സ്വീകരിച്ചില്ല. ഷീന കൊല്ലപ്പെട്ടുവെന്നതും അവൾ ഇന്ദ്രാണിയുടെ മകളാണെന്നതും തനിക്കറിയില്ലെന്നാണ് പീറ്റർ മുഖർജി ആദ്യം പൊലീസിനോടു വെളിപ്പെടുത്തിയത്. എന്നാൽ, ഇത് പൂർണമായും വിശ്വാസയോഗ്യമല്ലെന്നാണ് സിബിഐ പറയുന്നത്. ഷീന ബോറ കൊല്ലപ്പെട്ടശേഷം ഇന്ദ്രാണി കൂടുതൽ സമയവും ലണ്ടനിലാണു കഴിച്ചുകൂട്ടിയത്. ഇത് പീറ്ററിന്റെ സമ്മതത്തോടെയായിരുന്നോ, ഇന്ദ്രാണിയെ എത്രമാത്രം സാമ്പത്തികമായി സഹായിച്ചിരുന്നു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാനുണ്ട്. പീറ്റർ മുഖർജിയെ രക്ഷിക്കാൻ മുംബൈ പൊലീസ് ശ്രമിക്കുന്നുവെന്ന് ആരോപണവും സജീവമായി. ഈ സാഹചര്യത്തിലാണ് അന്വേഷണം സിബിഐ്ക്ക് വിട്ടത്.

ഷീന ബോറ പീറ്റർ മുഖർജിയുടെ ആദ്യഭാര്യയിലുള്ള മകൻ രാഹുൽ മുഖർജിയുമായി പ്രണയബന്ധത്തിലായിരുന്നു. വിവാഹംകഴിഞ്ഞാൽ പീറ്ററിന്റെ സ്വത്തുക്കളിൽ നല്ലൊരുഭാഗം അവരിലേക്കു പോകുമെന്ന് ഇന്ദ്രാണി ഭയപ്പെട്ടിരുന്നതായാണ് വിലയിരുത്തൽ. ഇതു നടക്കാതിരിക്കാനാണ് മുൻ ഭർത്താവ് സഞ്ജയ് ഖന്നയുടെ സഹായത്തോടെ ഷീന ബോറയെ കൊന്നതെന്നും പറയപ്പെടുന്നു. എന്നാൽ എല്ലാം പീറ്റർ മുഖർജിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐയുടെ പ്രാഥമിക നിഗമനം. മുംബൈ പൊലീസിൽ നിന്ന് കേസ് അന്വേഷണം സിബിഐയിൽ എത്തിയതോടെ പീറ്റർ മുഖർജി അന്വേഷണവുമായി സഹകരിക്കാതെയായി. ഈ സാഹചര്യത്തിലാണ് അറസ്റ്റ്.

ഷീനാ ബോറ വധക്കേസുമായി ബന്ധപ്പെട്ട് മുംബൈ എസ്പ്ലനേഡ് കോടതിയിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. സിബിഐ തയ്യാറാക്കിയ ആയിരം പേജടങ്ങിയ കുറ്റപത്രത്തിൽ ഷീനയുടെ അമ്മ ഇന്ദ്രാണി മുഖർജി, ഇന്ദ്രാണിയുടെ മുൻ ഭർത്താവ് സഞ്ജീവ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. നേരത്തെ ശ്യാംവർ റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയിരുന്നു. ക്രിമിനൽ പ്രൊസീഡറിലെ സെക്ഷൻ 164 പ്രകാരമാണ് റായ് കോടതി മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. മഹാരാഷ്ട്രാ സർക്കാറിന്റെ അഭ്യർത്ഥനയെത്തുടർന്നാണ് കേസ് സിബിഐ. ഏറ്റെടുക്കാൻ കാരണം. ആവശ്യമെങ്കിൽ പീറ്റർ മുഖർജിയേയും കേസിൽ പ്രതിചേർക്കും.

കേസിന്റെ തുടക്കത്തിൽ മുംബൈ പൊലീസ് കമ്മിഷണർ രാകേഷ് മരിയയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മരിയയെ സ്ഥലം മാറ്റി അഹമ്മദ് ജാവേദ് എത്തുകയും ഈ സ്ഥലം മാറ്റങ്ങൾ വിവാദമാകുകയുമുണ്ടായി. ഇന്ദ്രാണി മുഖർജിയെയും ഭർത്താവ് പീറ്റർ മുഖർജിയെയും അറിയാമെന്നും പല വിരുന്നുകളിലും ഒന്നിച്ചു പങ്കെടുത്തിട്ടുണ്ടെന്നുമുള്ള അഹമ്മദ് ജാവേദിന്റെ വെളിപ്പെടുത്തൽ സർക്കാറിനെ കുഴക്കി. അതോടെയാണ് കേസ് സിബിഐയ്ക്കു വിടാൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തീരുമാനിച്ചത്. മുംബൈ പൊലീസ് കേസിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോഴാണ് കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്. അതാണ് പീറ്റർ മുഖർജിയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP