Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തന്റെ ദേശസ്നേഹത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഒവൈസി; ജിന്ന പാക്കിസ്ഥാനിലേക്ക് ഒളിച്ചോടുകയാണ് ചെയ്തതെന്നും എ.ഐ.എം.ഐ.എം നേതാവ്

തന്റെ ദേശസ്നേഹത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ഒവൈസി; ജിന്ന പാക്കിസ്ഥാനിലേക്ക് ഒളിച്ചോടുകയാണ് ചെയ്തതെന്നും എ.ഐ.എം.ഐ.എം നേതാവ്

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: തന്റെ ദേശസ്നേഹത്തിന് ബിജെപിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി ദേശീയ വക്താവ് സുധാൻഷു ത്രിവേദിയോട് എ.ഐ.എം.ഐ.എം നേതാവും ഹൈദരാബാദ് എംപിയുമായ അസസുദീൻ ഒവൈസി. ദേശീയ മാധ്യമമായ 'ആജ് തക്കി'ന്റെ ഒരു ചർച്ചാ പരിപാടിയിലായിരുന്നു ഒവൈസിയുടെ പ്രതികരണം. തനിക്ക് എന്നും ഇന്ത്യയോട് തന്നെയാണ് കൂറെന്നും ഒവൈസി പറഞ്ഞു. ഗ്രെയ്റ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം വിഷയമാക്കിയാണ് വാർത്താ ചാനൽ ചർച്ച സംഘടിപ്പിച്ചത്.

മുഹമ്മദലി ജിന്നയുടെ പ്രത്യയശാസ്ത്രം ഇന്ത്യയിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും രാജ്യം വിഭജിച്ച സമയത്ത് ഇസ്ളാം മതത്തിൽ പെട്ട നിരവധി പേർ മുസ്‌ലിം ലീഗിനും(പാക്കിസ്ഥാൻ) ജിന്നയ്ക്കും അനുകൂലമായി നിലകൊണ്ട ശേഷവും ഇന്ത്യയിൽ തന്നെ തുടർന്നുവെന്നും ത്രിവേദി ചർച്ചയിൽ പറഞ്ഞു. തുടർന്ന് ഒവൈസിയോട് രാജ്യത്തോടുള്ള അദ്ദേഹത്തിന്റെ കൂറ് തെളിയിക്കാൻ പരിപാടിയുടെ അവതാരക ആവശ്യപ്പെട്ടപ്പോഴാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്.

'ഞാൻ പോയിക്കഴിഞ്ഞാലും എനിക്ക് ശേഷം വരുന്ന പത്ത് തലമുറകളോടും അവരുടെ ദേശസ്നേഹം തെളിയിക്കാൻ നിങ്ങൾ ആവശ്യപ്പെട്ടുകൊണ്ടേയിരിക്കും. ഇറങ്ങിപ്പോകൂ. രാജ്യസ്നേഹമുണ്ടെന്ന് തെളിയിക്കാൻ അവരുടെ(ബിജെപി) കൈയിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല. ആ സർട്ടിഫിക്കറ്റ് എന്റെ ഷൂസിലാകും ഞാൻ സൂക്ഷിക്കുക. എനിക്ക് ഇന്ത്യയോടാണ് കൂറ്. എന്നും അത് അങ്ങനെ തന്നെ ആയിരിക്കും.'-ഒവൈസി പറഞ്ഞു.

വിഭജന സമയത്ത് എത്ര പേരാണ് മുസ്ലിം ലീഗിന്‌ വേണ്ടി വോട്ട് ചെയ്തതെന്നും പണവും ഭൂമിയും ഉള്ളവർക്ക് മാത്രമാണ് അക്കാലത്ത് വോട്ടവകാശം ഉണ്ടായിരുന്നതെന്നും ഒവൈസി ചർച്ചയിൽ പറഞ്ഞു. മുസ്ലീങ്ങൾക്ക് വോട്ടവകാശം ഉണ്ടായിരുന്നുവെങ്കിൽ ആരും ഒരാളും ജിന്നയെ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജിന്ന പാക്കിസ്ഥാനിലേക്ക് ഒളിച്ചോടുകയാണ് ചെയ്തത്. ഞങ്ങൾക്ക് എന്നും ബന്ധം ഇന്ത്യയോട് തന്നെയായിരുന്നു. ഇന്ത്യയോട് എനിക്കുള്ള കൂറ് ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലേയെന്നും മോദി സർക്കാരിന്റെ സർക്കാർ ഉത്തര കൊറിയയിലെ കിം ജോംഗ് ഉൺ സർക്കാരിനെ പോലെയാണോ എന്നും അദ്ദേഹം ഒവൈസി ആരാഞ്ഞു.

ദേശീയശ്രദ്ധ പിടിച്ചുപറ്റിയ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ടി.ആർ.എസിന്‌ 56 സീറ്റും, ബിജെപി. 49-ഉം അസദുദ്ദീൻ ഒവൈസിയുടെ മജ്‌ലിസ് പാർട്ടി 43-ഉം സീറ്റുനേടിയിരുന്നു. മജ്‍ലിസിന്‌ കഴിഞ്ഞതവണത്തെക്കാൾ ഒരുസീറ്റ്‌ കുറഞ്ഞു. കഴിഞ്ഞതവണ നാലുസീറ്റുകിട്ടിയ സ്ഥാനത്താണ് കേന്ദ്രമന്ത്രി അമിത് ഷായെയും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയുമടക്കം പ്രചാരണത്തിനിറക്കി 49 സീറ്റുപിടിച്ചത്. ഒറ്റയ്ക്ക്‌ ഭരണംപിടിക്കാമെന്ന മോഹം സാധിച്ചില്ലെങ്കിലും തെലങ്കാനയിൽ വേരുറപ്പിക്കാനൊരുങ്ങുന്ന പാർട്ടിക്കിത് തകർപ്പൻ വിജയമാണ്. ഭരണകക്ഷിയായ ടി.ആർ.എസിന് പ്രതീക്ഷിച്ച സീറ്റുകൾ കിട്ടിയില്ല. ടി.ആർ.എസിന് 99-ൽനിന്ന് കുറഞ്ഞാണ് 56 സീറ്റായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP