Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202428Tuesday

മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

മോദിയുടെ വിവാദപ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ചു; രാജസ്ഥാനിലെ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും പ്രതികരണം; ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി

മറുനാടൻ മലയാളി ബ്യൂറോ

ജയ്പുർ: ബൻസ്വാഡയിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാർത്താ ചാനലിനോട് പ്രതികരിച്ച ബിജെപി ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റിനെ പുറത്താക്കി. ബികാനേർ ബിജെപി. ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡന്റ് ഉസ്മാൻ ഗനിയെയാണ് ആറുവർഷത്തേക്ക് പുറത്താക്കിയത്. സ്വകാര്യ വാർത്താചാനലിനോട് സംസാരിക്കവെ, പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തെ ഉസ്മാൻ ഗനി അപലപിച്ചിരുന്നു.

രാജസ്ഥാനിലെ 25 സീറ്റുകളിൽ നാലു സീറ്റിൽവരെ ബിജെപി. പരാജയപ്പെട്ടേക്കുമെന്നും ഗനി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, മാധ്യമങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കുന്നതെന്ന് ബിജെപി. സംസ്ഥാന അച്ചടക്കസമിതി അധ്യക്ഷൻ ഓംകാർ സിങ് ലഖാവത്തിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐ. റിപ്പോർട്ട് ചെയ്തു. ഗനിയുടെ നടപടി അച്ചടക്കലംഘനമാണെന്നും പാർട്ടിയുടെ പ്രഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങൾക്കിടയിൽ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബൻസ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. പ്രസംഗത്തിനെതിരെ കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

'നേരത്തേ അവർ (കോൺഗ്രസ്) അധികാരത്തിൽ വന്നപ്പോൾ, രാജ്യത്തിന്റെ പൊതുസ്വത്തിൽ ആദ്യ അവകാശം മുസ്ലിങ്ങൾക്കാണെന്ന് പറഞ്ഞിരുന്നു. അതിനർഥം അവർ ഈ സ്വത്തുക്കൾ കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറ്റക്കാർക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങൾ കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാർക്ക് നൽകാമോ? 'അമ്മമാരുടെയും മക്കളുടെയും കൈവശമുള്ള സ്വർണത്തിന്റെ കണക്ക് എടുക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ പറയുന്നുണ്ട്. ഈ സ്വർണം വിതരണംചെയ്യുമെന്നാണ് അവർ പറയുന്നത്. മന്മോഹൻ സർക്കാർ പറഞ്ഞത് മുസ്ലിങ്ങൾക്കാണ് പൊതുസ്വത്തിൽ ആദ്യാവകാശമെന്നാണ്. സഹോദരീ സഹോദരന്മാരേ, ഈ നഗരനക്‌സലുകൾ എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാലപോലും വെറുതേവിടില്ല', എന്നായിരുന്നു മോദിയുടെ പ്രസംഗം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP