Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202324Sunday

സ്വത്തുക്കളും പണവും തട്ടിയെടുത്തു; അപകീർത്തിപ്പെടുത്തി; മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ മാനനഷ്ടക്കേസുമായി നവാസുദ്ദീൻ സിദ്ദീഖി; നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് താരം കോടതിയിൽ

സ്വത്തുക്കളും പണവും തട്ടിയെടുത്തു; അപകീർത്തിപ്പെടുത്തി; മുൻ ഭാര്യയ്ക്കും സഹോദരനുമെതിരെ മാനനഷ്ടക്കേസുമായി നവാസുദ്ദീൻ സിദ്ദീഖി; നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് താരം കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുൻ ഭാര്യ ആലിയ എന്ന സൈനബ് സിദ്ദീഖിക്കിനും സഹോദരൻ ശംസുദ്ദീൻ സിദ്ദീഖിനുമെതിരെ മാനനഷ്ടക്കേസുമായി ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദീഖി കോടതിയിൽ. നൂറു കോടി രൂപയാണ് മാനനഷ്ടക്കേസിൽ നഷ്ടപരിഹാരത്തുകയായി ആവശ്യപ്പെട്ടിരിക്കുന്നത്. ബോംബൈ ഹൈക്കോടതിയിലാണ് മാനനഷ്ടക്കേസ് നൽകിയിരിക്കുന്നത്.

മാർച്ച് 30ന് ജസ്റ്റിസ് റിയാസ് ചഗ്ലയുടെ ഏകാംഗ ബെഞ്ച് കേസ് പരിഗണിക്കുമെന്നാണ് വിവരം. തന്നെ അപകീർത്തിപ്പെടുത്തിക്കൊണ്ട് മുൻ ഭാര്യയും സഹോദരനും നിരന്തരം നടത്തുന്ന പരാമർശങ്ങൾ അവസാനിപ്പിക്കാൻ നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം ഇവരിൽനിന്നുള്ള രേഖാമൂലമുള്ള മാപ്പപേക്ഷയും താരത്തിന്റെ ആവശ്യത്തിലുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം നിരന്തര അധിക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും പിന്നാലെയാണ് നിയമ നടപടി സ്വീകരിച്ചത്.

2008ൽ ശംസുദ്ദീനെ ഒന്നും ആലോചിക്കാതെ തന്റെ മാനേജറായി നിയമിക്കുകയായിരുന്നവെന്ന് പരാതിയിൽ പറയുന്നു. എല്ലാ സാമ്പത്തിക ഇടപാടുകളുടെയും ചുമതല ഇയാൾക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ, പകരം തന്നെ വഞ്ചിച്ച് പണവും സ്വത്തുക്കളും തട്ടിയെടുക്കുകയാണ് ചെയ്തതെന്നും നവാസുദ്ദീൻ സിദ്ദീഖി ആരോപിക്കുന്നുണ്ട്. തട്ടിപ്പുകൾ പിടികൂടിയതോടെയാണ് സഹോദരി ആലിയയെ ഉപയോഗിച്ച് തനിക്കെതിരെ കേസ് കൊടുത്തതെന്നും ഇരുവരും ചേർന്ന് 21 കോടിയോളം രൂപ തന്നിൽനിന്ന് തട്ടിയെടുത്തിട്ടുണ്ടെന്നും താരം ആരോപിച്ചു.

ആലിയയുടെ ആരോപണങ്ങൾ പ്രതികരണവുമായി നവാസുദ്ദീൻ സിദ്ദീഖി അടുത്തിടെ രംഗത്തെത്തിയിരുന്നു. തന്റെ കുഞ്ഞുമക്കൾ കാണുമെന്ന് കരുതിയാണ് ഇത്രയും കാലം മിണ്ടാതിരുന്നതെന്നും എന്നാൽ മൗനം കാരണം താനൊരു മോശം വ്യക്തിയായി പ്രചരപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു മാസത്തിലേറെയായി മക്കളെ സ്‌കൂളിലേക്കയയ്ക്കാതെ ആലിയ തടഞ്ഞുവച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'കഴിഞ്ഞ രണ്ടു വർഷമായി 10 ലക്ഷം വീതം അവൾക്കു നൽകുന്നുണ്ട്. കുട്ടികളുമായി ദുബൈയിലേക്ക് മാറുംമുൻപ് മാസം 5-7 ലക്ഷം നൽകിയിരുന്നു. സ്‌കൂൾ ഫീസിനും മെഡിക്കൽ, യാത്ര ചെലവുകൾക്കും പുറമെയാണിത്. അവളുടെ മൂന്ന് സിനിമകൾക്ക് പണമിറക്കുകയും ചെയ്തിട്ടുണ്ട് ഞാൻ. കോടികളാണ് എനിക്ക് അതിനായി ചെലവായത്. എന്റെ കുഞ്ഞുങ്ങളുടെ അമ്മയെന്ന നിലയ്ക്ക് അവൾക്ക് ഒരു വരുമാന മാർഗം ഉണ്ടാകട്ടെ എന്നു കരുതിയായിരുന്നു ഇതെല്ലാം.'

എന്റെ കുട്ടികൾക്കു വേണ്ടി അവൾക്ക് ആഡംബര കാറുകൾ കൊടുത്തിട്ടുണ്ട്. എന്നാൽ, അതെല്ലാം വിറ്റ് പണം സ്വന്തം ആവശ്യത്തിന് ചെലവാക്കുകയാണ് ചെയ്തത്. മുംബൈയിലെ വെർസോയിൽ കുട്ടികൾക്കു വേണ്ടി കടലിന് അഭിമുഖമായി ഒരു ആഡംബര അപാർട്‌മെന്റും വാങ്ങിയിട്ടുണ്ട് ഞാൻ. കുട്ടികൾ ചെറുതായതുകൊണ്ട് ആലിയയെ അപാർട്‌മെന്റിന്റെ സഹ ഉടമയാക്കുകയും ചെയ്തു. ദുബൈയിലും കുട്ടികൾക്ക് ഒരു അപാർട്‌മെന്റ് നൽകിയിട്ടുണ്ട്. അവിടെയാണ് അവൾ സുഖമായി ജീവിക്കുന്നതെന്നും നവാസുദ്ദീൻ സിദ്ദീഖി വിവരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP