Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേസിലെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ്, അക്ഷയ് താക്കൂർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷ സ്റ്റേ ചെയ്തത് ഇന്നലെ; നാല് പേരെയും തൂക്കിലേറ്റാൻ വിധിച്ചത് ഫെബ്രുവരി ഒന്നിന്; നിർഭയ കേസിൽ വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

കേസിലെ പ്രതികളായ വിനയ് ശർമ്മ, മുകേഷ് സിങ്, അക്ഷയ് താക്കൂർ, പവൻ കുമാർ ഗുപ്ത എന്നിവരുടെ വധശിക്ഷ സ്റ്റേ ചെയ്തത് ഇന്നലെ; നാല് പേരെയും തൂക്കിലേറ്റാൻ വിധിച്ചത് ഫെബ്രുവരി ഒന്നിന്; നിർഭയ കേസിൽ വിനയ് ശർമ്മയുടെ ദയാഹർജിയും രാഷ്ട്രപതി തള്ളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സുപ്രീം കോടതി വധശിക്ഷ വിധിച്ച നിർഭയ കൂട്ട ബലാൽസംഗ കേസിലെ നാലു പ്രതികളിലൊരാളായ വിനയ് ശർമ സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി.ഫെബ്രുവരി ഒന്നിന് വധശിക്ഷ നടപ്പാക്കാനിരിക്കെയാണ് വിനയ് ശർമ ദയാഹർജി സമർപ്പിച്ചത്.ദയാഹർജിയെത്തുടർന്നു വധശിക്ഷ നടപ്പാക്കാനുള്ള വാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തിരുന്നു.വെള്ളിയാഴ്ച രാത്രിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഷ്ട്രപതിക്ക് ഹർജി കൈമാറിയത്. ദയാഹർജിക്കൊപ്പം അത് തള്ളണമെന്ന ശിപാർശയും ആഭ്യന്തര മന്ത്രാലയം സമർപ്പിച്ചിരുന്നു.

കേസിൽ ഇനി രണ്ട് പ്രതികളാണ് രാഷ്ട്രപതിക്ക് മുമ്പാകെ ദയാഹർജി നൽകാനുള്ളത്. അക്ഷയ് സിങ്, പവൻ കുമാർ എന്നിവർക്കാണ് ദയാഹർജി നൽകാൻ സാധിക്കുക. കേസിലെ മറ്റൊരു പ്രതിയായ പവൻഗുപ്തക്ക് സുപ്രീംകോടതി മുമ്പാകെ തിരുത്തൽ ഹർജിയും നൽകാം. പ്രതികൾ ഹർജികളുമായി മുന്നോട്ട് പോയാൽ ഈ നിയമനടപടികൾ പൂർത്തിയായതിന് ശേഷമാവും വധശിക്ഷ നടപ്പാക്കുക. നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് ധർമേന്ദർ ആണ് തുറന്ന കോടതിയിൽ വിധി വായിച്ചത്.

വിധി നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ നിർണായകമായ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്.ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്ക് നാല് പ്രതികളെ ഒന്നിച്ച് തൂക്കിലേറ്റണമെന്നായിരുന്നു മരണവാറണ്ട്. വധശിക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിഹാർ ജയിലിൽ ഡമ്മികളെ തൂക്കിലേറ്റിയിരുന്നു.കേസിലെ പ്രതിയായ മുകേഷ് സിങ് നൽകിയ ദയാഹരജി ജനുവരി 17ന് രാഷ്ട്രപതി തള്ളിയിരുന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ മുകേഷ് സിങ് നൽകിയ ഹരജി സുപ്രീംകോടതിയിലും തള്ളി.

2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിനിമ കണ്ടു താമസ സ്ഥലത്തേക്കു മടങ്ങാൻ ബസ് കാത്തിരിക്കുകയായിരുന്നു ഫിസിയോതെറപ്പി വിദ്യാർത്ഥിനി.പതിവു സർവീസ് നടത്തുന്ന ബസാണെന്നു കരുതി പെൺകുട്ടിയും സുഹൃത്തും കയറിയത്. തുടർന്ന് ബസിലുണ്ടായിരുന്ന ആറു പേർ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ ഗുപ്ത (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.

നിർഭയ കേസിലെ പ്രതികളെ വധശിക്ഷയ്ക്ക് വിധിച്ചുവെങ്കിലും തൂക്കിലേറ്റൽ നടക്കില്ലെന്ന് പ്രതികളുടെ അഭിഭാഷകനായി എ.പി. സിങ്ങ് പറഞ്ഞിരുന്നതായി നിർഭയയുടെ അമ്മ ആശാ ദേവി. വധശിക്ഷയ്ക്ക് വിധിച്ച നിർഭയ കേസിലെ പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിന് പിന്നാലെ പൊട്ടിക്കരഞ്ഞുകൊണ്ട് പ്രതികരിക്കുയായിരുന്നു അവർ.'കുറ്റവാളികൾക്ക് മുമ്പിൽ സർക്കാറും കോടതിയും തലകുനിക്കുകയാണ്. രാവിലെ 10 മണി മുതൽ കോടതി വരാന്തയിലിരിക്കുന്നുണ്ട്. ഈ കൊടും കുറ്റവാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാനാണ് കോടതി ആഗ്രഹിക്കുന്നുവെങ്കിൽ, പിന്നെ എന്തിനാണ് ഇത്രയും സമയം എടുക്കുന്നത്? എന്തിനാണ് ഞങ്ങൾക്ക് ഇത്രയും പ്രതീക്ഷ നൽകിയത് ? എന്തിന് ഞങ്ങളെ ഇത്രയും സമയം പ്രതീക്ഷ നൽകി വീട്ടിലേക്ക് അയക്കാതെ ഞങ്ങളെ ഇവിടെ ഇരുത്തി?' -ആശാ ദേവി പ്രതികരിച്ചു.

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാൻ ചുമതലപ്പെടുത്തിയ ആരാച്ചാർ പവൻ ജല്ലാദ് വ്യാഴാഴ്ച തിഹാർ ജയിലിലെത്തി റിപ്പോർട്ട് ചെയ്തിരുന്നു. നിർഭയ പ്രതികളുടെ ശിക്ഷ നടപ്പാക്കാൻ തയ്യാറാണെന്നും പ്രതികളെ തൂക്കിലേറ്റുന്നതിൽ മനസ്താപമില്ലെന്നും നേരത്തെ ആരാച്ചാർ പവൻ ജല്ലാദ് വ്യക്തമാക്കിയിരുന്നു. നാല് പ്രതികളും വധശിക്ഷ അർഹിക്കുന്നവരാണെന്നും ഇതുപോലുള്ള ക്രൂരകൃത്യങ്ങൾക്ക് വധശിക്ഷ തന്നെയാണ് മറുപടിയെന്നും പവൻ ജല്ലാദ് തുറന്ന് പറഞ്ഞിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP