Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തനിക്കു നേരെയുള്ള ഭീഷണി വളരെ ഗുരുതരം; ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണം: സുരക്ഷതേടി നുസ്രത്ത് ജഹാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ സമീപിച്ചു

തനിക്കു നേരെയുള്ള ഭീഷണി വളരെ ഗുരുതരം; ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണം: സുരക്ഷതേടി നുസ്രത്ത് ജഹാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ സമീപിച്ചു

സ്വന്തം ലേഖകൻ

ലണ്ടൻ: ദുർഗാദേവിയായി വേഷമിട്ട ചിത്രത്തിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ ഇന്ത്യയിൽ നിന്നും ബംഗ്ലാദേശിൽ നിന്നും വധഭീഷണി ലഭിച്ചതിനെ തുടർന്ന് നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ നുസ്രത്ത് ജഹാൻ സുരക്ഷതേടി ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷനെ സമീപിച്ചു. ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് നടി ഹൈക്കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

ബംഗാളി ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ലണ്ടനിലാണു നടി ഇപ്പോഴുള്ളത്. ബംഗാൾ സർക്കാരിൽനിന്നും കേന്ദ്രത്തിൽനിന്നും ഇവർ സുരക്ഷാ ക്രമീകരണങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നുസ്രത്ത് ജഹാൻ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.'സിനിമാ ഷൂട്ടിങ്ങിനായി ഒക്ടോബർ 16 വരെ ലണ്ടനിൽ തുടരും. എനിക്കു നേരെയുള്ള ഭീഷണി വളരെ ഗുരുതരമാണ്. മാനസികാരോഗ്യത്തെ ബാധിച്ചു തുടങ്ങി. അടിയന്തര പൊലീസ് സംരക്ഷണം ആവശ്യമാണ്' യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർക്ക് അയച്ച കത്തിൽ നുസ്രത്ത് ജഹാൻ അറിയിച്ചു.

'പ്രഫഷനൽ ആവശ്യത്തിനായി രണ്ടു ദിവസം മുമ്പാണ് ലണ്ടനിലെത്തിയത്. ഇവിടെയെത്തിയ ശേഷം ഇന്ത്യയിലെയും അയൽരാജ്യത്തിലെയും ചിലരിൽനിന്നു സമൂഹമാധ്യമ പേജുകൾ വഴി വധഭീഷണി ലഭിച്ചു. ലണ്ടനിലെ താമസക്കാലത്ത് അടിയന്തര പൊലീസ് സംരക്ഷണം വേണം. ആവശ്യമായ ക്രമീകരണം നടത്താൻ അഭ്യർത്ഥിക്കുന്നു.' കത്തിൽ നടി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. 'നിങ്ങളുടെ മരണസമയം അടുത്തിരിക്കുന്നു' തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ട്രോളുകളുടെ സ്‌ക്രീൻഷോട്ടും കത്തിനൊപ്പം നൽകിയിട്ടുണ്ട്.
ബംഗാളിൽ ദുർഗാപൂജയ്ക്കു തുടക്കം കുറിക്കുന്ന മഹാലയ ആഘോഷവേളയിലാണ് 'മഹിഷാസുരമർദിനി'യുടെ വേഷമിട്ട ചിത്രം നടി സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചത്.

സെപ്റ്റംബർ 16, 19 തീയതികളിലായി പോസ്റ്റ് ചെയ്ത ഫോട്ടോയുടെയും വിഡിയോയുടെയും പേരിലാണു ഭീഷണിയെന്നു നടിയുടെ ഓഫിസ് അറിയിച്ചു. ബംഗാൾ സർക്കാരുമായും വിദേശകാര്യ മന്ത്രാലയവുമായും സംസാരിച്ചിട്ടുണ്ടെന്നും അധിക സുരക്ഷയുടെ ഭാഗമായി ലണ്ടനിലെ ഇന്ത്യൻ എംബസി നടപടി സ്വീകരിച്ചതായും നടിയോട് അടുത്തവൃത്തങ്ങൾ പറഞ്ഞു. പരസ്യ ഫോട്ടോഷൂട്ടിന്റെ വിഡിയോയും ഫോട്ടോയുമാണു നടി പങ്കുവച്ചത്. ദുർഗാദേവിയായി വസ്ത്രം ധരിച്ച്, ത്രിശൂലം കയ്യിലേന്തിയുള്ള ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ ഇന്ത്യയിൽനിന്നും ബംഗ്ലാദേശിൽനിന്നും ഭീഷണികൾ വന്നുതുടങ്ങിയെന്നാണു പരാതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP