- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ ഗാന്ധി റാഞ്ചിയിലെ ഇന്ത്യ മുന്നണി റാലിയിൽ പങ്കെടുക്കുന്നില്ല
റാഞ്ചി: ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ രാഹുൽ ഗാന്ധിയില്ലാതെ ഇന്ത്യ മുന്നണി ജാർഖണ്ഡ് റാലിക്ക് തുടക്കമായി. റാലി തുടങ്ങാൻ അൽപസമയം മാത്രം ബാക്കി നിൽക്കെ മുതിർന്ന കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ലെന്ന വിവരം അറിയിച്ചത്. ശാരീരികമായി സുഖമില്ലാത്തതിനാലാണ് രാഹുൽ പങ്കെടുത്താത്തത് എന്നും ജയ്‌റാം രമേശ് അറിയിച്ചിരുന്നു.
എന്നാൽ രാഹുലിന്റെ അസാന്നിധ്യം തികച്ചും സാങ്കേതികമാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ റാലിക്ക് നേതൃത്വം നൽകി മുൻനിരയിലുണ്ടാകുമെന്നും ജയ്‌റാം രമേശ് അറിയിച്ചിട്ടുണ്ട്. സത്‌നയിലും റാഞ്ചിയിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താൻ രാഹുൽ എല്ലാ തയ്യാറെടുപ്പും എടുത്തിരുന്നു, എന്നാൽ പെട്ടെന്ന് വയ്യായ്മ അനുഭവപ്പെട്ടതോടെ ഡൽഹിയിൽ നിന്ന് വരാൻ പറ്റാത്ത അവസ്ഥയായി എന്ന് എക്‌സിൽ ജയ്‌റാം രമേശ് പങ്കുവച്ചിരിക്കുന്നു.
റാഞ്ചിയിലെ പ്രഭാത് താര മൈതാനത്തിലാണ് റാലി നടക്കുന്നത്. രാഹുലിന്റെ അഭാവത്തിൽ മല്ലികാർജ്ജുൻ ഖർഗേ തന്നെയാണ് സംസാരിക്കുക. അരവിന്ദ് കെജ്രിവാളിന് മുമ്പ് ഇഡി അറസ്റ്റ് ചെയ്ത മറ്റൊരു മുഖ്യമന്ത്രിയാണ് ഝാർഖണ്ഡിലെ ഹേമന്ത് സോറൻ. ഈയൊരു പ്രത്യേകതയും ഝാർഖണ്ഡിൽ ഇന്ത്യ മുന്നണി ഒത്തുചേരുമ്പോൾ മറക്കരുതാത്തതാണ്. ഹേമന്ത് സോറന്റെ പാർട്ടിയായ ജെഎംഎം( ജാർഖണ്ഡ് മുക്തി മോർച്ച)യാണ് ഇന്ത്യ മുന്നണിക്ക് ഝാർഖണ്ഡിൽ ആതിഥേയത്വമൊരുക്കുന്നത്.
ഇന്ത്യ സഖ്യത്തിന്റെ ശക്തിപ്രകടനമാണു പ്രതിപക്ഷം ലക്ഷ്യമിടുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ എന്നിവരുടെ അറസ്റ്റ് ഉൾപ്പെടെയുള്ള വിഷയങ്ങൾ നേതാക്കൾ ഉന്നയിക്കും. സഖ്യം ഒറ്റക്കെട്ടായി നടത്തുന്ന രണ്ടാമത്തെ പൊതുസമ്മേളനമാണിത്. കേജ്രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചു കഴിഞ്ഞ മാസാവസാനം ഡൽഹി രാംലീലാ മൈതാനത്തായിരുന്നു ആദ്യസമ്മേളനം. സോറന്റെ ഭാര്യ കൽപനയാണു സമ്മേളനം സംഘടിപ്പിക്കാൻ മുൻകയ്യെടുത്തത്.