Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ജമ്മുകാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാരെ വിട്ടയക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന

ജമ്മുകാഷ്മീരിലെ മുൻ മുഖ്യമന്ത്രിമാരെ വിട്ടയക്കണം; ഒറ്റക്കെട്ടായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പ്രസ്താവന

സ്വന്തം ലേഖകൻ

ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിമാരായ ഫറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരുൾപ്പെടെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നേതാക്കളെയെല്ലാം വിട്ടയക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ. എട്ട് പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്രസർക്കാരിനോട് സംയുക്തപ്രസ്താവനയിൽ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. എൻസിപി, തൃണമൂൽ കോൺഗ്രസ്, ജനതാദൾ സെക്യുലർ, സിപിഎം, സിപിഐ, രാഷ്ട്രീയ ജനതാദൾ എന്നീ പാർട്ടികളും മുൻ ബിജെപി മന്ത്രിസഭകളിൽ അംഗങ്ങളായിരുന്ന യെശ്വന്ത് സിൻഹ, അരുൺ ഷൂരി തുടങ്ങിയവരും പ്രമേയത്തിൽ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം കോൺഗ്രസ് പ്രമേയത്തിൽ ഒപ്പുവച്ചിട്ടില്ല.

ഭരണഘടന ഉറപ്പുനൽകുന്ന നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം തുടങ്ങിയ അടിസ്ഥാന ആശയങ്ങൾക്കു ഭീഷണിയായി ബലാൽക്കാരമായ ഭരണകൂട നപടികളിലൂടെ ജനാധിപത്യപരമായ വിയോജിപ്പുകളുടെ മൂക്കുംവായും മൂടിക്കെട്ടുന്നതായി സംയുക്തപ്രസ്താവനയിൽ പ്രതിപക്ഷ പാർട്ടികൾ പറഞ്ഞു. ജമ്മുകാഷ്മീരിലെ പൊതുജന സുരക്ഷയ്ക്ക് ഭീഷണിയാണെന്ന മോദി സർക്കാരിന്റെ അവകാശവാദത്തിന് വിശ്വാസ്യത നൽകുന്നതൊന്നും ഈ മൂന്ന് നേതാക്കളുടെ മുൻകാല ചരിത്രത്തിലില്ല.

രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുവെന്നും രാജ്യതാൽപര്യത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നുമുള്ള സർക്കാരിന്റെ അവകാശവാദത്തെ സാധൂകരിക്കുന്നതല്ല മുൻ മുഖ്യമന്ത്രിമാരായ മൂന്നുപേരുടെയും മുൻകാലങ്ങളിലെ പ്രവർത്തനം- പ്രമേയം ചൂണ്ടിക്കാട്ടുന്നു. കാഷ്മീരിലെ ആയിരക്കണക്കിനു സാധാരണ ജനങ്ങൾക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങൾക്കും മാന്യതയ്ക്കും നേരെയുള്ള കടന്നുകയറ്റമാണിത്.

കാഷ്മീരിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും തെളിയിക്കുന്നതാണ് പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്ന നടപടിയെന്നും പ്രതിപക്ഷ പാർട്ടികൾ പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിനു പിന്നാലെ ഒഗസ്റ്റുമാസം മുതൽ മുന്മുഖ്യമന്ത്രിമാർ ഉൾപ്പെടെ ജമ്മുകാഷ്മീരിലെ പ്രതിപക്ഷ നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. പൊതുസുരക്ഷ നിയമപ്രകാരമാണ് ഇവരെ തടവിലാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP