Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടോൾ പ്‌ളാസകളിൽ തിരക്കുണ്ടെങ്കിലും ടോൾ നൽകണമെന്നത് നിർബന്ധം; ക്യൂവിൽ വാഹനങ്ങൾ കൂടുതൽ ഉണ്ടെങ്കിലും ട്രാക്ക് തുറന്നുവിടേണ്ട കാര്യമില്ലെന്നും ദേശീയ പാതാ അഥോറിറ്റി; പാലിയേക്കര ടോൾ വിഷയത്തിൽ വിശദീകരണമെന്ന നിലയിൽ ജനവിരുദ്ധ വിജ്ഞാപനം പുറത്തിറക്കിയതിൽ വലിയ പ്രതിഷേധം

ടോൾ പ്‌ളാസകളിൽ തിരക്കുണ്ടെങ്കിലും ടോൾ നൽകണമെന്നത് നിർബന്ധം; ക്യൂവിൽ വാഹനങ്ങൾ കൂടുതൽ ഉണ്ടെങ്കിലും ട്രാക്ക് തുറന്നുവിടേണ്ട കാര്യമില്ലെന്നും ദേശീയ പാതാ അഥോറിറ്റി; പാലിയേക്കര ടോൾ വിഷയത്തിൽ വിശദീകരണമെന്ന നിലയിൽ ജനവിരുദ്ധ വിജ്ഞാപനം പുറത്തിറക്കിയതിൽ വലിയ പ്രതിഷേധം

ന്യൂഡൽഹി: ടോൾ പ്‌ളാസകൾ യാത്രക്കാരെ പിഴിയുന്നതിനിടയിൽ ടോളുകാരെ ന്യായീകരിച്ചുകൊണ് ദേശീയ പാതാ അഥോറിറ്റിയുടെ പ്രത്യേക വിജ്ഞാപനം. ടോൾ പ്‌ളാസകളിൽ എത്രയ്ക്ക് തിരക്കുണ്ടെങ്കിലും ടോൾ പിരിവ് നിർബന്ധമാണെന്നു വ്യക്തമാക്കിയാണ് അഥോറിറ്റിയുടെ വിജ്ഞാപനം.

ടോൾ ഗേറ്റുകളിൽ തിരക്കുണ്ടെങ്കിലും ടോൾ നിർബന്ധമാണെന്നും ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും പറഞ്ഞാണ് പുതിയ വിജ്ഞാപനം. പാലിയേക്കര ടോൾ പ്‌ളാസയുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തിൽ വിശദീകരണമെന്ന മട്ടിൽ പുതിയ വിജ്ഞാപനം എൻഎച്ച്എഐ പുറത്തിറക്കിയിരിക്കുന്നത്. ക്യൂവിൽ വാഹനങ്ങൾ കൂടുതൽ ഉണ്ടെങ്കിലും ട്രാക്ക് തുറന്നുവിടേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അഞ്ച് വാഹനങ്ങളിൽ കൂടുതൽ ഒരു ട്രാക്കിൽ ഉണ്ടെങ്കിലും തുറന്ന് വിടണമെന്ന് നിയമമില്ലെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്. പാലിയേക്കര ടോൾ പ്ലാസയിൽ തിരക്ക് വർധിച്ച സാഹചര്യത്തിൽ അഞ്ച് വാഹനങ്ങളിൽ കൂടുതൽ ട്രാക്കിലുണ്ടെങ്കിൽ തുറന്നുവിടണമെന്ന് വാദം ഉയർന്നിരുന്നു ഇക്കാര്യം ആവശ്യപ്പെട്ട് ചില സംഘടനകളും രംഗത്തുവന്ന സാഹചര്യത്തിലാണ് ടോൾ കമ്പനിക്ക് അനുകൂലമാകുന്ന വിധത്തിൽ ദേശീയ പാത അഥോറിറ്റിയുടെ വിജ്ഞാപനം വന്നിരിക്കുന്നത്.

ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാനാണ് വിജ്ഞാപനം ഇറക്കുന്നതെന്നാണ് വ്യക്തമാക്കുന്നതെങ്കിലും ഫലത്തിൽ എൻഎച്ച് എഐയുടെ വിജ്ഞാപനം ടോൾ പിരിവുകാർക്ക് കുടപിടിക്കുന്നതാണ്. തിരക്കുണ്ടെങ്കിൽ ടോൾ വേണ്ട എന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിൽ പാലിയേക്കര ടോൾ പ്‌ളാസയിലുൾപ്പെടെ അടുത്തകാലത്ത് വൻ പ്രക്ഷോഭങ്ങളും ജനങ്ങളുടെ പ്രതിഷേധവും അരങ്ങേറിയിരുന്നു. മണിക്കൂറുകൾ ക്യൂനിൽക്കേണ്ട ഗതികേട് ചൂണ്ടിക്കാണിച്ച് നിരവധി പേർ രംഗത്തെത്തുകയും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു.

ഇതിനിടെയാണ് ടോൾ പിരിവിനെ ന്യായീകരിച്ചും ക്യൂ നീണ്ടാലും ടോൾ പിരിവ് നടക്കുമെന്നും വ്യക്തമാക്കി ദേശീയപാതാ അഥോറിറ്റി തന്നെ വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കുമെന്ന വിലയിരുത്തലുകളും ഇതോടൊപ്പം വന്നുകഴിഞ്ഞു.

പാലിയേക്കരയിൽ നടക്കുന്നത് പകൽക്കൊള്ള തന്നെ

മണ്ണൂത്ത്ി-അങ്കമാലി ദേശീയപാതയിലുള്ള പാലിയേക്കര ടോളിൽ നടക്കുന്നത് പകൽക്കൊള്ളയാണെന്നും ഇതിനകം തന്നെ മുടക്കിയ പണത്തിന്റെ സിംഹഭാഗവും പിരിച്ചെടുത്തുകഴഞ്ഞെന്നും റിപ്പോർട്ടുകൾ വന്നത് അടുത്തിടെയാണ്. ബി.ഒ.ടി ( നിർമ്മിക്കുക, നടത്തുക, കൈമാറുക ) അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ മിക്ക ദേശീയ പാതകളും നിർമ്മിക്കുക. നിർമ്മാണത്തിന്റെയും നടത്തിപ്പിന്റെയും ചെലവ് ജനങ്ങളിൽ പിഴിഞ്ഞെടുക്കാൻ കമ്പനികൾക്ക് 18 വർഷമാണ് നേതാക്കൾ നൽകുന്നത്. അങ്ങനെ നേതാക്കന്മാർ ഒപ്പിട്ട ഒരു കരാർ ആയിരുന്നു പാലിയേക്കര.

മൂന്നു വർഷം കൊണ്ട് 328 കോടിയാണ് പിരിച്ചെടുത്തത്. ഇനി പിരിക്കാനുള്ളത് 15 വർഷങ്ങൾ. ഇത് ഔദ്യോഗിക കണക്കാണ്. യഥാർഥ കണക്കക്കുകൾ ഇതിന്റെ ഇരട്ടിയോളം വരുമെന്നതിൽ ഒട്ടും അതിശയോക്തി തോന്നേണ്ട കാര്യമില്ലെന്നതാണ് സ്ഥിതി. മണ്ണൂത്തി-അങ്കമാലി നാലുവരി ദേശീയപാതയുടെ നിർമ്മാണത്തിന് ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ എന്ന കമ്പനിക്ക് ആകെ ചെലവായത് 312.80 കോടിയാണ്. മൂന്നുവർഷം കൊണ്ട് ഈ തുക കമ്പനിക്ക് ലഭിച്ചു കഴിഞ്ഞു. ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് ഈ പാതയുടെ നിർമ്മാണത്തിന്റെ പേരിൽ കേരളത്തിലെ സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നും കമ്പനിയിലേക്ക് ഒഴുകാൻ പോകുന്നത് ഔദ്യോഗിക കണക്കുകൾ പ്രകാരം 1700 കോടിയിലധികം രൂപയാണ്. ചുരുക്കം പറഞ്ഞാൽ മുടക്കിയതിന്റെ ആറോ ഏഴോ ഇരട്ടി തുകയാണ് ലഭിക്കാൻ പോകുന്നത്. കാര്യങ്ങൾ ഇങ്ങനെയായിരിക്കെയാണ് ടോൾ പിരിവിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയപാതാ അഥോറിറ്റി തന്നെ ടോളുകാർക്ക് പച്ചക്കൊടി കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

പരസ്യവും രഹസ്യവുമായ കണക്കുകൾ ധാരാളമുള്ള കേരളത്തിൽ പാലിയേക്കര ടോളിൽ നിന്ന് പിരിക്കുന്ന ടോളിന്റെ യഥാർഥ കണക്ക് 328 കോടി എന്നത് ഇരട്ടിയിലേക്ക് കടക്കും.അപ്പോൾ ഇനിയുള്ള 15 വർഷങ്ങൾ കൊണ്ട് കമ്പനി ജനങ്ങളിൽ നിന്ന് പിരിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന ചോദ്യം ഇനിയും ഉത്തരം കണ്ടെത്താനാകാത്തതാണണെന്ന വിമർശനവും ഉയരുന്നു. ഇതിനിടയിലാണ് ഇപ്പോൾ ടോളുകാർക്ക് അനുകൂലമായി ദേശീയ പാതാ അഥോറിറ്റി തന്നെ രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP