Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202303Tuesday

ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യക്ക് ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വ്‌ലാഡ്മിർ പുട്ടിൻ

ഒഡിഷ ട്രെയിൻ അപകടം: ഇന്ത്യക്ക് ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ; പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് വ്‌ലാഡ്മിർ പുട്ടിൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡിഷയിലെ ട്രെയിൻ അപകടത്തിൽ ഇന്ത്യക്ക് ആശ്വാസവാക്കുകളുമായി ലോക നേതാക്കൾ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്‌ലാഡ്മിർ പുട്ടിനും ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കും ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമടക്കം നിരവധി ലോക നേതാക്കളാണ് ഇന്ത്യയെ ആശ്വസിപ്പിക്കാൻ രംഗത്തെത്തിയത്.

ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ അനുശോചനം അറിയിക്കുന്നതായാണ് റഷ്യൻ പ്രസിഡന്റ് വ്യക്തമാക്കിയത്. അപകടത്തിൽ പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പുടിൻ ആശംസിച്ചു. ദാരുണമായ അപകടത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ ഞങ്ങൾ പങ്കുചേരുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു എന്ന് റഷ്യ പ്രസ്താവനയിലൂടെ പറയുകയും ചെയ്തു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ട്രെയിൻ അപകടത്തിൽ അഗാത ദുഃഖം രേഖപ്പെടുത്തുന്നതായി അറിയിച്ചു. എന്റെ ചിന്തകളും പ്രാർത്ഥനകളും നരേന്ദ്ര മോദിയോടൊപ്പവും ഒഡീഷയിലെ ദാരുണമായ സംഭവങ്ങളാൽ ബാധിക്കപ്പെട്ട എല്ലാവർക്കുമൊപ്പം ഉണ്ടെന്നും സുനക്ക് വ്യക്തമാക്കി. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവർ എത്രയും വേഗത്തിൽ സുഖപ്പെടട്ടെയന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒഡീഷയിലെ ദാരുണമായ ട്രെയിൻ അപകടത്തിൽ ദുഃഖിതനാണെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിദയും അനുശോചനത്തിൽ അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നതായും കിഷിദ വ്യക്തമാക്കി. ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തിന്റെ ചിത്രങ്ങളും റിപ്പോർട്ടുകളും എന്റെ ഹൃദയം തകർക്കുന്നു എന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ട്വീറ്റ് ചെയ്തത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് ഞാൻ എന്റെ അഗാധമായ അനുശോചനം അയയ്ക്കുന്നുവെന്നും കാനഡ ഇന്ത്യൻ ജനതയ്ക്കൊപ്പം നിൽക്കുന്നുവെന്നും ട്രൂഡോ വ്യക്തമാക്കി.

ബാലസോർ അപകടത്തിൽ യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും അനുശോചനം രേഖപ്പെടുത്തി. 'അനേകം പേർ മരണപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അഗാധമായ ദുഃഖമുണ്ടെന്നാണ് യു എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചത്. ഇന്ത്യയിലെ ജനങ്ങൾക്കൊപ്പം ഈ ദുഃഖസമയത്ത് യൂറോപ്പ് ഒപ്പമുണ്ടെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ അറിയിച്ചത്. തുർക്കിയും അനുശോചനം അറിയിച്ചു.

അനുശോചനം അറിയിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രംഗത്തെത്തി. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇന്ത്യയിലെ ജനങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് അയച്ച സന്ദേശത്തിൽ സുൽത്താൻ ഹൈതം ബിൻ താരിഖ് അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖപ്പെടട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP