Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കലാമിന്റെ അന്ത്യാഭിലാഷത്തിന് വിലകൽപ്പിച്ചു കേരളം; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സർക്കാർ ഓഫീസുകൾക്കോ അവധിയില്ല; സിബിഎസ്ഇ സ്‌കൂളുകൾക്ക് അവധി; രാജകീയ വിടവാങ്ങൽ നാളെ ജന്മദേശമായ രാമേശ്വരത്ത്: ആദരാജ്ഞലികൾ അർപ്പിക്കാൻ ലോകം ഒരുമിക്കും

കലാമിന്റെ അന്ത്യാഭിലാഷത്തിന് വിലകൽപ്പിച്ചു കേരളം; ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ സർക്കാർ ഓഫീസുകൾക്കോ അവധിയില്ല; സിബിഎസ്ഇ സ്‌കൂളുകൾക്ക് അവധി; രാജകീയ വിടവാങ്ങൽ നാളെ ജന്മദേശമായ രാമേശ്വരത്ത്: ആദരാജ്ഞലികൾ അർപ്പിക്കാൻ ലോകം ഒരുമിക്കും

ന്യൂഡൽഹി/തിരുവനന്തപുരം: മുൻരാഷ്ട്രപതി എപിജെ അബ്ദുൾകലാമിന്റെ അന്ത്യാഭിലാഷത്തിന് സംസ്ഥാന സർക്കാർ വിലകൽപ്പിച്ചു. രാഷ്ട്രനേതാക്കൾ മരിക്കുമ്പോൾ അവധിപ്രഖ്യാപിച്ചിരുന്ന പതിവ് കലാം വിടവാങ്ങുമ്പോൾ കേരളം തെറ്റിക്കുകയായിരുന്നു. അത് അദ്ദേഹത്തോടുള്ള ആദരസൂചകമായിട്ടാണ്. താൻ മരപ്പെടുമ്പോൾ സ്‌കൂളുകൾക്ക് അവധി നൽകരുത് എന്നതായിരുന്നു കലാം ആഗ്രഹിച്ചിരുന്നത്. ഇത് കണക്കിലെടുത്ത സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആദ്യം അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിൻവലിച്ചു. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ദുഃഖാചരണം ഉണ്ടായിരിക്കുമെന്ന് സർക്കാർ അറിയിച്ചു.

''ഞാൻ മരിച്ചാൽ അവധി പ്രഖ്യാപിക്കരുത്. എന്നെ സ്‌നേഹിക്കുന്നെങ്കിൽ അവധിക്കു പകരം ഒരു ദിവസം അധികം ജോലി ചെയ്യുക'' എന്ന് ഡോ. അബ്ദു!ൽ കലാം പറഞ്ഞിരുന്നു. അതേസമയം കേരള സിബിഎസ്ഇ സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷനു കീഴിലുള്ള സ്‌കൂളുകൾക്ക് ഇന്ന് അവധിയായിരിക്കുമെന്ന് അസോസിയേഷൻ അറിയിച്ചു.

അതേസമയം രാമേശ്വരത്തെ തെരുവുകളിൽ നിന്നും ഇന്ദ്രപ്രസ്ഥത്തിലേക്ക് ചുവടുവച്ച കലാമിന്റെ അന്ത്യവിശ്രമം നാളെ ജന്മനാട്ടിൽ തന്നെ ടക്കും. രാജ്യത്തിന് പുതിയ ദിശാബോധം സമ്മാനിച്ച കലാമിന് അന്തിമോപചാരം അർപ്പിക്കാൻ ലോകം ഒരുമിക്കുമെന്ന കാര്യം ഉറപ്പാണ്. പ്രധാനമന്ത്രിയുൾപ്പെടെയുള്ളവർ കബറടക്കത്തിൽ പങ്കെടുക്കും. കർണാടകത്തിലായിരുന്ന രാഷ്ട്രപതി പ്രണബ് മുഖർജി പരിപാടികൾ റദ്ദാക്കി ഡൽഹിക്കു മടങ്ങി. രാമേശ്വരത്ത് കബറടക്കം നടത്തണമെന്ന് കലാമിന്റെ ബന്ധുക്കൾ അഭ്യർത്ഥിച്ചിരുന്നു.

ജീവിതത്തിൽ വലിയ സ്വപ്നങ്ങൾ കാണാൻ അബ്ദുൽ കലാമിനെ പഠിപ്പിച്ച മണ്ണാണ് രാമേശ്വരം. കലാം ജനിച്ചതും പഠിച്ചതും ഇവിടെയായിരുന്നു. രാമേശ്വരത്തെ ശിവക്ഷേത്രത്തിനു സമീപമുള്ള മോസ്‌ക് സ്ട്രീറ്റിൽ ചുണ്ണാമ്പുകല്ലും ഇഷ്ടികയുംകൊണ്ടു നിർമ്മിച്ച പഴയൊരു വീട്ടിലാണ് 1931ൽ എ.പി.ജെ. അബ്ദുൽ കലാം ജനിച്ചത്. ബോട്ടുടമയായ എ.പി. ജൈനുലാബ്ദീന്റെ മകനായി ജനിച്ച അബ്ദുൽ പിന്നീടു തമിഴ്‌നാടിന്റെ റോക്കറ്റ് വിജ്ഞാനിയായി. ഭാരതത്തിന്റെ സ്വപ്നങ്ങൾ ആകാശത്തോളമുയർത്തി. രാമേശ്വരം സന്ദർശിക്കുന്നവർ ഇപ്പോഴും കലാമിന്റെ വീടു തേടിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ കബറടക്കം രാമേശ്വരത്ത് വേണമെന്ന് ബന്ധുക്കൾ നിർബന്ധം പിടിച്ചത്.

രാമേശ്വരത്തുനിന്നു രാജ്യത്തിന്റെ മിസൈൽ പദ്ധതിയിലേക്കും അവിടെനിന്ന് രാഷ്ട്രപതി ഭവനിലേക്കും വളർന്നപ്പോഴെല്ലാം കുട്ടിക്കാലം കലാമിന്റെ കൂടെയുണ്ടായിരുന്നു. മത്സ്യബന്ധനത്തിനു പോകുന്നവർക്കു ചെറുബോട്ടുകൾ വാടകയ്ക്കു കൊടുത്തു വരുമാനമാർഗം കണ്ടെത്തിയിരുന്ന ജൈനുലാബ്ദീന്റെയും ആഷിയാമ്മയുടെയും ഇളയ മകനായിരുന്നു കലാം. സ്‌കൂളിൽ പഠിക്കുന്ന കാലത്തു വീട്ടിൽ വൈദ്യുതിയുണ്ടായിരുന്നില്ല. രാത്രി ഏഴുമുതൽ ഒൻപതുവരെ മണ്ണെണ്ണവിളക്കാണു വെളിച്ചമെത്തിച്ചിരുന്നത്. ഇളയ മകനായതുകൊണ്ട് അമ്മ എപ്പോഴും കലാമിനോടു കൂടുതൽ സ്‌നേഹം കാണിച്ചിരുന്നു. തനിക്കു പ്രത്യേകമായി അമ്മ ഒരു ചെറിയ മണ്ണെണ്ണവിളക്കു തന്നിരുന്നുവെന്ന് കലാം പിൽക്കാലത്തു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു രാത്രി വൈകിയും പഠിക്കാൻ സാധിച്ചിരുന്നു.

അഹമ്മദ് ജലാലുദീനായിരുന്നു കലാമിന്റെ നാട്ടിലെ അടുത്ത സുഹൃത്ത്. പ്രായത്തിൽ പതിനഞ്ചു വയസിന്റെ മൂപ്പെങ്കിലും അടുത്ത സൗഹൃദം. അക്കാലത്ത് രാമേശ്വരത്ത് ഇംഗ്ലിഷ് അറിയാമായിരുന്ന വ്യക്തിയായിരുന്നു ജലാലുദീൻ. ശാസ്ത്രനേട്ടം, വൈദ്യശാസ്ത്രം എന്നിവയെക്കുറിച്ച് കലാമിന് അക്കാലത്ത് അറിവു പകർന്നിരുന്നത് ജലാലുദീനായിരുന്നു.

കലാമിന്റെ മൃതദേഹം ഷില്ലോങ്ങിൽ നിന്ന് ഇന്നു രാവിലെ ഹെലികോപ്റ്ററിൽ ഗുവാഹത്തിയിലെത്തിക്കും. അവിടെ നിന്ന് ഡൽഹിയിൽ കൊണ്ടുവന്ന് രാജാജി മാർഗിലെ 10ാം നമ്പർ വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. അദ്ദേഹത്തോടുള്ള ആദരസൂചകമായി കേന്ദ്രസർക്കാർ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.

ഐഐഎമ്മിൽ നിന്ന് ആശുപത്രിയിലെത്തിക്കുമ്പോൾ തന്നെ മുൻ രാഷ്ട്രപതിയുടെ ജീവൻ നഷ്ടപ്പെട്ട നിലയിലായിരുന്നുവെന്നു ബഥനി ആശുപത്രിയുടെ ഡയറക്ടർ ജോൺ സാലിയോ റിന്താത്തിയാങ് പറഞ്ഞു. ഷില്ലോങ്ങിലെ സൈനിക യൂണിറ്റിൽ നിന്ന് ഡോക്ടർമാർ എത്തിയെങ്കിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP